തിരുവനന്തപുരം: നഗരത്തിലെ മാലിന്യവാഹിനിയായ ആമയിഴഞ്ചാൻ തോട് ശുചീകരിക്കാൻ തുടങ്ങിയിട്ട് കാലമേറെയായി. ഇതിനായി ചെലവിട്ട തുകയും ചില്ലറയൊന്നുമല്ല. ഏറ്റവും ഒടുവിൽ തോട് നവീകരിച്ചത് കഴിഞ്ഞ വർഷം മേയ് 19നാണ്. ഇപ്പോഴിതാ മഴക്കാല പൂർവ ശുചീകരണം ലക്ഷ്യമിട്ട് ആമയിഴഞ്ചാൻ വീണ്ടും നവീകരിക്കുന്നു. ഇതിന് ഇന്നലെ മേയർ ആര്യ രാജേന്ദ്രൻ തുടക്കമിട്ടു.
മഴക്കാലത്തിന് മുമ്പേ
2019ൽ കണ്ണമ്മൂല മുതൽ ആക്കുളം വരെയുള്ള കനാലിന്റെ ഭാഗങ്ങൾ വൃത്തിയാക്കിയിരുന്നു. പിന്നീട് തമ്പാനൂരിലെ ഭാഗവും വൃത്തിയാക്കിയെങ്കിലും ഒരു വർഷം കഴിഞ്ഞപ്പോൾ മാലിന്യങ്ങൾ നിറഞ്ഞ് വീണ്ടും പഴയ അവസ്ഥയിലായി. ഒരു കോടി രൂപ ചെലവിട്ട് തമ്പാനൂർ മുതൽ പാറ്റൂർ വരെയുള്ള തോടിന്റെ ഭാഗത്തെ മാലിന്യങ്ങൾ നീക്കുകയും സംരക്ഷണവേലി സ്ഥാപിക്കുകയും ചെയ്തു. എന്നാൽ, വീണ്ടും തോട്ടിൽ മാലിന്യം നിറഞ്ഞിരിക്കുകയാണ്. ജനങ്ങൾ മാലിന്യങ്ങൾ പ്ലാസ്റ്റിക് കവറുകളിലാക്കി വലിച്ചെറിയാൻ തുടങ്ങിയതോടെ ഇവിടെ വലിയൊരു മാലിന്യക്കൂന തന്നെ രൂപപ്പെട്ടിട്ടുണ്ട്. ദുർഗന്ധം കാരണം തോടിന്റെ കരയിൽ താമസിക്കുന്നവർക്ക് വീടിട്ടിൽ നിന്ന് പുറത്തിറങ്ങാനാവാത്ത സ്ഥിതിയാണ്. മഴക്കാലമെത്തുന്നതോടെ നഗരത്തിൽ പലയിടത്തും വെള്ളപ്പൊക്കമുണ്ടാകാനും പകർച്ചവ്യാധികൾക്കും സാദ്ധ്യതയുണ്ട്. അതിനാൽ, കൂടുതൽ വേഗത്തിൽ പദ്ധതി നടപ്പാക്കുകയും തോട്ടിൽ നിന്ന് മാറ്റുന്ന മാലിന്യങ്ങൾ ശാസ്ത്രീയമായ രീതിയിൽ സംസ്‌കരിക്കുകയും വേണം. തോട്ടിൽ മാലിന്യം നിക്ഷേപിക്കുന്നവരെ പിടികൂടാൻ നഗരസഭ കാമറകൾ സ്ഥാപിച്ചെങ്കിലും ആരെയും പിടികൂടാനായിട്ടില്ല.
പ്ലാസ്റ്റിക്കും ഇറച്ചി മാലിന്യവും
ആമയിഴഞ്ചാൻ തോട്ടിലെ പ്രധാന മാലിന്യങ്ങൾ എന്നുപറയുന്നത് പ്ലാസ്റ്റിക്കും ഇറച്ചിയുടെ അവശിഷ്ടങ്ങളുമാണ്. കഴിഞ്ഞ ആഗസ്റ്റിൽ തോട് വൃത്തിയാക്കിയപ്പോൾ ലോഡ് കണക്കിന് പ്ലാസ്റ്റിക് മാലിന്യവും ചെളിയുമാണ് ഇവിടെ നിന്ന് കോരിമാറ്റിയത്. തോടിന്റെ വശത്തുണ്ടായിരുന്ന മരങ്ങളും മുറിച്ചു നീക്കിയിരുന്നു. മാലിന്യം വലിച്ചെറിയുന്നതു തടയാൻ ഉയരത്തിൽ സ്ഥാപിച്ച കമ്പിവേലികളിൽ പലതും നശിപ്പിച്ച നിലയിലാണ്.
തമ്പാനൂർ മസ്ജിദ് മുതൽ കണ്ണമ്മൂല വരെയുള്ള ഭാഗങ്ങൾ വൃത്തിയാക്കുന്നതിനുള്ള പ്രവർത്തനങ്ങളാണ് തീരുമാനിച്ചത്. മൂന്നു കോടി രൂപയാണ് ഇതിനായി നീക്കിവച്ചത്. തമ്പാനൂർ മുതൽ പാറ്റൂർ വരെയുള്ള തോടിന്റെ ഭാഗം വൃത്തിയാക്കാൻ ഒരു കോടിയും ബാക്കിയുള്ള കണ്ണമ്മൂല വരെയുള്ള ഭാഗം വൃത്തിയാക്കാൻ രണ്ടു കോടി രൂപയുമാണ് വകയിരുത്തിയത്. തമ്പാനൂർ മസ്ജിദ് മുതൽ പാറ്റൂർ വരെയുള്ള ഭാഗമാണ് ആദ്യഘട്ടത്തിൽ വൃത്തിയാക്കിയത്. തോടിന്റെ സംരക്ഷണഭിത്തിയോട് ചേർന്നു സ്ഥാപിച്ചിരുന്ന വേലികൾ ഇളക്കിമാറ്റിയാണ് ജെ.സി.ബി അടക്കമുള്ള വാഹനങ്ങൾ തോട്ടിലിറക്കി മാലിന്യം നീക്കിയത്.
കാമറ വച്ചു, പിന്നാലെ കണ്ണടച്ചു
തോട്ടിൽ മാലിന്യം തള്ളുന്നവരെ പിടികൂടാൻ പഠിച്ചപണി പതിനെട്ടും നഗരസഭാ അധികൃതർ പരീക്ഷിച്ചെങ്കിലും വിജയിച്ചില്ല. ലക്ഷങ്ങൾ മുടക്കി അഞ്ഞൂറ് സി.സി ടിവി കാമറകൾ വിവിധ ഭാഗങ്ങളിൽ സ്ഥാപിച്ചു. എന്നാൽ ദിവസങ്ങൾക്കകം കാമറകൾ തകരാറിലായി. കാമറയുടെ സഹായത്താൽ ഒരാളെപ്പോലും മാലിന്യം തള്ളിയതിന്റെ പേരിൽ അറസ്റ്റ് ചെയ്യാനുമായില്ല. തുടർന്ന് മേയറുടെ നേതൃത്വത്തിൽ 'ഈഗിൾ ഐ' സ്ക്വാഡ് രൂപീകരിച്ചു. മാലിന്യം തള്ളുന്നവർക്കെതിരെ കേസെടുത്ത് 6 മാസം വരെ ജയിലിൽ അടയ്ക്കുമെന്നും മുന്നറിയിപ്പ് നൽകി. എന്നിട്ടും മാലിന്യം നിക്ഷേപിക്കൽ നിർബാധം തുടർന്നു. പഴവങ്ങാടിയിൽ നിന്ന് തകരപ്പറമ്പ് വഴി ഉപ്പിടാംമൂട് ഭാഗത്തേക്ക് ഒഴുകുന്ന തോട്ടിൽ ടൺ കണക്കിന് മാലിന്യമാണ് കുന്നുകൂടി കിടക്കുന്നത്. മാലിന്യം സ്ഥിരമായി തള്ളുന്ന ഭാഗങ്ങളിൽ എയ്റോബിക് ബിന്നുകൾ സ്ഥാപിക്കലായിരുന്നു അടുത്തഘട്ടം. എന്നാൽ, നിറഞ്ഞുകവിഞ്ഞ ബിന്നുകളിൽ നിന്ന് മാലിന്യം നീക്കം ചെയ്യാൻ ആരും എത്തിയില്ല. ഇതോടെ വീണ്ടും മാലിന്യ നിക്ഷേപം തോട്ടിലേക്കായി.
ആമയിഴഞ്ചാൻ തോട്
കേരള ജലവകുപ്പിന്റെ ജല ശുദ്ധീകരണ പ്ലാന്റിലെ ഒഫ്സർവേറ്ററി ഹില്ലിൽ നിന്ന് ഉത്ഭവിച്ച് കണ്ണമ്മൂല വഴി ആക്കുളം കായലിൽ ചേരുന്നു. 12 കിലോമീറ്ററാണ് നീളം.