gove

ശബരിമല: ശബരീശ ദർശനത്തിന്റെ ഒാർമ്മയ്ക്കായി പൂങ്കാവനത്തിൽ ചന്ദനമരം നട്ടും മാലിന്യ നിർമ്മാർജനത്തിൽ പങ്കാളിയായും ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ മലയിറങ്ങി. ഞായറാഴ്ച ഇരുമുടിക്കെട്ടേന്തി മലചവിട്ടിയെത്തിയ അദ്ദേഹം ദർശനത്തിന് ശേഷം ഇന്നലെ രാവിലെ പത്തുമണിയോടെയാണ് മാളികപ്പുറത്തെ മണിമണ്ഡപത്തിന് സമീപം ചന്ദനമരത്തൈ നട്ടത്. തുടർന്ന് ശബരിമലയിലെ പുണ്യം പൂങ്കാവനം പദ്ധതിയുടെ ഭാഗമായുള്ള ശുചീകരണത്തിൽ പങ്കാളിയായി. ചൂലുകൊണ്ട് മാലിന്യങ്ങൾ തൂത്ത്, അത് കുട്ടയിലാക്കി. മകൻ കബീർ ആരിഫും ഒപ്പം ചേർന്നു. ഭക്തർക്കൊപ്പം ഫോട്ടോ എടുക്കാനും ഗവർണർ മടികാട്ടിയില്ല. ദർശനത്തിന് സൗകര്യം ക്രമീകരിച്ചുനൽകിയതിനും സ്നേഹനിർഭരമായ വരവേൽപ്പിനും ദേവസ്വം ബോർഡിനോടും ദേവസ്വം ജീവനക്കാരോടും നന്ദി പറഞ്ഞ അദ്ദേഹം ഇനിയും എത്തുമെന്നും അറിയിച്ചു. മടക്കയാത്രയിൽ ഗവർണർ സുപ്രീംകോടതിയിലെ ആദ്യ വനിതാ ജഡ്ജിയും തമിഴ്നാട് ഗവർണറുമായിരുന്ന ജസ്റ്റിസ് ഫാത്തിമാബീവിയെ പത്തനംതിട്ടയിലെ വീട്ടിലെത്തി സന്ദർശിച്ചു. വളരെക്കാലമായി ഗവർണറെ നേരിട്ട് അറിയാമെന്നും അടുത്ത ബന്ധമുണ്ടെന്നും ഫാത്തിമാബീവി പറഞ്ഞു.