ruble

സ്വന്തം ജീവിതം കൊണ്ട് മറ്റുള്ളവർക്ക് പ്രചോദനമേകുന്ന നിരവധി വ്യക്തിത്വങ്ങൾ നമുക്ക് ചുറ്റുമുണ്ട്. ബിൾ നാഗിയും അത്തരത്തിലൊരു അപൂർവം വ്യക്തിത്വത്തിനുടമയാണ്. കലയെ ജീവനു തുല്യം സ്‌നേഹിക്കുന്ന റൂബിൾ കല കൊണ്ട് തന്നെ മനുഷ്യരിൽ മാറ്റങ്ങളുണ്ടാക്കാനുള്ള പരിശ്രമത്തിലാണ്. കലയുടെ ശക്തി തിരിച്ചറിഞ്ഞ ഇവർ ഇന്ന് അനേകരുടെ ജീവിതത്തിലെ വെളിച്ചമാണ്.

നല്ലൊരു ചിത്രകാരിയാണ് റൂബിൾ. റൂബിളിന്റെ കാൻവാസ് പ്രധാനമായും ചേരികളിലെ പൊതു ഇടങ്ങളാണ്.

മറ്റ് കലാകാരൻമാരിൽ നിന്ന് ഇവരെ വ്യത്യസ്തയാക്കുന്നതും അതു കൊണ്ടാണ്. ജനങ്ങളുമായി ആശയവിനിമയം നടത്താനുള്ളൊരു പ്രധാന ഉപാധിയായിട്ടാണ് റൂബിൾ തന്റെ ചിത്രങ്ങൾക്ക് ജീവൻ നൽകുന്നത്. റൂബിൾ കലാരംഗത്ത് സജീവമായിട്ട് ഇരുപതിലേറെ വർഷങ്ങളായി. എന്നാൽ, കലയെ ഒരു വരുമാന മാർഗമാക്കി മാത്രം കാണുന്നവർക്കിടയിൽ, മറ്റുള്ളവർക്ക് വേണ്ടി കലയെ വിനിയോഗിക്കുക എന്നതായിരുന്നു ഇവരുടെ ആഗ്രഹം. അങ്ങനെയാണ് പത്ത് വർഷങ്ങൾക്ക് മുമ്പ് റൂബിൾ നാഗി ആർട്ട് ഫൗണ്ടേഷൻ എന്ന സംഘടനയ്ക്ക് രൂപം നൽകിയത്. സമൂഹത്തിൽ ഒറ്റപ്പെട്ടവർക്ക് വേണ്ടി ഫലപ്രദമായ കാര്യങ്ങൾ ചെയ്യുക എന്നതാണ് ഈ ഫൗണ്ടേഷന്റെ ലക്ഷ്യം.

അതുകൊണ്ടുതന്നെയാണ് ചേരി പ്രദേശങ്ങൾ ഫൗണ്ടേഷന്റെ പ്രധാന കർമ്മ മേഖലയായി മാറിയത്. ഇത്തരം പ്രദേശങ്ങളിലുള്ളവർക്ക് വിദ്യാഭ്യാസം, ശുചിത്വത്തെക്കുറിച്ചുള്ള ബോധവത്ക്കരണം, സ്ത്രീകളുടെ ഉന്നമനത്തിനായുള്ള പ്രവർത്തനങ്ങൾ, ആരോഗ്യ സംരക്ഷണം, പരിസ്ഥിതി സംരക്ഷണം എന്നിവയ്‌ക്കെല്ലാം പ്രാധാന്യം നൽകിക്കൊണ്ടാണ് റൂബിൾ നാഗി ആർട്ട് ഫൗണ്ടേഷന്റെ പ്രവർത്തനങ്ങൾ നടക്കുന്നത്.

പാവപ്പെട്ട ജനങ്ങളുടെ ജീവിതരീതി മെച്ചപ്പെടുത്തുന്നതിൽ ശ്രദ്ധയൂന്നിയാണ് റൂബിൾ നാഗി ഫൗണ്ടേഷൻ സ്ഥാപിച്ചത്. ഒരു വ്യക്തിയിലൂന്നാതെ ഒരു വിഭാഗത്തിന്റെ ഉന്നമനത്തിനാണ് റൂബിളിന്റെയും കൂട്ടരുടെയും പ്രവർത്തനം. രാജസ്ഥാൻ, ഉത്തരാഖണ്ഡ്, ഉത്തർപ്രദേശ്, ന്യൂഡൽഹി തുടങ്ങി ദേശങ്ങളുടെ അതിർവരമ്പുകൾ ഭേദിച്ച് ഈ സംഘം ചിത്രരചനയിലൂടെ നാടിനെയും നാട്ടുകാരെയും നന്നാക്കാനിറങ്ങിയിരിക്കുകയാണ്.

ഇവരുടെ പ്രവർത്തനങ്ങൾക്ക് മികച്ച പ്രതികരണങ്ങളും പ്രോത്സാഹനങ്ങളുമാണ് ലഭിക്കുന്നത്. ചേരി പ്രദേശങ്ങളിലെ വീടുകളിലും ഇവർ ചുവരുകളിൽ ചിത്രം വരയ്ക്കാറുണ്ട്. ഒപ്പം വൃത്തിയുടെയും ശുചിത്വത്തിന്റെയും പ്രാധാന്യവും ഗ്രാമവാസികൾക്ക് ബോദ്ധ്യപ്പെടുത്തുന്നു. കൂടാതെ ചേരി നിവാസികൾക്ക് തൊഴിൽ സാദ്ധ്യത ഉറപ്പാക്കാനും റൂബിൾ നാഗി ഫൗണ്ടേഷൻ ശ്രമിക്കുന്നുണ്ട്.