cotton-mask

മുംബയ്: ഒരിക്കൽ ഉപയോഗിച്ച് ഉപേക്ഷിച്ച മാസ്കുകൾ കൊണ്ട് മെത്ത നിർമ്മിച്ച മഹാരാഷ്ട്ര ജൽഗാവിലെ ഫാക്ടറി പൊലീസ് അടച്ചു പൂട്ടി.

ജൽഗാവിലെ ഒരു ഫാക്ടറിയിൽ നടത്തിയ റെയ്ഡിലാണ് പഞ്ഞിക്ക് പകരം ഉപയോഗിച്ച് ഉപേക്ഷിച്ച മാസ്കുകൾ കൊണ്ട് കിടക്ക നിർമ്മിച്ചത് കണ്ടെത്തിയത്.

വിവിധയിടങ്ങളിൽ നിന്ന് മാസ്കുകൾ ശേഖരിച്ച് ഫാക്ടറിയിലെത്തിക്കുന്ന റാക്കറ്റിനെക്കുറിച്ച് രഹസ്യവിവരം ലഭിച്ചതിനെ തുടർന്നാണ് പൊലീസ് തെരച്ചിൽ നടത്തിയത്.

ഫാക്ടറിയിൽ നിന്നും പരിസരത്തുനിന്നും മാസ്‌കുകളുടെ വൻശേഖരം പൊലീസ് കണ്ടെത്തി. ഫാക്ടറി ഉടമയായ അംജദ് അഹമ്മദ് മൻസൂരിക്കെതിരെ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതായി അഡിഷണൽ പൊലീസ് സൂപ്രണ്ട് ചന്ദ്രകാന്ത് ഗവാലി അറിയിച്ചു. ഫാക്ടറിയിൽ കണ്ടെത്തിയ മാസ്‌ക് ശേഖരം കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പൊലീസ് തീയിട്ട് നശിപ്പിച്ചു.

കൊവിഡ് വ്യാപനം വർദ്ധിച്ചതോടെ മാസ്‌ക് ഉപയോഗവും അതോടൊപ്പം വർദ്ധിച്ചു. ഉപയോഗിച്ച മാസ്‌കുകളുടെ നിർമ്മാർജ്ജനം ഇന്ത്യയിൽ വേണ്ട രീതിയിൽ നടക്കുന്നില്ലെന്നാണ് സൂചന. 2020 ജൂണിനും സെപ്തംബറിനും ഇടയിൽ കൊവിഡ് അനുബന്ധ മാലിന്യങ്ങൾ 18,000 ടൺ കടന്നതായാണ് കണക്ക്. ഇതിൽ മാസ്‌കുകളും കൈയുറകളും പെടും. രോഗവ്യാപനം വീണ്ടും വർദ്ധിക്കുന്നത് ബയോ മെഡിക്കൽ മാലിന്യങ്ങൾ വീണ്ടും കൂടാനിടയാക്കും.