കോട്ടയം: കൊച്ചുതോവാള കൊച്ചുപുരയ്ക്കൽതാഴെ കെ.പി. ജോർജിന്റെ ഭാര്യ ചിന്നമ്മയുടെ (63) കൊലപാതകവുമായി ബന്ധപ്പെട്ട് നാലു പേരെ പൊലീസ് നിരീക്ഷണ വലയത്തിലാക്കി. കട്ടപ്പന ഡിവൈ.എസ്.പി ജെ. സന്തോഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം വിശദമായ അന്വേഷണം തുടരുകയാണ്. എന്നാൽ, കൊലപാതകവുമായി ബന്ധപ്പെട്ട് കാര്യമായ യാതൊരു വിവരങ്ങളും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടില്ല. അയൽവാസികൾ ഉൾപ്പെടെയുള്ളവരെ ഇന്ന് പൊലീസ് ചോദ്യം ചെയ്യും.
വ്യാഴാഴ്ച പുലർച്ചെയാണ് ദുരൂഹ സാഹചര്യത്തിൽ ചിന്നമ്മയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ശ്വാസം മുട്ടിയാണ് മരണമെന്നുള്ള പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തുവന്നതോടെ അന്വേഷണം വ്യാപിപ്പിക്കുകയായിരുന്നു. ഇന്നലെ ചിന്നമ്മയുടെ ഭർത്താവ് ജോർജ്, ഇവരുടെ വീട്ടിൽ തടിപ്പണി ഉൾപ്പെടെയുള്ള ജോലിക്കായി എത്തിയ തൊഴിലാളികൾ, വീടുമായി ബന്ധപ്പെട്ടുനിൽക്കുന്നവർ തുടങ്ങി പത്തോളം പേരുടെ മൊഴി രേഖപ്പെടുത്തി. എന്നാൽ, അസ്വാഭാവികമായി ഒന്നും പൊലീസിന് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.
വലിയ മോഷ്ടാക്കളായിരിക്കില്ല ചിന്നമ്മയുടെ വധത്തിന് പിറകിലെന്നാണ് പൊലീസ് സംശയിക്കുന്നത്. കാരണം അലമാരി പരിശോധിക്കുക പോലുമുണ്ടായില്ല. വൻ മോഷ്ടാക്കളായിരുന്നുവെങ്കിൽ ആദ്യം പരിശോധിക്കുക അലമാരിയും സേഫുമായിരിക്കും. ധരിച്ചിരുന്ന ആഭരണങ്ങൾ എടുക്കാൻ ശ്രമിക്കുന്നതിനിയിൽ ചിന്നമ്മ ബഹളം വച്ചിരിക്കാം. ആ സമയം മുഖം തുണി ഉപയോഗിച്ച് പൊത്തിപ്പിടിച്ചപ്പോൾ ചിന്നമ്മ മരണമടഞ്ഞതാവാം എന്ന നിഗമനത്തിലാണ് അന്വേഷണ സംഘം. ചുറ്റുപാടുള്ളവരെയാണ് പൊലീസ് നിരീക്ഷണ വലയിലാക്കിയിട്ടുള്ളത്.
ശരീരത്തിൽ അണിഞ്ഞിരുന്ന നാലു പവൻ സ്വർണാഭരണങ്ങൾ മാത്രമേ നഷ്ടപ്പെട്ടിട്ടുള്ളു. ഒരു ലക്ഷത്തിലധികം രൂപയും 25 പവനോളം ആഭരണങ്ങളും അലമാരിയിൽ ഇരിപ്പുണ്ടായിരുന്നു. അത് നഷ്ടമായിട്ടില്ല. സംഭവസ്ഥലത്തുനിന്ന് ശേഖരിച്ച വിരലടയാളങ്ങളുടെ പരിശോധനയും തുടരുകയാണ്. താമസിയാതെ പ്രതിയെ കണ്ടെത്താൻ കഴിയുമെന്നുള്ള പ്രത്യാശയിലാണ് ഡിവൈ.എസ്.പി സന്തോഷ് കുമാറും സി.ഐ വി. ജയനും സംഘവും.