stock

 സെൻസെക്‌സ് 1,707 പോയിന്റ് തകർന്നു

 15 മിനുട്ടിനിടെ പൊലിഞ്ഞത് ₹7 ലക്ഷം കോടി

കൊച്ചി: കൊവിഡിന്റെ രണ്ടാംതരംഗത്തിലും വീണ്ടുമെത്തുന്ന ലോക്ക്ഡൗൺ നിയന്ത്രണങ്ങളിലും ആശങ്കപ്പെട്ട് ഓഹരി വിപണി ഇന്നലെ കനത്ത നഷ്‌ടത്തിലേക്ക് കൂപ്പുകുത്തി. ഒരുവേള 1,900 പോയിന്റുവരെ തകർന്ന സെൻസെക്‌സ് വ്യാപാരാന്ത്യം 1,707 പോയിന്റിടിഞ്ഞ് 47,883ലാണുള്ളത്. വ്യാപാരത്തിനിടെ 590 പോയിന്റോളം ഇടിഞ്ഞ നിഫ്‌റ്റിയുള്ളത് 524 പോയിന്റ് നഷ്‌ടത്തോടെ 14,310ലും.

ഓഹരി വിപണിയിലെ എല്ലാ വിഭാഗങ്ങളിലും ഇന്നലെ വിറ്റൊഴിയൽ ട്രെൻഡ് ദൃശ്യമായി. ബജാജ് ഫിനാൻസ്, ഇൻഡസ് ഇൻഡ് ബാങ്ക്, എസ്.ബി.ഐ., മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ആക്‌സിസ് ബാങ്ക്, ബജാജ് ഓട്ടോ, കോട്ടക് മഹീന്ദ്ര ബാങ്ക്, ഐ.സി.ഐ.സി.ഐ ബാങ്ക്, റിലയൻസ് ഇൻഡസ്‌ട്രീസ് എന്നിവയാണ് ഏറ്റവുമധികം നഷ്‌ടം നേരിട്ടത്. കൊവിഡിൽ നെഗറ്റീവ് തലത്തിലേക്ക് തകർന്നടിഞ്ഞ ജി.ഡി.പി വളർച്ച, മെല്ലെ കരകയറുന്നതിനിടെയാണ് തിരിച്ചടിയായി കൊവിഡിന്റെ രണ്ടാംതരംഗം. കരകയറ്റം നീളുമെന്ന ആശങ്കയാണ് നിക്ഷേപകരെ തളർത്തുന്നത്.

സാമ്പത്തിക തലസ്ഥാനമായ മുംബയ് ഉൾപ്പെടുന്ന മഹാരാഷ്‌ട്രയിലാണ് കൊവിഡ് അതിശക്തമായി വീണ്ടും ആഞ്ഞടിക്കുന്നത്. മഹാരാഷ്‌ട്രയിൽ നിയന്ത്രണങ്ങൾ കഠിനമായാൽ കോർപ്പറേറ്റ് കമ്പനികളുടെ വരുമാനത്തിൽ 30 ശതമാനത്തോളവും ഇന്ത്യൻ ജി.ഡി.പിയിൽ 11 ശതമാനത്തോളവും പൊലിയുമെന്ന വിലയിരുത്തലുകളും ആശങ്കവിതയ്ക്കുന്നു. ബ്രിട്ടനിലെ എഫ്.ടി.എസ്.ഇ., ജർമ്മനിയിലെ ഡാക്, ഫ്രാൻസിന്റെ സി.എ.സി., ഇറ്റലിയുടെ എഫ്.ടി.എസ്.ഇ എം.ഐ.ബി., ഏഷ്യയിലെ ഷാങ്ഹായ്, ടോക്കിയോ, ഹോങ്കോംഗ് ഓഹരി വിപണികൾ നേരിട്ട നഷ്‌ടവും ഇന്നലെ ഇന്ത്യൻ വിപണിയെ സ്വാധീനിച്ചു.

ഒറ്റദിവസം: കൊഴിഞ്ഞത്

₹8.77 ലക്ഷം കോടി

ഇന്നലെ സെൻസെക്‌സിലെ നിക്ഷേപക മൂല്യം 8.77 ലക്ഷം കോടി രൂപയുടെ നഷ്‌ടവുമായി 200.85 ലക്ഷം കോടി രൂപയിലെത്തി. ഇതിൽ ഏഴ് ലക്ഷം കോടി രൂപയും കൊഴിഞ്ഞത് 15 മിനുട്ടിനുള്ളിൽ. കഴിഞ്ഞ വെള്ളിയാഴ്‌ച നിക്ഷേപകമൂല്യം 209.63 ലക്ഷം കോടി രൂപയായിരുന്നു.

വൻ വീഴ്‌ചകൾ

(സെൻസെക്‌സിന്റെ ഏറ്റവും വലിയ പ്രതിദിന വീഴ്‌ചകൾ - പോയിന്റിൽ)

 മാർച്ച് 23, 2020 : 3,934

 മാർച്ച് 12, 2020 : 2,919

 മാർച്ച് 16, 2020 : 2,713

 ഫെബ്രു 26, 2021 : 1,939

 ഏപ്രിൽ 12, 2021 : 1,707

റുപ്പിക്കും തളർച്ച

ഇന്ത്യൻ റുപ്പി ഡോളറിനെതിരെ 33 പൈസ ഇടിഞ്ഞ് 75.06ലാണ് വ്യാപാരം അവസാനിപ്പിച്ചത്. ഓഹരി വിപണിയിൽ നിന്നുള്ള വിദേശ നിക്ഷേപക്കൊഴിച്ചിൽ, ക്രൂഡോയിൽ വിലവർദ്ധന എന്നിവയാണ് രൂപയ്ക്ക് സമ്മർദ്ദമാകുന്നത്. തുടർച്ചയായ ആറാംദിനമാണ് രൂപയുടെ വീഴ്‌ച. ഇക്കാലയളവിൽ മൂല്യത്തകർച്ച 193 പൈസ. വെള്ളിയാഴ്‌ച മാത്രം 653 കോടി രൂപയുടെ ഇന്ത്യൻ ഓഹരികൾ വിദേശ നിക്ഷേപകർ വിറ്റൊഴിഞ്ഞിരുന്നു.