flipkart

ന്യൂഡൽഹി: ഇന്ത്യൻ ഇകൊമേഴ്സ് കമ്പനിയായ ഫ്ലിപ്പ്കാ‌ർട്ടും അദാനി ഗ്രൂപ്പും കൈകോർക്കുന്നു. തങ്ങളുടെ ലോജിസ്റ്റിക്സ് ഡാറ്റാ സെന്റർ കഴിവുകൾ ശക്തിപ്പെടുത്തുന്നതിനായാണ് ഫ്ളിപ്പ്കാർട്ട് അദാനി ഗ്രൂപ്പുമായി കരാറിൽ ഏർപ്പെടുന്നത്. കരാർ 2,500ഓളം പുതിയ തൊഴിലവസങ്ങൾ സൃഷ്ടിക്കുമെന്ന് ദേശീയമാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അതേസമയം കമ്പനികൾ തമ്മിലുളള പങ്കാളിത്തത്തിന്റെ സാമ്പത്തിക വശങ്ങൾ പുറത്തു വന്നിട്ടില്ല.

രാജ്യത്തെ ഏറ്റവും വലിയ എൻഡ്ടുഎൻഡ് ലോജിസ്റ്റിക് സേവന ദാതാക്കളും അദാനി പോർട്സ് ആൻഡ് സ്‌പെഷ്യൽ ഇക്കണോമിക് സോൺ ലിമിറ്റഡിന്റെ പൂർണ ഉടമസ്ഥതയിലുള്ള ഉപകമ്പനിയുമായ അദാനി ലോജിസ്റ്റിക്സ് ലിമിറ്റഡുമായി ചേർന്ന് ഫ്ളിപ്പ്‌കാർട്ട് പ്രവർത്തിക്കും. ഇതിലൂടെ അതിവേഗം വളരുന്ന ഉപഭോക്തൃ അടിത്തറയെ കൂടുതൽ മികവോടെ പരിപാലിക്കാൻ കഴിയുമെന്നാണ് ഫ്ളിപ്പ്‌കാർട്ട് കണക്കു കൂട്ടുന്നത്. ഇരു കമ്പനികളും ചേർന്ന് കൂടുതൽ വെയർഹൗസുകളും അടിസ്ഥാന സൗകര്യ വികസനവും നടത്തും. ഇതുവഴി നിരവധി തൊഴിലവരങ്ങൾ ഉണ്ടാകുമെന്ന് ഇരു കമ്പനികളും അവകാശപ്പെട്ടു.

ഇതുകൂടാതെ ഫ്ളിപ്പ്കാർട്ട് തങ്ങളുടെ മൂന്നാമത്തെ ഡേറ്റാ സെന്റർ ചെന്നെയിലെ അദാനികോണെക്സ് പ്രൈവറ്റ് ലിമിറ്റഡ് ആസ്ഥാനത്ത് സ്ഥാപിക്കും. അദാനി ലോജിസ്റ്റിക്സ് ലിമിറ്റഡ് മുംബൈയിൽ സജ്ജമാക്കുന്ന ലോജിസ്റ്റിക്സ് ഹബ്ബിൽ, 5,34,000 ചതുരശ്രയടി വിസ്തീർണമുള്ള ഫുൾഫിൽമെന്റ് സെന്റർ നിർമിച്ച് ഫ്ളിപ്കാർട്ടിന് പാട്ടത്തിന് നൽകും. പശ്ചിമ ഇന്ത്യയിൽ വർദ്ധിച്ചുവരുന്ന ഇകൊമേഴ്സ് ആവശ്യകതയെ അഭിമുഖീകരിക്കുന്നതിനും മേഖലയിലെ ആയിരക്കണക്കിന് വിൽപ്പനക്കാരുടെയും എംഎസ്എംഇകളുടെയും ഇകൊമേഴ്സ് വിപണി പ്രവേശനത്തിനും ഇത് സാഹായകരമാകും.