ബ്യൂണസ് അയേഴ്സ്: രണ്ടു ദിവസത്തിനിടെ ഒളിമ്പിക്സ് ചാമ്പ്യൻമാരായ അർജന്റീനയ്ക്കെതിരെ രണ്ട് തകർപ്പൻ ജയം നേടി എഫ്.ഐ.എച്ച് പ്രോ ലീഗ് ഹോക്കിയിൽ ഇന്ത്യൻ പടയോട്ടം. ഇന്നലെ നടന്ന മത്സരത്തിൽ മറുപടിയില്ലാത്ത മൂന്ന് ഗോളുകൾക്കായിരുന്നു ഇന്ത്യൻ ജയം. അതിന് തലേദിനം നടന്ന ഷൂട്ടൗട്ടോളം നീണ്ട മത്സരത്തിൽ മലയാളി ഗോൾ കീപ്പർ പി.ആർ. ശ്രീജേഷിന്റെ തകർപ്പൻ പ്രകടനത്തിന്റെ പിൻബലത്തിൽ ബോണസ് പോയിന്റോടെ ഇന്ത്യ വിജയം നേടിയിരുന്നു. പ്രോലീഗിൽ നാലാം സ്ഥാനത്തെത്താനും ഇന്ത്യയ്ക്കായി. അർജന്റീന ആറാമതാണ്.
ഇന്നലെ നടന്ന മത്സരത്തിൽ ഹർമ്മൻ പ്രീത് സിംഗ്, ലളിത് ഉപാദ്ധ്യായ, മൻദീപ് സിംഗ് എന്നിവരാണ് ഇന്ത്യയ്ക്കായി ലക്ഷ്യം കണ്ടത്. തന്റെ അമ്പതാം അന്താരാഷ്ട്ര മത്സരത്തിനിറങ്ങിയ ഇന്ത്യൻ ഗോൾ കീപ്പർ കൃഷൻ പഥക് ക്ലീൻഷീറ്രുമായി കളിയിലി താരമായി.
ഇതിനു മുൻപത്തെ മത്സരത്തിൽ ശ്രീജേഷിന്റെ മികവിൽ ഷൂട്ടൗട്ടിൽ 3-2നായിരുന്നു ഇന്ത്യയുടെ ജയം. നേരത്തെ നിശ്ചിത സമയത്ത് ഇരുടീമും 2-2ന് സമനില പാലിച്ചതുകൊണ്ടാണ് മത്സരം ഷൂട്ടൗട്ടിലേക്ക് നീണ്ടത്. ഷൂട്ടൗട്ടിൽ മൂന്ന് തകർപ്പൻ സേവുകളുമായി കളം നിറഞ്ഞ ശ്രീജേഷാണ് ഇന്ത്യയുടെ വിജയ ശില്പിയായത്. ഇന്ത്യയുടെ ലളിതാ ഉപാദ്ധ്യായ്, രൂപീന്ദർ പാൽ സിംഗ്, ദിൽപ്രീത് സിംഗ് എന്നിവർ ഷൂട്ടൗട്ടിൽ ലക്ഷ്യം കണ്ടു. നേരത്തേ ഹർമ്മൻപ്രീത് സിംഗിന്റെ ഇരട്ട ഗോളുകളാണ് നിശ്ചിത സമയത്ത് ഇന്ത്യയ്ക്ക് സമനില നേടാൻ തുണയായത്. നിശ്ചിത സമയം അവസാനിക്കാൻ ആറ് സെക്കൻഡ് മാത്രം ശേഷിക്കെയായിരുന്നു ഹർമ്മൻപ്രീത് ഇന്ത്യയുടെ സമനില ഗോൾ നേടിയത്. അർജന്റീനയുടെ മാർട്ടിൻ ഫെറെയ്‌റോയും ഇരട്ട ഗോളുകൾ നേടി.