illustration

കൊല്ലത്ത് യു.ഡി.എഫ് ഉയിർത്തെഴുന്നേൽക്കുമോ? യു.ഡി.എഫ് എന്നാൽ കോൺഗ്രസിന്റെ ഭാവി കൂടി നിശ്ചയിക്കുന്നതാകും തിരഞ്ഞെടുപ്പ് ഫലം. ഇപ്പോൾ എൽ.ഡി.എഫിന്റെ കൈവശമുള്ള 11 സീറ്റുകളിൽ പകുതിയിലെങ്കിലും വിജയിക്കാമെന്നാണ് കോൺഗ്രസ് പ്രതീക്ഷ. ഇത് അമിത പ്രതീക്ഷയല്ലേയെന്ന് ചോദിച്ചാൽ ഡി.സി.സി പ്രസിഡന്റും കൊല്ലത്തെ യു.ഡി.എഫ് സ്ഥാനാർത്ഥിയുമായ ബിന്ദുകൃഷ്ണയുടെ മറുപടി ഇങ്ങനെ :

11 മണ്ഡലത്തിലും ഇക്കുറി യു.ഡി.എഫ് നല്ല പ്രവർത്തനം കാഴ്ചവച്ചു. പ്രവർത്തകർ ഗ്രൂപ്പ് വൈരങ്ങളും വ്യക്തിവൈരങ്ങളും മറന്ന് ആത്മാർത്ഥതയോടെ പ്രവർത്തിച്ചെന്നാണ് റിപ്പോർട്ട്. കൊല്ലം, കരുനാഗപ്പള്ളി, ചവറ സീറ്റുകളിൽ വിജയം ഉറപ്പാണ്. കുണ്ടറ, കുന്നത്തൂർ, പത്തനാപുരം എന്നിവിടങ്ങളിൽ അട്ടിമറി വിജയം നേടും."

ഏത് തിരഞ്ഞെടുപ്പ് വന്നാലും കോൺഗ്രസ് സ്ഥാനാർത്ഥികളെ കാലുവാരാൻ പുറത്തുനിന്ന് ആരും വരേണ്ടതില്ലെന്നും കോൺഗ്രസിൽത്തന്നെ അതിനായി ആവശ്യത്തിലധികം പേരും ഗ്രൂപ്പുകളും ഉണ്ടെന്നതാണ് ചരിത്രം. കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പിൽ ഇതെല്ലാം മറന്ന് പ്രവർത്തിച്ചതിനാൽ എൻ.കെ പ്രേമചന്ദ്രനും കൊടിക്കുന്നിൽ സുരേഷും വിജയിച്ചു. എന്നാൽ ഈ ആത്മവിശ്വാസത്തോടെ പിന്നാലെ വന്ന തദ്ദേശതിരഞ്ഞെടുപ്പിനെ നേരിട്ട കോൺഗ്രസിനും യു.ഡി.എഫിനും വൻ തിരിച്ചടിയാണ് നേരിട്ടത്. അസംബ്ളി തിരഞ്ഞെടുപ്പിലും ഇതാവർത്തിച്ചാൽ ജില്ലയിൽ യു.ഡി.എഫിന്റെ കാര്യം പരിതാപകരമായിരിക്കും. കൊല്ലത്തെ ചില നേതാക്കളെങ്കിലും സ്വന്തം സ്ഥാനാർത്ഥികളെ തോല്‌പിക്കാൻ ഒളിഞ്ഞും തെളിഞ്ഞും പരിശ്രമിക്കുന്നവരാണ്.

തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയായതിനെ തുടർന്ന് ഡി.സി.സി പ്രസിഡന്റ് പദം താത്‌കാലികമായി ഒഴിഞ്ഞ ബിന്ദുകൃഷ്ണ ഇന്നലെ വീണ്ടു ചുമതലയേറ്റു. ജില്ലയിലെ കെ.പി.സി.സി ഭാരവാഹിയായ പുനലൂർ മധുവിനായിരുന്നു താത്കാലിക ചുമതല. ചുമതല നൽകിയതിനു പിന്നിലും കോൺഗ്രസിലെ ഗ്രൂപ്പ് പോരാണ് പറഞ്ഞുകേൾക്കുന്നത്. എ.ഐ.സി.സി സെക്രട്ടറി കെ.സി വേണുഗോപാൽ ഇടപെട്ടാണ് പുനലൂർ മധുവിന് ചുമതല നൽകിയത്. പുനലൂർ സീറ്റ് ഇക്കുറി യു.ഡി.എഫ് ഘടകകക്ഷിയായ മുസ്ലിം ലീഗിനാണ് നൽകിയത്. ജില്ലയിൽ യോഗ്യരായ ലീഗ് നേതാക്കൾ ഇല്ലാത്തതിനാലാകാം മലപ്പുറംകാരനായ അബ്ദുൽ റഹ്മാൻ രണ്ടത്താണിയെ സ്ഥാനാർത്ഥിയാക്കിയത്. പുനലൂർ സീറ്റ് കോൺഗ്രസിന് ലഭിക്കാത്തതിനു പിന്നിലും കാരണങ്ങൾ പലതുണ്ട്. അവിടെ കോൺഗ്രസിലെ രണ്ട് പ്രബല വിഭാഗങ്ങൾക്ക് നേതൃത്വം നൽകുന്നത് പുനലൂർ മധുവും മറ്റൊരു പ്രമുഖ നേതാവായ ഭാരതീപുരം ശശിയുമാണ്. മധുവോ മധുവിന്റെ ആളോ സ്ഥാനാർത്ഥിയായാൽ ഭാരതീപുരം ശശിയുടെ ആൾക്കാർ കാലുവാരും. ഭാരതീപുരം ശശിയുടെ ആളാണെങ്കിൽ തിരിച്ചും കാലുവാരും. അതാണ് പുനലൂരിലെ കോൺഗ്രസിന്റെ രീതി. ഇപ്പോഴും അതിന് വലിയ മാറ്റം സംഭവിച്ചിട്ടില്ല. അതിനാലാണ് കോൺഗ്രസിന് ശക്തമായ വേരോട്ടമുണ്ടായിട്ടും മറ്റു കക്ഷികളിലെ സ്ഥാനാർത്ഥികൾക്ക് വോട്ടിടേണ്ട ഗതികേടാണ് പുനലൂരിലെ കോൺഗ്രസുകാർക്ക്. 2016 ൽ ലീഗ് നേതാവ് എ.യൂനുസ് കുഞ്ഞ് മത്സരിച്ചെങ്കിലും തോറ്റു. എതിരാളി സി.പി.ഐയിലെ കെ.രാജു. 2011 ൽ സി.എം.പിയ്ക്കാണ് പുനലൂർ സീറ്റ് നൽകിയത്. സാക്ഷാൽ എം.വി രാഘവൻ വന്ന് മത്സരിച്ചിട്ടും അന്നും കെ.രാജുവിനായിരുന്നു ജയം.

ഇക്കുറി രണ്ടത്താണി സ്ഥാനാർത്ഥിയായപ്പോൾ പുനലൂർ മധുവും കൂട്ടരും മുറുമുറുപ്പ് തുടങ്ങി. രണ്ടത്താണിയ്ക്കുവേണ്ടി പ്രവർത്തിക്കാൻ ഇറങ്ങുകയില്ലെന്ന് അവർ നേതൃത്വത്തെ അറിയിച്ചു. അങ്ങനെയാണ് കെ.സിവേണുഗോപാൽ ഇടപെട്ട് മധുവിന് ഡി.സി.സി പ്രസിഡന്റിന്റെ ചുമതല നൽകി തൃപ്തിപ്പെടുത്തിയത്.

ബിന്ദുകൃഷ്ണ കൊല്ലത്ത് മത്സരിച്ച് ജയിച്ചാൽ ഡി.സി.സി പ്രസിഡന്റ് സ്ഥാനത്ത് ഉറച്ചിരിയ്ക്കാമെന്നായിരുന്നു പുനലൂർ മധുവിന്റെ ഉള്ളിലിരിപ്പ്. എന്നാൽ കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ അപ്രതീക്ഷിത നീക്കം മധുവിനെ വെട്ടിലാക്കി. സംസ്ഥാനത്ത് തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ താത്കാലികമായി സ്ഥാനമൊഴിഞ്ഞ ഡി.സി.സി പ്രസിഡന്റുമാ‌ർ തിരികെ ചുമതലയേല്‌ക്കണമെന്ന മുല്ലപ്പള്ളിയുടെ നിർദ്ദേശപ്രകാരം ബിന്ദുകൃഷ്ണ ഇന്നലെയെത്തി ചുമതലയേറ്റു. ബിന്ദുകൃഷ്ണ കൊല്ലത്ത് വിജയിച്ചാൽ ഇരട്ടസ്ഥാനം വഹിക്കുന്നുവെന്ന കാരണം പറഞ്ഞ് ഡി.സി.സി പ്രസിഡന്റ് പദവി ഒഴിഞ്ഞേക്കാം. അപ്പോൾ മധുവിന് സ്ഥാനത്തേക്ക് മടങ്ങി വരാൻ കഴിയുമോ എന്നത് കണ്ടറിയണം. കാരണം ഗ്രൂപ്പ് സമവാക്യങ്ങൾ കൂട്ടിനോക്കുമ്പോൾ കൊല്ലം ഡി.സി.സി പ്രസിഡന്റ് സ്ഥാനത്തേക്ക് എ ഗ്രൂപ്പ് അവകാശവാദം ഉന്നയിക്കാം. കെ.പി.സി.സി ഭാരവാഹിയായ എ.ഷാനവാസ് ഖാനാണ് ഇതിൽ മുന്നിലുള്ളത്. തിരഞ്ഞെടുപ്പ് കാലത്ത് താത്കാലിക ചുമതല തനിക്ക് ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നയാളാണ് ഷാനവാസ് ഖാൻ. എന്നാൽ കെ.സിവേണുഗോപാലിന്റെ ഇടപെടലിൽ ഷാനവാസ് ഖാൻ ഔട്ടായി. ബിന്ദുകൃഷ്ണ ജയിച്ച് ഡി.സി.സി പ്രസിഡന്റ് സ്ഥാനമൊഴിഞ്ഞാൽ ഷാനവാസ് ഖാൻ വെറുതെ ഇരിക്കുമെന്ന് കരുതേണ്ട.

പാർട്ടി ഏതായാലും

സ്ഥാനാർത്ഥിയെ ഞങ്ങൾ തരും

കൊല്ലത്ത് ചവറ മണ്ഡലത്തിൽ 2016 മുതൽ ഇടതുമുന്നണിയിൽ അലയടിക്കുന്ന മുദ്രാവാക്യമാണിത്. 2016 ൽ എൻ.വിജയൻപിള്ള ഇവിടെ ഇടതുമുന്നണി സ്ഥാനാർത്ഥിയായത് സി.എം.പി അരവിന്ദാക്ഷൻ വിഭാഗത്തിന്റെ ആളായാണ്. സി.എം.പിക്ക് വിജയൻപിള്ളയുമായോ തിരിച്ചോ അന്നുവരെ ഒരു ബന്ധവും ഉണ്ടായിരുന്നില്ല. സി.പി.എമ്മിന്റെ 'കരുതൽ ശേഖരത്തിലുള്ള' സ്ഥാനാർത്ഥിയായിരുന്നു വിജയൻപിള്ള. ജില്ലയിൽ ഇടതുമുന്നണി സീറ്റ് വിഭജനം നടന്നപ്പോൾ ഘടകകക്ഷികൾക്കായി ചവറ സീറ്റ് നീക്കിവച്ചു. അന്ന് എൽ.ഡി.എഫിനൊപ്പമായിരുന്ന ഫോർവേഡ് ബ്ളോക്ക് ചവറ സീറ്റ് ചോദിച്ചു. ഇടതുമുന്നണി യോഗത്തിൽ ഈ ആവശ്യം സി.പി.എം അംഗീകരിച്ചപ്പോൾ ഫോർവേഡ് ബ്ളോക്ക് ജനറൽ സെക്രട്ടറി ജി.ദേവരാജൻ സന്തോഷത്താൽ മതിമറന്നു. എന്നാൽ പിന്നീടാണ് ദേവരാജന് അക്കിടി പറ്റിയത്. ചവറ സീറ്റ് ഫോർവേഡ് ബ്ളോക്കിന് നൽകും. പക്ഷേ സ്ഥാനാർത്ഥിയെ ഞങ്ങൾ തരുമെന്ന സി.പി.എം നിർദ്ദേശം കേട്ട് ദേവരാജൻ പകച്ചുപോയി. വിജയൻപിള്ളയെ ആണ് സ്ഥാനാർത്ഥിയാക്കാൻ സി.പി.എം നിർദ്ദേശിച്ചത്. നിർദ്ദേശം അംഗീകരിച്ചില്ലെന്ന് മാത്രമല്ല, ഫോർവേഡ് ബ്ളോക്ക് എൽ.ഡി.എഫിനോട് സലാം പറഞ്ഞ് യു.ഡി.എഫിലെത്തുകയും ചെയ്തു. പിന്നീടാണ് സി.എം.പിക്ക് ചവറ സീറ്റിനൊപ്പം വിജയൻപിള്ളയെന്ന സ്ഥാനാർത്ഥിയെക്കൂടി സി.പി.എം നൽകിയത്. വിജയൻപിള്ള ജയിച്ച് എം.എൽ.എ ആവുകയും ചെയ്തു. സി.എം.പി അരവിന്ദാക്ഷൻ വിഭാഗം പിന്നീട് സി.പി.എമ്മിൽ ലയിച്ചതോടെയാണ് വിജയൻപിള്ളയും സി.പി.എം എം.എൽ.എ ആയി മാറിയത്. എം.എൽ.എ ആയിരിക്കെ അന്തരിച്ച വിജയൻപിള്ളയുടെ പിൻഗാമിയായി മകൻ ഡോ. സുജിത് ആണ് ഇക്കുറി ചവറയിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി മത്സരിക്കുന്നത്.