ചില സമയങ്ങളിൽ സ്നേഹസുരഭിലമായവെള്ളമേഘമായിപാറി നടക്കുകയും, മറ്റു ചിലപ്പോൾ ബന്ധങ്ങൾക്ക് ഈർപ്പംപകരുന്ന കാർമേഘമായി, ചെറുമഴയായി എല്ലാവരിലേക്കും ഇറങ്ങി വരികയും ചെയ്ത ഡോ. ഡി. ബാബുപോളിനെ കുറിച്ച് ഒരു ഓർമ്മ...
ഡോ.ബാബു പോൾ ആരായിരുന്നു? സ്വന്തം നാടിന്റെ വളർച്ചക്ക് തന്റേതായ സംഭാവനകൾ നൽകിയ ഭരണകർത്താവ്, എത്ര കേട്ടാലും മതിവരാത്ത പ്രഭാഷകൻ, മലയാളിയുടെ വായനാലോകത്ത് പതിറ്റാണ്ടുകളോളം സജീവമായി വെളിച്ചം വിതറിയ എഴുത്തുകാരൻ, അടുപ്പമുള്ളവരെ സദാ സഹായിക്കാൻ സന്നദ്ധനായ കുടുംബകാരണവർ, എല്ലാറ്റിനുമുപരിയായി നിസ്വാർത്ഥനായ ഒരു മനുഷ്യസ്നേഹി.
ഇന്ത്യയിലെ ഒട്ടു മിക്ക സംസ്ഥാനങ്ങളെക്കാളും കേരളം, പല രംഗങ്ങളിലും ലോകനിലവാരത്തോട് അടുത്താണ് നിൽക്കുന്നത്. വൈദ്യുതി കേരളത്തിന്റെ മുക്കിലും മൂലയിലും എത്തിയിട്ടുണ്ട്. അതിന്റെ പ്രധാന കാരണം നമുക്ക് ജലവൈദ്യതി ലഭ്യമായി എന്നുള്ളതാണ്. അതിൽത്തന്നെ ഏറ്റവും അധികം വൈദ്യുതി ഉത്പാദിപ്പിക്കുന്നത് എല്ലാവർക്കും അറിയാവുന്നതുപോലെ ഇടുക്കി അണക്കെട്ടിൽ നിന്നാണ്. ഏഷ്യയിലെ ഏറ്റവും വലിയ ഡാമുകളിൽ ഒന്നായ ഇടുക്കിയുടെ നിർമാണ ചുമതലയുടെ അമരക്കാരനായി ബാബു പോൾ സാർ നിയമിതനായത് അദ്ദേഹം ഒരു എൻജിനിയർ ആയതുകൊണ്ടു മാത്രമല്ല. അത് ഒരു നിയോഗവും കൂടിയായിരുന്നു. സാറിന്റെ തൊപ്പിയിലെ ഏറ്റവും തിളക്കമാർന്ന തൂവൽ!
തിരുവനന്തപുരത്ത് കൂത്തമ്പലത്തിന്റെ മാതൃകയിൽ പണി തീർത്തിരിക്കുന്ന സർക്കാർ സാംസ്കാരികകേന്ദ്രം, വൈലോപ്പിള്ളി സംസ്കൃതിഭവന്റെ ആശയം മുതൽ ഉദ്ഘാടനം വരെ സാറിന്റെ സമർപ്പണം സമ്പൂർണമാണെന്ന് അറിയാവുന്നവർ ഏറെയുണ്ട്. നിരവധി സാഹിത്യ ക്യാമ്പുകളിലും സാംസ്കാരിക കൂട്ടായ്മകളിലും വൈലോപ്പിള്ളിയിൽ പങ്കെടുത്തിട്ടുള്ള എനിക്കും എന്നെപ്പോലെ നൂറുകണക്കിന് സാംസ്കാരിക പ്രവർത്തകർക്കും നമ്മുടെ തനിമയും പാരമ്പര്യവും അന്തരീക്ഷസൃഷ്ടി ഒരുക്കുന്ന ഒരു സാംസ്കാരിക സമുച്ചയത്തിനു നിർണായക പങ്കു വഹിച്ച സാറിനോടുള്ള കടപ്പാട് നിസ്സീമമാണ്.
കാൽനൂറ്റാണ്ട് നീണ്ടു നിന്ന സൗഹൃദത്തിനിടയ്ക്ക് ഇരുപത്തഞ്ചു തവണയെങ്കിലും സാറിനെ പ്രസംഗത്തിനായി ഞാൻ വിളിച്ചിട്ടുണ്ട്. സദസറിഞ്ഞു സംസാരിക്കാനുള്ള കഴിവ് സാറിനെപോലെ മറ്റേതെങ്കിലും മലയാളിക്കുണ്ടോ എന്ന് എനിക്ക് സംശയമാണ്. യുവതയോടു സംസാരിക്കുമ്പോൾ അവരെ പ്രചോദിപ്പിക്കുവാനും മദ്ധ്യവയസ്ക്കരോടാണെങ്കിൽ സ്ത്രീപുരുഷ ഭേദമെന്യേ അവരെ രസിപ്പിക്കുന്ന കൊച്ചു കൊച്ചു വർത്തമാനങ്ങളും അതല്ല ലോകമലയാളികളോടാണെങ്കിൽ നാട്ടുവർത്തമാനങ്ങളും ഒക്കെ പറഞ്ഞു സദസിനെ കയ്യിലെടുക്കാനുള്ള കഴിവ് ഒന്നുവേറെ തന്നെയാണ്. ആരെയും വേദനിപ്പിക്കാത്ത നർമ്മങ്ങളിലൂടെയാണ് വിമർശനങ്ങൾ പോലും. ഉച്ചത്തിലുള്ള പ്രഖ്യാപനങ്ങളോ അനിയന്ത്രിതമായി പടർന്നൊഴുകുന്ന വാഗ്ധോരണിയോ അല്ല, സൗമ്യമായ സംഭാഷണ ശൈലിയായിരുന്നു സാറിന്റെ പ്രസംഗരീതി. ശരിയായ ആത്മീയത സാറിന്റെ ശബ്ദത്തിലും പദങ്ങളിലും വാചകങ്ങളിലും ഒളിഞ്ഞും തെളിഞ്ഞുമുണ്ടായിരുന്നു. സദസിന്റെ ഇഷ്ടതാരമാവാനുള്ള ഒരു പ്രത്യേക കഴിവ് സാറിനുണ്ടായിരുന്നു.
34 ലധികം ഗ്രന്ഥങ്ങൾ രചിച്ചിട്ടുള്ള സാറിനെ ഒരു എഴുത്തുകാരൻ എന്ന നിലയിൽ വിലയിരുത്താൻ ഞാൻ മുതിരുന്നില്ല. എന്തുകൊണ്ടെന്നാൽ സാറിന്റെ ഏതാനും പുസ്തകങ്ങളെ ഞാൻ വായിച്ചിട്ടുള്ളു. ഭാഷയിലോ ചരിത്രത്തിലോ, ക്രിസ്തുമതത്തിലോ ഗവേഷണം നടത്തുന്നവർക്കേ 936 പേജുള്ള 'വേദശബ്ദരത്നാകരം" എന്ന നിഘണ്ടുവിന്റെ മൂല്യം ഉൾക്കൊള്ളാനാവൂ. അതേസമയം 'കഥ ഇതുവരെ" ആർക്കും വായിക്കാം, രസിക്കാം. അതിൽ വിജ്ഞാനവും പാഠങ്ങളും ചരിത്രവും നിരീക്ഷണങ്ങളുമുണ്ട്. ഉദ്യോഗസ്ഥനിപുണതകളുടെയും മണ്ടത്തരങ്ങളുടെയും വിവരണങ്ങളും ചിലപ്പോൾ കാര്യകാരണങ്ങളുമുണ്ട്. ഒരു കാലഘട്ടത്തിന്റെ സത്യസന്ധ്യമായ ആവിഷ്കാരമാണത്. 'ഫ്രാൻസിസ് വീണ്ടും വന്നു" എന്ന പുസ്തകം ഇപ്പോഴത്തെ മാർപാപ്പയെ കുറിച്ചുള്ള സാറിന്റെ നിരീക്ഷണങ്ങളും വിലയിരുത്തലുമാണ്. മതത്തിനുണ്ടാവേണ്ടുന്ന കാഴ്ചപ്പാടുമാറ്റം മാർപാപ്പയിൽ ദർശിക്കുന്നത് ഒരു സാധാരണക്കാരന് വായിച്ചെടുക്കാം. സമകാലിക രാഷ്ട്രീയത്തെയും സംഭവവികാസങ്ങളെയും വിശകലം ചെയ്യുന്ന സാറിന്റെ പത്രപംക്തികൾ അദ്ദേഹത്തിന്റെ പ്രഭാഷണങ്ങൾ പോലെ ജനപ്രിയമായിരുന്നു.വളരെ തന്മയത്വത്തോടെ വിഷയങ്ങൾ തിരഞ്ഞെടുക്കുവാനും അതിലും തന്മയത്വത്തോടെ അവതരിപ്പിക്കുവാനും എഴുത്തുകാരനും ജേർണലിസ്റ്റിനുമപ്പുറമുള്ള ഒരു സിദ്ധി സാറിനുണ്ടായിരുന്നു.
ലോകമെമ്പാടുമുള്ള മലയാളികളെ ഒരു ചരടിൽ കോർത്തിണക്കുന്ന ആശയവുമായി അമേരിക്കയിലെ ആദ്യ മലയാളി മേയർ ജോൺ അബ്രഹാമും ന്യൂയോർക്കിലെ സാമൂഹ്യപ്രവർത്തകൻ ആൻഡ്രൂ പാപ്പച്ചനും കൂടി 1994 ൽ തിരുവനന്തപുരത്തുവന്നു. അവർക്ക് കേരളത്തിനകത്തും പുറത്തുമുള്ള മലയാളികളുടെ ഹൃദയത്തുടിപ്പു തൊട്ടറിഞ്ഞിട്ടുള്ള ബാബു പോൾ സാറിന്റെ ഉപദേശങ്ങളും നിർദേശങ്ങളും ലഭിച്ചാൽ കൊള്ളാമെന്നു അറിയിച്ചു. സാറിനെ കണ്ട്, സാറിന്റെ അഭിപ്രായങ്ങൾ അനുസരിച്ചാണ് 1995 ൽ ന്യൂ ജേഴ്സിയിൽ വച്ച്, ടി.എൻ. ശേഷൻ ചെയർമാനായും കെ.പി.പി നമ്പ്യാർ പ്രസിഡന്റായും വേൾഡ് മലയാളി കൗൺസിൽ രൂപീകരിച്ചത്. അസാന്നിദ്ധ്യത്തിലും അവിടെകൂടിയിരുന്നവർ ഏകകണ്ഠമായി സാറിനെ വൈസ് ചെയർമാനായും തിരഞ്ഞെടുത്തു. അടുത്ത പ്രാവശ്യം ചെയർമാൻ ആയ സാർ പദവികൾ ഇല്ലാതിരുന്ന കാലത്തും കൗൺസിലിന് വേണ്ട എല്ലാ സഹായങ്ങളും ചെയ്തു കൊടുത്തിരുന്നു. പല ലോക മലയാളി നേതാക്കളും എന്നോട് പറഞ്ഞ കാരണം 'സാറുണ്ടെന്നു പറയുമ്പോൾ പ്രോഗ്രാമിന് ഒരു വെയ്റ്റുണ്ട്" എന്നാണ്. സാറിനോട് അത് പറഞ്ഞപ്പോൾ 'എന്റെ ശരീര ഭാരത്തെക്കുറിച്ചാണ് അവർ സൂചിപ്പിച്ചതെന്ന്" പറഞ്ഞു ചിരിച്ചു, ചിരിപ്പിച്ചു.
പൊതുപ്രവർത്തനങ്ങളിൽ കൂടെ നിൽക്കുകയും സഹകരിക്കുകയും മാത്രമല്ല സാർ ചെയ്തിട്ടുള്ളത്, വ്യക്തിജീവിതത്തിലും സ്നേഹസമ്പന്നനായ ഒരു കാരണവരെ പോലെ ഇടപെടുമായിരുന്നു. ഒരിക്കൽ കാർ അപകടത്തിൽപ്പെട്ട് ഞാൻ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിക്കപ്പെട്ടപ്പോൾ അടുത്തദിവസം തന്നെ അവിടെ ഐ.സി.യുവിൽ എത്തിയ സാർ എനിക്ക് പുതുജീവനാണ് തന്നത്. സാറിനെ ബഹുമാനിച്ചിരുന്ന ചില ഡോക്ടർമാർ അന്നുമുതൽ എനിക്ക് പ്രത്യേക പരിഗണന തരാൻ തുടങ്ങിയതും ഞാനോർക്കുന്നു. അന്യസംസ്ഥാനത്തുനിന്നെത്തിയ ചില തസ്ക്കരന്മാർ എന്റെ വീട്ടിൽ രാത്രി അതിക്രമിച്ചുകയറി. മോഷണശ്രമത്തിനിടെ അപായപ്പെടുത്താൻ ശ്രമിച്ചതിനെത്തുടർന്നു തളർന്നു പോയ ഞങ്ങളെ മാനസികവും ശാരീരികവുമായ ആരോഗ്യം വീണ്ടെടുക്കാൻ സാറിന്റെ സന്ദർശനങ്ങളും, ഫോൺവിളികളും കുറച്ചൊന്നുമല്ല സഹായിച്ചത്. ബിസിനസിൽ പ്രതിസന്ധി നേരിട്ട ഒന്നു രണ്ടു സന്ദർഭങ്ങളിലും സാറിന്റെ ഉപദേശങ്ങളും ഇടപെടലുകളും വളരെ നിർണായകമായിരുന്നു. മനുഷ്യസ്നേഹം നിറഞ്ഞു നിന്നിരുന്ന ഒരു ഹൃദയം ബാബു പോൾ സാറിനുണ്ടായിരുന്നു. നിർമ്മലചേച്ചിയുടെ വേർപാടിന് ശേഷം വീട്ടിൽ സാർ ഒറ്റയ്ക്കായിരുന്നു താമസം. അവസാനം വരെ അജിത് ആയിരുന്നു സാറിന്റെ സഹായി. ഭക്ഷണം സ്ഥിരമായി ഹോട്ടലിൽ നിന്നും വരുത്തുകയായിരുന്നു. ഒരാൾക്ക് കൊണ്ടുവരുന്ന ഭക്ഷണം രണ്ടുപേർക്കു ധാരാളമായിരുന്നു. ആദ്യമൊക്കെ സാറിന്റെ ഇഷ്ടവിഭവങ്ങൾ എടുത്തശേഷം പിന്നെയുള്ളത് അജിത്തിന് കൊടുത്തിരുന്നു. പിന്നെ അതുശരിയല്ല എന്ന് തോന്നിയ അദ്ദേഹം അജിത്തിന്റെ ഇഷ്ടഭോജ്യങ്ങൾ ചോദിച്ചറിഞ്ഞു അത് ഓർഡർ ചെയ്യുകയും അതിന്റെ ഒരു വിഹിതം സാർ കഴിക്കുകയും ചെയ്യുന്നത് പതിവാക്കി. അജിത്തിന്റെ അമ്മയ്ക്കും മക്കൾക്കും ബിരിയാണി ഇഷ്ടമുള്ളതുകൊണ്ട് ഞായാറാഴ്ചകളിൽ വീട്ടിൽ കൊണ്ടുപോകുവാൻ ബിരിയാണിയും ഓർഡർ ചെയ്തിരുന്നു.
പലപ്പോഴും സാർ എടുത്തിരുന്ന നിലപാടുകളോട് എതിർപ്പുകൾ പ്രകടിപ്പിക്കുവാൻ അദ്ദേഹം അനുവദിച്ചിരുന്നു എന്ന് മാത്രമല്ല നാം പറയുന്നതെല്ലാം ശ്രദ്ധയോടും, സഹിഷ്ണുതയോടും കേട്ടിരിക്കാനുള്ള മനഃസ്ഥിതിയും കാണിച്ചിരുന്നു. കടുത്ത ദൈവവിശ്വാസിയായ സാർ, ദൈവത്തിന്റെ അസ്തിത്വത്തിൽ സംശയാലുവായ എന്റെ യുക്തികളും വാദഗതികളും സശ്രദ്ധം കേട്ടിരിക്കാറുണ്ടായിരുന്നു. പലപ്പോഴും അന്ധവിശ്വാസിയല്ല താനെന്നു ബോദ്ധ്യപ്പെടുത്തുംവിധം സംസാരിച്ചിട്ടുള്ളത് ഞങ്ങളെ കൂടുതൽ കൂടുതൽ സംവാദങ്ങളിലേക്കു നയിച്ചിട്ടുണ്ട്. സമാന ചിന്താഗതി പങ്കിട്ട ചില സുഹൃത്തുക്കളെ കൂട്ടി ആ സംവാദങ്ങൾ ആസ്വാദ്യകരമാക്കാനും അർത്ഥവത്താക്കാനും സാധിച്ചിട്ടുമുണ്ട്. രാഷ്ട്രീയത്തിലുൾപ്പടെ സാർ എടുത്തിട്ടുള്ള പല നിലപാടുകളോടും നിശിതമായ വിയോജിപ്പുകൾ പ്രകടിപ്പിച്ചപ്പോഴും ശാന്തനായി സാറിന്റെ ഭാഗം വിശദീകരിച്ചു തരികയും പക്ഷേ അതിൽ തന്നെ ഉറച്ചുനിൽക്കുകയുമാണ് അദ്ദേഹം ചെയ്തത്.
സാറിനെ ആദ്യമായി കാണുന്നവർ അദ്ദേഹം ഗൗരവക്കാരനായ വല്ല ന്യായാധിപനുമാണോ എന്ന് സംശയിക്കും. സാറിന്റെ രൂപവും ഭാവവും വേഷവും ഇരിപ്പും നിൽപ്പും ഒക്കെ കാണുമ്പോൾ പറയാൻ വന്ന കാര്യത്തിന്റെ മുഖവുര മാത്രമല്ല കാര്യം തന്നെ മറന്നതായി എന്നോട് ഒരാൾ പറഞ്ഞിട്ടുണ്ട്. പക്ഷേ സംസാരിച്ചു തുടങ്ങുമ്പോൾ സന്ദർഭത്തിനൊത്ത് ഗൗരവം അലിഞ്ഞു പോവുകയും അന്നുവരെ അനുഭവിക്കാത്ത ഒരടുപ്പമായി ആ കൂടിക്കാഴ്ച രൂപാന്തരം പ്രാപിക്കുകയും ചെയ്യും. കുറേക്കാലത്തെ പരിചയത്തിനു ശേഷമാണ് നമുക്ക് തിരിച്ചറിയാൻ കഴിയുന്നത് സാർ ഒരു ലോലഹൃദയനാണെന്ന് . ഇത്രയും ലോലഹൃദയനാവണ്ട സാർ എന്ന് എനിക്ക് തോന്നിയ സന്ദർഭങ്ങളും ഉണ്ടായിട്ടുണ്ട്.
ഒരുപക്ഷേ മലയാളിക്ക് ഏറ്റവും പ്രിയങ്കരനായ ഐ.എ.എസുകാരനായിരിക്കും ബാബു പോൾ സാർ. ഐ.എ.എസിന്റെ പ്രതാപത്തിനപ്പുറം അറിവിന്റെയും സൗഹൃദത്തിന്റെയും മാനവീയതയുടെയും വിശാലമായ ഒരു പ്രപഞ്ചം അറിഞ്ഞും അറിയാതെയും അദ്ദേഹം തനിക്കു ചുറ്റും സൃഷ്ടിച്ചിരുന്നു. സാർ ചില സമയങ്ങളിൽ നമുക്ക് മുകളിൽ സ്നേഹസുരഭിലമായ വെള്ളമേഘമായി പാറി നടക്കുകയും, മറ്റു ചിലപ്പോൾ ബന്ധങ്ങൾക്ക് ഈർപ്പം പകരുന്ന കാർമേഘമായി, ചെറുമഴയായി നമ്മളിലേക്ക് ഇറങ്ങി വരികയും ചെയ്തു.