കുറുമ്പഭാഷയിലുള്ള ആദ്യ സിനിമയാണ് 'മ്, സൗണ്ട് ഓഫ് പെയിൻ ". ഇന്ത്യയുടെ ഓസ്കാർപ്രതീക്ഷയായ ചിത്രത്തിന്റെ സംവിധായകൻ വിജീഷ് മണി സംസാരിക്കുന്നു...
തേനീച്ചകളുടെ ആവാസവ്യവസ്ഥയെ കുറിച്ചുള്ള കഥയാണ് പറയുന്നത്. തേനീച്ചകൾ നശിച്ചുകൊണ്ടിരിക്കുകയാണ്. അവരുടെ വേദനയാണ് ഈ സിനിമ പറയുന്നത്. അത് ആലോചിച്ചപ്പോൾ ഈ ടൈറ്റിൽ ആണ് മനസിലേക്ക് വന്നത്. ഇത് പറഞ്ഞ് മനസിലാക്കാനും ബുദ്ധിമുട്ടാണ്. അതുതന്നെയാണ് തേനീച്ചകളുടെ അവസ്ഥയും. തേനീച്ചകൾ ഇല്ലാതായി കഴിഞ്ഞാൽ പിന്നീട് നാലുവർഷം കൂടിയേ മനുഷ്യന് ആയുസ് ഉണ്ടാകൂവെന്ന് ഡോ. ആൽബർട്ട് ഐൻസ്റ്റീൻ പറഞ്ഞിട്ടുണ്ട്. അതിനെ കുറിച്ച് പഠിച്ചപ്പോഴാണ് ഉൾക്കാട്ടിൽ തേനെടുക്കൻ പോകുന്നവരെ പറ്റി അറിയുന്നത്. അവരാണ് കുറുമ്പ സമുദായം. അപ്പോൾ അവരുടെ ഭാഷയിൽ സിനിമ ചെയ്യാമെന്ന് കരുതി.
വ്യക്തിപരമായി പരിസ്ഥിതിയുമായി വളരെ താത്പര്യമുള്ള ഒരു വ്യക്തിയാണ്. ഒരുപാട് കാര്യങ്ങളിൽ സിനിമ അല്ലാതെയും പ്രകൃതിയുമായി ഇടപെടാറുണ്ട്. 'പുഴയമ്മ" യും പരിസ്ഥിതിയുമായി ബന്ധപ്പെട്ടുള്ള ചിത്രമായിരുന്നു.
എന്റെ ആദ്യ സിനിമ 'വിശ്വഗുരു' ആണ്. ശിവഗിരി മഠവുമായി ബന്ധപ്പെട്ടുള്ള സിനിമ ആയിരുന്നു. 'വിശ്വഗുരു' ഒരു അത്ഭുതം ആയിട്ടാണ് തോന്നുന്നത്. ഷൂട്ട് ചെയ്യുന്ന സമയത്ത് ശിവഗിരിയിൽ പതിനായിരത്തോളം ജനങ്ങളുണ്ട്. അവസാന ദിവസം 35 ലക്ഷം ആളുകളാണ് അവിടെ ഉണ്ടാവുക. ഞാൻ ഉദേശിച്ച രീതിയിൽ സിനിമ ചെയ്യുമ്പോൾ അതിനു ഒരു ആധികാരികത വേണം. അങ്ങനെയാണ് ഗിന്നസ് വേൾഡ് റെക്കോർഡുമായി ബന്ധപ്പെട്ടത്. ഗിന്നസിന് അപ്ലൈ ചെയ്തപ്പോഴാണ് അറിയുന്നത് ഒരു സിനിമ എന്ന് പറയുന്നത് കഥയെഴുത്തു മുതൽ തിയേറ്റർ റിലീസ് വരെ ഉൾപ്പെട്ടിരിക്കുന്നുവെന്ന്. സ്‌ക്രിപ്റ്റ് ടു സ്‌ക്രീൻ. മുൻകൂട്ടി കാസ്റ്റിംഗ് പോലും പറ്റില്ല. നിരീക്ഷിക്കാൻ ഗിന്നസിൽ നിന്നും ആറു പേർ എത്തിയിരുന്നു. എന്നാൽ അതൊരു ചലഞ്ചായി ഏറ്റെടുത്ത് പൂർണമാക്കാൻ എന്റെ സഹപ്രവർത്തകരും ഒപ്പം നിന്നു.