തിരുവനന്തപുരം: സംസ്ഥാനത്ത് ഇരട്ടവോട്ട് വിവാദത്തിന് പിന്നാലെ തപാൽ വോട്ടിലെ ഇരട്ടിപ്പിനെകുറിച്ചും പ്രതിപക്ഷ നേതാവ് ആരോപണം ഉയർത്തിയിരുന്നു. ഇപ്പോഴിതാ തപാൽ വോട്ട് അച്ചടിച്ച കണക്കിലും വലിയ വർദ്ധനവെന്ന് സൂചന. ആകെ ഏഴര ലക്ഷത്തിൽ താഴെ ആവശ്യമുളളയിടത്ത് അടിച്ചത് 10 ലക്ഷത്തോളം ബാലറ്റുകൾ. ആകെ മൂന്നര ലക്ഷത്തോളം പേരുടെ വോട്ട് വീടുകളിലെത്തി രേഖപ്പെടുത്തിയെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ ഇതുവരെ അറിയിച്ചിരിക്കുന്നത്.
പോളിംഗ് ഉദ്യോഗസ്ഥരും അവശ്യ സർവീസ് വിഭാഗത്തിലുളളവരും മുഴുവൻ പേരും വോട്ട് രേഖപ്പെടുത്തിയാൽ പോലും നാല് ലക്ഷം വോട്ടിൽ കവിയില്ല. അങ്ങനെയുളള സാഹചര്യത്തിൽ 10 ലക്ഷം ബാലറ്റുകൾ അടിക്കാനിടയായ സാഹചര്യത്തെ കുറിച്ച് വ്യക്തതയില്ല. ഇങ്ങനെ ഏറ്റവുമധികം ബാലറ്റുകൾ അച്ചടിച്ച് വിതരണം ചെയ്‌തത് തിരുവനന്തപുരത്തും കൊല്ലത്തും കണ്ണൂരുമാണ്. മുഖ്യമന്ത്രി മത്സരിക്കുന്ന ധർമ്മടത്ത് 15,000 ബാലറ്റുകൾ അച്ചടിച്ചു. തലശ്ശേരിയിലും മട്ടന്നൂരും പതിനായിരത്തിൽ അധികം ബാലറ്റാണ് അച്ചടിച്ചത്. കല്യാശേരിയിൽ ഇത് 12,000 കവിഞ്ഞു.
പതിനായിരത്തിലേറെ തപാൽ ബാലറ്റുകൾ വേണ്ടിവരുന്ന മണ്ഡലങ്ങൾ ഇവയാണ് നെയ്യാറ്റിൻകര, നെടുമങ്ങാട്,വർക്കല, ചാത്തന്നൂർ, കൊല്ലം, കുണ്ടറ, ചവറ, കരുനാഗപ്പളളി, കൊട്ടാരക്കര, പുനലൂർ, ആറന്മുള, കായംകുളം, ഹരിപ്പാട്, അമ്പലപ്പുഴ എന്നീ മണ്ഡലങ്ങൾ തെക്കൻ കേരളത്തിലും പേരാമ്പ്ര, ബാലുശേരി, കുറ്റ്യാടി, ഇരിക്കൂർ, തൃക്കരിപ്പൂർ, കാഞ്ഞങ്ങാട് എന്നിങ്ങനെ വടക്കൻ കേരളത്തിലും.
വരണാധികാരികൾ നൽകുന്ന ഓർഡർ അനുസരിച്ചാണ് തപാൽ ബാലറ്റ് അച്ചടിച്ചിരുന്നത്. ഇവ വരണാധികാരികളോ, ഉപ വരണാധികാരികളോ അവരുടെ പ്രതിനിധികളോ ഏറ്റുവാങ്ങും.