എറണാകുളം പച്ചാളം കണക്കത്തറപ്പറമ്പിൽ രാമന്റെയും ലക്ഷ്മിക്കുട്ടി അമ്മയുടെയും ഇളയമകൻ കെ. ആർ. നാരായണൻകുട്ടി എസ്.ആർ.വി സ്കൂളിൽ എട്ടാം ക്ളാസിൽ പഠിക്കുകയാണ്. മിമിക്രി മത്സരത്തിന് സ്റ്റേജിൽ കയറിയാൽ പക്ഷികളുടെയും മൃഗങ്ങളുടെയും ശബ്ദം അനുകരിക്കും. പശുവിനെ കറക്കുന്നതും ദോശ ചുടുന്നതും സ്ഥിരം ഇനങ്ങൾ. സിനിമാതാരങ്ങളെ അനുകരിക്കാൻ ശ്രമിച്ചില്ല. കാരണം അതുപറ്റില്ലെന്ന് നന്നായറിയുന്ന ആള് നാരായണൻകുട്ടി തന്നെ.
പതിനെട്ടു വയസ് കഴിഞ്ഞു ആറുമാസം പിന്നിടുമ്പോൾ നാരായണൻകുട്ടിക്ക് സർക്കാർ ജോലി. അച്ഛൻ മരിച്ചതിനെ തുടർന്ന് ആശ്രിത നിയമനത്തിലാണ് ഹൈക്കോടതിയിൽ ശിപായിയുടെ ജോലി ലഭിച്ചത്. മിമിക്രിയെ കൂടെകൂട്ടി കൊച്ചിൻ കലാഭവനിൽ എത്തിയപ്പോൾ ഇഷ്ടതാരമായ കുതിരവട്ടം പപ്പുവിനെ അനുകരിക്കാൻ തുടങ്ങി. കെ. ആർ നാരായണൻകുട്ടി കലാഭവൻ നാരായണൻകുട്ടി എന്നു അറിയപ്പെട്ടു തുടങ്ങി. പകൽ ശിപായി ജോലി. രാത്രിയിൽ മിമിക്രി. 26 വർഷത്തെ അഭിനയജീവിതത്തിൽ 300 സിനിമകൾ പൂർത്തിയാക്കി യാത്ര തുടരുകയാണ്.
അഭിനയജീവിതത്തിൽ 26 വർഷങ്ങൾ. ഇപ്പോഴും 'മാനത്തെ കൊട്ടാര"ത്തിലെ മാപ്പ് വിൽപ്പനക്കാരനെയാണ് ഓർക്കുക ?
ആ സിനിമയുടെ തിരക്കഥാകൃത്ത് അൻസാർ കലാഭവൻ സുഹൃത്ത് ആണ്. ''അമ്മച്ചീ മാപ്പ് , മാപ്പ് ""എന്നു പറഞ്ഞു ഫിലോമിനചേച്ചിയുടെ വീട്ടിൽ എത്തുകയാണ് എന്റെ കഥാപാത്രം. ഫിലോമിനചേച്ചിയുടെ കഥാപാത്രത്തിന് ഭ്രാന്ത് ആണ്. ലോകം മുഴുവൻ ക്ഷമിക്കാത്ത എന്തു തെറ്റാണ് ചെയ്തെന്ന് ചോദിച്ചു മാപ്പ് പിടിച്ചു വാങ്ങി നശിപ്പിക്കുമ്പോൾ ഫിലോമിനചേച്ചിയെ സഹായിക്കാൻ മാളചേട്ടൻ എത്തുന്നു. പുള്ളിക്കും ഭ്രാന്താണ്. ദിലീപ് വന്ന് എന്നെ രക്ഷപ്പെടുത്തുന്നതാണ് സീൻ. ഒടുവിൽ ജീവിക്കാൻ ഭിക്ഷക്കാരനായി മാറുമ്പോൾ ഞാൻ ചെന്നു പെടുന്നതും ഫിലോമിനചേച്ചിയുടെ മുമ്പിൽ. ഈ ശബ്ദം നല്ല പരിചയമുണ്ടെന്ന് പറഞ്ഞു വീണ്ടും എന്നെ ആക്രമിക്കുന്നു. ഇതിനുശേഷം മൂന്നു സിനിമയിൽ കൂടി ഭിക്ഷാടകനായി അഭിനയിച്ചു. ഞാൻ വരുമ്പോൾ യഥാർത്ഥ ഭിക്ഷക്കാരനായി തോന്നുമത്രെ. 'ഒന്നു മുതൽ പൂജ്യം വരെ" ആണ് ആദ്യ ചിത്രം.
കലാഭവനിൽ എത്തിയാൽ നാളെ സിനിമ എന്ന വിശ്വാസമുണ്ടായിരുന്നില്ലേ?
ആ വിശ്വാസം എല്ലാവരുടെയും ഉള്ളിന്റെ ഉള്ളിലുണ്ട്. കലാഭവനിൽ എന്റെ പല സുഹൃത്തുക്കളുമുണ്ട്. എന്നാൽ, പ്രസാദ് ആണ് എന്നെ അവിടേക്ക് വിളിക്കുന്നത്. ഞാൻ വരുമ്പോൾ ജയറാം,സൈനുദ്ദീൻ, റഹ്മാൻ, അൻസാർ എന്നിവരുണ്ട്. ജയറാമും ഞാനും ഒരേവർഷമാണ് വന്നത്. അതിനുമുൻപ് സിദ്ധിഖും ലാലും എൻ. എഫ് വർഗീസും. ജയറാം സിനിമയിൽ അഭിനയിക്കാൻ പോയി. അപ്പോഴാണ് മണി വരുന്നത്. ജയറാമിന്റെ കൂടെ 15 ചിത്രത്തിൽ അഭിനയിച്ചു. മമ്മൂക്കയ്ക്കും ദിലീപിനൊപ്പമാണ് ഏറ്റവും കൂടുതൽ അഭിനയിച്ചത്. മോഹൻലാൽ സാറിനൊപ്പം ബാബാ കല്യാണി. മണിയുടെ കൂടെയും അഭിനയിച്ചു.
സംസാരശൈലി ആണ് നാരായണൻകുട്ടി എന്ന നടനെ പ്രിയങ്കരനാക്കുന്നത് അല്ലേ?
ആളുകൾ ഇഷ്ടപ്പെടുന്നതും പിടിച്ചുനിൽക്കാൻ കഴിയുന്നതും സംസാരശൈലിയിലെ പ്രത്യേകത കൊണ്ടാവാം. ഒന്നും മനഃപൂർവം ചെയ്യുന്നതല്ല. ജനിച്ചപ്പോൾ മുതൽ എന്റെ സംസാരം ഇങ്ങനെ ആണ്. നമസ്കാരം എന്ന് ഓരോരുത്തരും പല രീതിയിലാണ് പറയുന്നത്. എന്നാൽ എന്റെ നമസ്കാരം കൂടുതൽ ഇഷ്ടപ്പെടുന്നതായി ആളുകൾ പറയുന്നു. എന്റെ തലമുറയിൽപ്പെട്ടവർക്കും പുതുതലമുറയ്ക്കും നാരായണൻകുട്ടി എന്ന നടനെ അറിയാം.ഇതുവരെ എത്താൻ കഴിയുമെന്ന് ഒട്ടും പ്രതീക്ഷിച്ചില്ല. തമിഴിൽ ഫാസിൽ സാറിന്റെ ഒരു നാൾ ഒരു കനവ്, ഭാഗ്യരാജിന്റെ ബട്ടർജാം, തെലുങ്കിൽ റെയ്ഞ്ചർ എന്നീ ചിത്രത്തിലും അഭിനയിച്ചു.
അവതരിപ്പിച്ച സീരിയസ് വേഷങ്ങളിൽ പ്രിയപ്പെട്ടത് ?
'ലേലം" എന്ന ചിത്രത്തിലെ എം.എൽ. എ സദാശിവൻ. ഒരു മുൻ മന്ത്രിയുടെ ഛായ തോന്നും ആ കഥാപാത്രത്തിന്. 'ഊമപ്പെണ്ണിന് ഉരിയാടാപയ്യനി" ൽ വില്ലൻ വേഷത്തിൽ അഭിനയിച്ചു.എന്നാൽ പ്രേക്ഷകർക്ക് എന്നെ കണ്ടപ്പോൾ ചിരി വന്നിട്ടുണ്ടാവും. കോമഡി ചെയ്യുന്ന നടന്മാർ തമാശ മാത്രമാണ് കാട്ടുക എന്ന തോന്നൽ പ്രേക്ഷകരുടെ മനസിലുണ്ട്. അങ്ങനെ കരുതുന്നതിൽ അവരെ കുറ്റം പറയാൻ കഴിയില്ല. തെങ്കാശിപട്ടണം, പറക്കുംതളിക, കല്യാണ രാമൻ എന്നീ സിനിമകളിലെ കഥാപാത്രങ്ങളും ഇഷ്ടം.
വീട്ടിൽ കോമഡി ഉണ്ടോ?
ചിരിക്ക് പഞ്ഞമില്ല. എന്റെ അദ്ധ്വാനത്തിൽ പണികഴിപ്പിച്ചതാണ് ഭദ്ര എന്ന വീട്. കൊടുങ്ങല്ലൂർ ആണ് അമ്മയുടെ നാട്. ഭാര്യ പ്രമീള .മകൾ ഭാഗ്യലക്ഷ്മി എസ്.ബി.ഒ. എ സ്കൂളിൽ പത്താം ക്ളാസിൽ പഠിക്കുന്നു.