covishield

വെല്ലൂർ: യൂറോപ്പിലും ബ്രിട്ടനിലും കൊവിഡ് വാക്‌സിനായ കൊവിഷീൽഡ് സ്വീകരിച്ചവർക്ക് ഉണ്ടായതുപോലെ രക്തം കട്ടപിടിക്കുന്ന രോഗാവസ്ഥ ഇന്ത്യയിലും സംഭവിക്കാമെന്ന് വെല്ലൂർ ക്രിസ്‌ത്യൻ മെഡിക്കൽ കോളേജിലെ പ്രൊഫസറായ ഡോ. ഗഗൻദീപ് കാംഗ്. ഇതുവരെ വാക്‌സിൻ സ്വീകരിച്ചവരിൽ രക്തം കട്ടപിടിക്കുന്നതും രക്തത്തിലെ പ്ളേ‌റ്റ്‌ല‌റ്റുകൾ കുറയുന്നതുമായ 320ഓളം സംഭവങ്ങൾ ഇന്ത്യയിൽ ഉണ്ടാകാമെന്നാണ് ഡോ. ഗഗൻദീപ് മുന്നറിയിപ്പ് നൽകുന്നത്.

എന്നാൽ യൂറോപ്പിലുണ്ടായ പോലെ ഗുരുതരമായ രോഗവ്യാപനം സംഭവിച്ചാലേ ഇത്രയധികം രോഗികളുണ്ടാകൂ എന്നും അപകട സാദ്ധ്യത രാജ്യത്ത് കുറവായാൽ അത്ര എണ്ണം രോഗികളുണ്ടാകില്ലെന്നും ഡോ.ഗഗൻദീപ് പറയുന്നു. എന്നാൽ ഇത്തരത്തിൽ രക്തം കട്ടപിടിക്കുന്നതും സാധാരണമാണെന്ന് ഡോ.ഗഗൻദീപ് അഭിപ്രായപ്പെടുന്നു. പത്ത് ലക്ഷം ആളുകൾക്ക് കുത്തിവയ്‌പ്പെടുത്താൽ ഒരുമാസത്തിനകം ധാരാളം ആളുകൾക്ക് രക്തം കട്ടപിടിക്കുകയോ പക്ഷാഘാതം ഉണ്ടാകുന്നതിനോ സാദ്ധ്യതയുണ്ട്. ഹൃദയാഘാതവും പക്ഷാഘാതവും സാധാരണ ജനങ്ങൾക്ക് ഉണ്ടാകുന്നത് രക്തം കട്ടപിടിക്കുന്നതുകൊണ്ടാണെന്നും ഡോ.ഗഗൻദീപ് പറഞ്ഞു.

മസ്‌തിഷ്‌കത്തിലും വയറിന്റെ ഭാഗത്തുള‌ള രക്തധമനികളിലുമാണ് ഇത്തരത്തിൽ പ്ളേ‌റ്റ്‌ല‌റ്റ് കുറയാനും രക്തം കട്ടപിടിക്കാനും സാദ്ധ്യതയുള‌ളത്. എന്നാൽ കൊവിഷീൽഡ് വാക്‌സിൻ സ്വീകരിച്ചവർക്ക് ഉണ്ടാകുന്ന ശാരീരിക അസ്വസ്ഥതകൾ എന്തെല്ലാമെന്ന് പിന്നീട് മാത്രമേ കണ്ടെത്താനാകൂ.

ജനങ്ങൾ രോഗലക്ഷണങ്ങൾ കണ്ടാൽ മതിയായ ചികിത്സ തേടാൻ മടിക്കരുതെന്ന് ഡോ.ഗഗൻദീപ് മുന്നറിയിപ്പ് നൽകുന്നു. ഇത്തരം രോഗാവസ്ഥ കണ്ടെത്തുന്ന രാജ്യങ്ങളെല്ലാം രോഗപ്രതിരോധം മികച്ച രീതിയിൽ നിർവഹിക്കുന്നവയാണ്. വാക്‌സിൻ സ്വീകരിച്ച് നാല് മുതൽ 20 ദിവസങ്ങൾ കഴിഞ്ഞിട്ടും മാറാത്ത തലവേദനയോ, പെട്ടെന്നുണ്ടാകുന്ന ജ്വരമോ, കാഴ്‌ചയിൽ മങ്ങലോ, അടിവയ‌റ്റിൽ വേദനയോ അനുഭവപ്പെട്ടാൽ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുകയോ ആശുപത്രിയിൽ ചികിത്സ തേടുകയോ വേണം.

'ബ്രിട്ടനിൽ 30 വയസിൽ താഴെയുള‌ളവർക്ക് ആസ്‌ട്രാ സെനെക്ക വാക്‌സിൻ നൽകുന്നത് സർക്കാർ വിലക്കിയിരിക്കുകയാണ്. ഇവർക്ക് രോഗം ഗുരുതരമാകാനുള‌ള സാദ്ധ്യത വളരെ വിരളമാണ്. രോഗം പകരുന്നതും ഈ പ്രായക്കാരിൽ താരതമ്യേന കുറവാണ്.' ഡോ.ഗഗൻദീപ് കാംഗ് അഭിപ്രായപ്പെടുന്നു.