കോട്ടയം: ഏറ്റുമാനൂരിന് സമീപത്ത് നിന്ന് പാഠപുസ്തകങ്ങൾ കയറ്റിവന്ന ലോറിയിൽ നിന്ന് 62.5 കിലോ കഞ്ചാവ് പിടികൂടിയ സംഭവത്തിൽ കഞ്ചാവ് വാങ്ങാൻ സാമ്പത്തിക സഹായം നല്കിയ കോട്ടയം സ്വദേശികൾ അറസ്റ്റിൽ. വാകത്താനം നാലുന്നാക്കൽ കടുവാക്കുഴി കെ.എസ്.അരുൺ, പെരുമ്പായിക്കാട് പരുത്തിക്കുഴി ഷിബിൻ സിയാദ് എന്നിവരാണ് അറസ്റ്റിലായത്. വിശാഖപട്ടണത്തിന് സമീപം നരസിപ്പട്ടണത്തു നിന്ന് കഞ്ചാവ് വാങ്ങുന്നതിന് പ്രതികൾക്ക് സാമ്പത്തിക സഹായം നൽകുകയും ഗൂഢാലോചനയിൽ പങ്കുള്ളതായും കണ്ടെത്തിയാണ് തെക്കൻ മേഖലാ എക്സൈസ് ക്രൈംബ്രാഞ്ച് സർക്കിൾ ഇൻസ്പെക്ടർ എച്ച്. നൂറുദ്ദീനും സംഘവും ഇവരെ അറസ്റ്റ് ചെയ്തത്.
പാഠപുസ്തകം കയറ്റിവന്ന ലോറിയിൽ കഞ്ചാവ് കടത്തിയെന്ന കേസിൽ ഇതുവരെ എട്ടു പേർ അറസ്റ്റിലായിട്ടുണ്ട്. ഒരാൾ കൂടി പിടിയിലാകാനുണ്ട്.
പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. അന്വേഷണത്തിൽ അസി.എക്സൈസ് ഇൻസ്പെക്ടർ ദിലീപ് കുമാർ, പ്രിവന്റീവ് ഓഫീസർ സുരേഷ്, സിവിൽ എക്സൈസ് ഓഫീസർമാരായ യദു കൃഷ്ണൻ, മിഥുൻ കുമാർ ഡ്രൈവർ ഉല്ലാസ് കുമാർ എന്നിവർ പങ്കെടുത്തു.