കണ്ണൂർ: സംസ്ഥാനത്ത് കൊവിഡ് രോഗബാധ കൂടുന്നുവെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. രോഗലക്ഷണമുളളവരെ പരിശോധനയ്‌ക്ക് പ്രേരിപ്പിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. ഓരോ ജില്ലയിലും രോഗവ്യാപനം അനുസരിച്ച് ആസൂത്രണം വേണം. വാർഡുതലത്തിൽ രോഗപ്രതിരോധ നടപടികൾ സ്വീകരിക്കുമെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.
അടിയന്തരമായി കേന്ദ്രത്തോട് വാക്‌സിൻ ആവശ്യപ്പെട്ടിട്ടുണ്ട്. ആവശ്യമായ വാക്‌സിൻ കിട്ടിയിട്ടില്ലെങ്കിൽ ക്യാമ്പയിൻ ബുദ്ധിമുട്ടിലാകും. കണ്ണൂരിൽ കേസുകൾ കൂടുകയാണ്. എല്ലാ ജില്ലയിലും കാര്യങ്ങൾ തീരുമാനിക്കാൻ യോഗം ചേരും. കണ്ണൂരിലെ ആശുപത്രികളിൽ നിലവിൽ സൗകര്യങ്ങളുണ്ട്. നോൺ കൊവിഡ് ട്രീറ്റ്മെന്റിനുളള സൗകര്യങ്ങൾ കൂട്ടേണ്ടതുണ്ട്. ഇതിനായി കൂടുതൽ സ്റ്റാഫുകളെ ആവശ്യമുണ്ട്. അതിന് തിരഞ്ഞെടുപ്പ് കമ്മിഷൻ തടസമുണ്ടാക്കില്ലെന്ന് കരുതുന്നുവെന്നും കെ കെ ശൈലജ പറഞ്ഞു.
താഴെ തലത്തിലുളള കൊവിഡ് പ്രതിരോധ സമിതികൾ വീടുകളിലെത്തി വിവരങ്ങൾ അന്വേഷിക്കും. പഞ്ചായത്ത് പ്രസിഡന്റുമാരുടെ നേതൃത്വത്തിൽ ഇത് കാര്യക്ഷമമാക്കണമെന്നും ആരോഗ്യമന്ത്രി നിർദേശിച്ചു.