മുംബയ്: അഴിമതിയാരോപണത്തിൽ ചോദ്യം ചെയ്യുന്നതിനായി ബുധനാഴ്ച സി.ബി.ഐ ഓഫീസിൽ ഹാജരാകണമെന്നാവശ്യപ്പെട്ട് മഹാരാഷ്ട്ര മുൻ ആഭ്യന്തരമന്ത്രി അനിൽ ദേശ്മുഖിന് സി.ബി.ഐ നോട്ടീസ് അയച്ചു.
മുംബയിലെ റസ്റ്റോറന്റുകൾ, ബാറുകൾ എന്നിവിടങ്ങളിൽ നിന്ന് പ്രതിമാസം നൂറ് കോടി രൂപാവീതം പിരിച്ച് നൽകാൻ മുൻ മുബയ് പൊലീസ് അസി. കമ്മിഷണർ സച്ചിൻ വാസെയോട് അനിൽ ദേശ്മുഖ് ആവശ്യപ്പെട്ടെന്ന് മുൻ മുംബയ് പൊലീസ് കമ്മിഷണർ പരംബീർ സിംഗിന്റെ ആരോപണത്തിലാണ് അന്വേഷണം.
കേസിൽ പരംബീർ സിംഗ്, സച്ചിൻവാസെ, ഡി.സി.പി രാജു ഭുജ്ബാൽ, എ.സി.പി സഞ്ജയ് പാട്ടീൽ, ഹോട്ടലുടമ മഹേഷ് ഷെട്ടി എന്നിവരുടെ മൊഴിയെടുത്തിരുന്നു.
അഴിമതി ആരോപണത്തിൽ സി.ബി.ഐ അന്വേഷണം നടത്തണമെന്ന ബോംബെ ഹൈക്കോടതി വിധിക്കെതിരെ അനിൽ ദേശ്മുഖും മഹാരാഷ്ട്ര സർക്കാരും സുപ്രീംകോടതിയിൽ ഹർജി നൽകിയത് തള്ളിയതോടെയാണ് സി.ബി.ഐ അന്വേഷണം ആരംഭിച്ചത്.
അംബാനിക്കേസിൽ അറസ്റ്റിലായ അസി.
ഇൻസ്പെക്ടറെ സസ്പെൻഡ് ചെയ്തു
വ്യവസായി മുകേഷ് അംബാനിയുടെ വീടിന് സമീപം സ്ഫോടകവസ്തുക്കൾ നിറച്ച കാർ കണ്ടെത്തിയ കേസിലും വാഹനഉടമ മൻസുഖ് ഹിരേനെ കൊലപ്പെടുത്തിയ കേസിലും കഴിഞ്ഞദിവസം എൻ.ഐ.എ അറസ്റ്റ് ചെയ്ത മുംബയ് ക്രൈം ഇന്റലിജൻസ് യൂണിറ്റ് (സി.ഐ.യു) അസിസ്റ്റന്റ് ഇൻസ്പെക്ടർ റിയാസുദ്ദീൻ ഖാസിയെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്ത് മഹാരാഷ്ട്ര സർക്കാർ.
കേസിൽ അറസ്റ്റിലായ മുൻ മുംബയ് പൊലീസ് അസി. കമ്മിഷണർ സച്ചിൻ വാസെയുടെ വിശ്വസ്തനായ റിയാസുദ്ദീൻ, ഗൂഢാലോചനയിലും തെളിവുകൾ നശിപ്പിച്ചതിലും വ്യാജ നമ്പർ പ്ളേറ്റുകൾ സംഘടിപ്പിച്ചതിലും പങ്കാളിയാണെന്ന് അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി.
ഞായറാഴ്ച വീണ്ടും ചോദ്യംചെയ്ത ശേഷമാണ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ റിയാസുദ്ദീനെ 16 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.
സസ്പെൻഷൻ കാലയളവിൽ റിയാസുദ്ദീൻ മറ്റ് സ്വകാര്യ ജോലികളിലേർപ്പെടുകയോ ബിസിനസ് ചെയ്യുകയോ പാടില്ല, മുംബയ് വിട്ടുപോകരുത്, അസി. കമ്മിഷണറുടെ ഓഫീസിലെത്തി ദിനവും ഹാജർ വയ്ക്കണം തുടങ്ങിയ നിബന്ധനകളുണ്ട്.
ഇതോടെ രണ്ട് കേസുകളിലുമായി അറസ്റ്റിലായവർ നാലായി. മൻസുഖ് വധക്കേസിൽ മുൻ കോൺസ്റ്റബിൾ വിനായക് ഷിൻഡെ, വാതുവയ്പുകാരൻ നരേഷ് ഗോറെ എന്നിവരാണ് അറസ്റ്റിലായ മറ്റുള്ളവർ. സച്ചിൻ, വിനായക്, നരേഷ് എന്നിവർ നിലവിൽ ജുഡീഷ്യൽ കസ്റ്റഡിയിലാണ്.
അതേസമയം, റസ്റ്റോറന്റ്, ബാർ ഉടമകളിൽനിന്ന് പണം പിരിക്കാൻ ആഭ്യന്തര മന്ത്രിയായിരുന്ന അനിൽ ദേശ്മുഖ് ആവശ്യപ്പെട്ടെന്ന കേസിൽ സി.ബി.ഐ അദ്ദേഹത്തിന്റെ പേഴ്സണൽ അസിസ്റ്റന്റുമാരായ സഞ്ജീവ് പലാണ്ഡെ, കുന്ദൻ എന്നിവരുടെ മൊഴിയെടുത്തു. മന്ത്രി, സച്ചിനോട് നേരിട്ട് പണം പിരിക്കാൻ ആവശ്യപ്പെട്ടപ്പോൾ ഇവർ ഒപ്പമുണ്ടായിരുന്നുവെന്ന് മുൻ മുംബയ് പൊലീസ് കമ്മിഷണർ പരംബീർ സിംഗ് ആരോപിച്ചിരുന്നു.