കോട്ടയം: നീണ്ടൂർ പ്രാവട്ടം ജംഗ്ഷനിൽ വീടിന് സമീപം പാർക്ക് ചെയ്തിരുന്ന ബൈക്ക് പെട്രോൾ ഒഴിച്ച് തീവെച്ച് നശിപ്പിച്ചു. സംഭവത്തിൽ മൂന്ന് യുവാക്കളെ പൊലീസ് പിടികൂടി. കാണക്കാരി വലിയതടത്തിൽ ഡെൽവിൻ (23), നീണ്ടൂർ കൈവിലേക്കകത്ത് നിക്കോളാസ് (20), ഓണംതുരുത്ത് മേടയിൽ അലക്സ് പാസ്കൽ (20) എന്നിവരെയാണ് ഏറ്റുമാനൂർ പൊലീസ് അറസ്റ്റ് ചെയ്തത്. കഞ്ചാവ്, ക്രിമിനൽ കേസുകളിൽ പ്രതികളാണ് ഇവരെന്ന് പൊലീസ് പറഞ്ഞു.
വ്യാഴാഴ്ച രാത്രി പത്തരയോടെ വീട്ടമ്മ നോക്കി നിൽക്കേയാണ് ആക്രമണം. വീടിന്റെ ജനലുകൾക്കും ഭിത്തികൾക്കും കേടുപാടുണ്ടാക്കി. മുറിക്കുള്ളിൽ ഉണ്ടായിരുന്ന ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിക്കാതിരുന്നത് വൻ ദുരന്തം ഒഴിവായി. . പ്രാവട്ടം താന്നിപറമ്പ് ജോസിന്റെ വീടിന് മുന്നിലാണ് ആക്രമണം നടന്നത്.
ജോസിന്റെ മകന്റേതാണ് ബൈക്ക്. ബൈക്കിലെത്തിയ രണ്ടു പേർ വീടിന് മുന്നിലൂടെയുള്ള റോഡിലൂടെ കറങ്ങി നടക്കുന്നത് ജോസിന്റെ ഭാര്യ സെലിന്റെ ശ്രദ്ധയിൽപ്പെട്ടിരുന്നു, പെട്ടെന്ന് ഹെൽമറ്റ് ധരിച്ച് ഇവർ വീട്ടിലേക്ക് വരുന്നത് കണ്ട് സെലിൻ ഭർത്താവിന് വിളിക്കാൻ അകത്തേക്ക് പോയി. ഈ സമയം കൈയിൽ കരുതിയിരുന്ന കന്നാസിലെ പെട്രോൾ ബൈക്കിന് മുകളിൽ ഒഴിച്ച് തീവച്ചശേഷം രണ്ടുപേരും രക്ഷപ്പെടുകയായിരുന്നു. ബൈക്ക് പൂർണമായും കത്തി നശിച്ചിരുന്നു.