കൊല്ലം: അപകടത്തിൽപെട്ട വാഹനം തിരിച്ചെടുക്കാൻ ചെന്ന അച്ഛനെയും മകനെയും പൊലീസ് ക്രൂരമായി മർദ്ദിച്ചു, മകന്റെ വൃഷണം ഞെരിച്ചുടച്ചു. കൊട്ടാരക്കര തൃക്കണ്ണമംഗൽ സ്വദേശി ശശി, മകൻ ശരത് എന്നിവർക്കാണ് മർദ്ദനമേറ്റത്. ഇരുവരെയും കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊട്ടാരക്കര പള്ളിയ്ക്കൽ വച്ച് ഈ മാസം5ന് ശശിയുടെ കാറിൽ മറ്റൊരു ബൈക്ക് ഇടിച്ചിരുന്നു. ഇതേത്തുടർന്ന് പൊലീസ് കസ്റ്റഡിയിലായ കാർ തിരിച്ചെടുക്കാനായി ഇന്നലെ പൊലീസ് സ്റ്റേഷനിലെത്തിയപ്പോഴായിരുന്നു മോശം അനുഭവം ഉണ്ടായത്. ശശിയുമായി പൊലീസ് ഉദ്യോഗസ്ഥൻ വാക്കേറ്റത്തിലായപ്പോൾ ശരത് അത് മൊബൈലിൽ വീഡിയോ ചിത്രീകരിച്ചു. ഇതേത്തുടർന്നാണ് മറ്റ് പൊലീസുകാരുമെത്തി ശശിയെയും ശരത്തിനെയും ലോക്കപ്പിലാക്കി മർദ്ദിച്ചത്. ശരത്തിന്റെ അടിവയറ്റിൽ ഇടിക്കുകയും വൃഷണ സഞ്ചി ഞെരിച്ചുടയ്ക്കുകയും ചെയ്തുവെന്നാണ് പരാതിയിൽ പറയുന്നത്. ശശിയുടെ ഇരു ചെകിട്ടത്തും അടിച്ചു. ക്രൂരമായ മർദ്ദനത്തെത്തുടർന്ന് ഇരുവരും തീർത്തും അവശനിലയിലാണ്. ജാതിപ്പേര് വിളിച്ചാണ് അടിച്ചതെന്നും ഉന്നത പൊലീസ് അധികൃതർക്കും മനുഷ്യാവകാശ കമ്മീഷനും നൽകിയ പരാതികളിൽ പറയുന്നു.