കാട്ടാക്കട: ഗ്രാമീണ മേഖലയിൽ കഞ്ചാവും അനധികൃത മദ്യ വില്പനയും സജീവമാകുന്നതായി പരാതി. ഇരുചക്രവാഹനങ്ങളിൽ മറ്റുമായി കടത്തുന്ന ഇവ കണ്ടെത്താൻ പൊലീസിനോ എക്സൈസിനോ കഴിഞ്ഞിട്ടില്ലെന്ന ആക്ഷേപവും ഉയരുന്നുണ്ട്. കാട്ടാക്കട, ആര്യനാട്, പൂവച്ചൽ, കള്ളിക്കാട്, മാറനല്ലൂർ, വിളപ്പിൽശാല, കുറ്റിച്ചൽ എന്നിവിടങ്ങളിലെല്ലാം മദ്യം സുലഭമായി കിട്ടുന്നുണ്ടെന്നാണ് പരാതി. മദ്യവും കഞ്ചാവും വില്പന നടത്താൻ ആളൊഴിഞ്ഞ പ്രദേശങ്ങളാണ് ഇതിനായി തിരഞ്ഞെടുത്തത്. രാത്രിയും പകലും വില്പന സജീവമാണ്. പഴങ്ങൾ വരുന്ന ബോക്സുകൾക്ക് സമാനമായ രീതിയിൽ പായ്ക്ക് ചെയ്തുവരെ വില്പനനടത്തുന്നുണ്ടെന്നാണ് വിവരം. അതേസമയം, വില്പനനടത്തുന്ന കേന്ദ്രങ്ങളിൽ ആവശ്യക്കാർ കൂട്ടമായി എത്താതിരിക്കാൻ ഇവർ പ്രത്യേകം ശ്രദ്ധിക്കാറുണ്ട്. ഇടപാടുകാർ കൂടുതൽ എത്തിയാൽ പൊലീസ്, എക്സൈസ്, ഷാഡോ, സ്പെഷ്യൽ ടീം എന്നിവരുടെ ശ്രദ്ധയില്പെടാനുള്ള സാദ്ധ്യത കണക്കിലെടുത്താണ് ഈ രീതി തിരഞ്ഞെടുക്കുന്നതെന്നാണ് വിവരം.
ഇതുകൂടാതെ 'മൊബൈൽ' കച്ചവടവും നടക്കുന്നുണ്ട്. വില്പനക്കാർ തിരഞ്ഞെടുക്കുന്ന സ്ഥലങ്ങളിലും ആവശ്യക്കാരൻ പറയുന്ന സ്ഥലങ്ങളിലും എല്ലാം ഇവർ വില്പനനടത്തും. ഉദ്യോഗസ്ഥരുടെ പിടിയൽ പെടാതിരിക്കാനാണ് ഇത്തരം വില്പന രീതി.
ലഹരി കണ്ടെത്താനാകാതെ
അടുത്തിടെ 75 ലിറ്റർ വിദേശമദ്യം അനധികൃതമായി സൂക്ഷിച്ചിരുന്നത് പിടികൂടിയതും, തീയ്യറ്ററിൽ നിറുത്തിയിട്ടിരുന്ന വാഹനത്തിൽ നിന്നും അര ലക്ഷത്തോളം രൂപയുടെ കഞ്ചാവ് പിടിച്ചതും ഒഴികെ കാര്യമായിലഹരി വസ്ഥുക്കൾ കണ്ടെത്താൻ അധികൃതർക്ക് കഴിഞ്ഞിട്ടില്ല. പലതും രഹസ്യ വിവരങ്ങൾ ലഭിക്കുന്നതിന്റെ അടിസ്ഥാനത്തിലോ സ്ഥിരം പുള്ളികളെ നിരീക്ഷണത്തിലൂടെയോ ആണ് പിടിക്കപ്പെടുന്നത്. മദ്യം, കഞ്ചാവ് എന്നിവക്ക് പുറമെ നിരോധിത പുകയില ഉത്പന്നങ്ങളുടെ വില്പനയ്ക്കും മലയോര പ്രദേശത്ത് ഒരു നിയന്ത്രണവുമില്ല. പിടിക്കപ്പെട്ടാലും നിസാര പെറ്റിയിലും സ്റ്റേഷൻ ജാമ്യത്തിലും പുറത്തിറങ്ങാൻ കഴിയുന്നതും ഇക്കൂട്ടർക്ക് അനുഗ്രഹമാണ്.