വർഗീയ മനോഭാവം വച്ചുപുലർത്തുന്നവരെ എതിർക്കേണ്ടത്ത് ജനാധിപത്യ, പുരോഗമന മൂല്യങ്ങളിൽ വിശ്വസിക്കുന്ന ഏതൊരു പൗരനും ചെയ്യേണ്ടുന്ന കാര്യം തന്നെയാണ്. എന്നാൽ വർഗീയവാദികളെ വിമർശിച്ചുകൊണ്ടുള്ള പ്രതികരണത്തിൽ ബോഡി ഷെയ്‌മിങ്ങും വംശീയതയും കുത്തിനിറച്ചാലോ? തൃശൂർ മെഡിക്കൽ കോളേജിലെ വിദ്യാർത്ഥികളായ ജാനകിയുടെയും നവീനിന്റെയും ഡാൻസ് വീഡിയോയ്‌ക്കെതിരെ വർഗീയ പരാമർശവുമായി തീവ്ര വലതുപക്ഷ സ്വഭാവം പുലർത്തുന്ന ഒരു അഭിഭാഷകൻ ഫേസ്ബുക്ക് പോസ്റ്റിട്ടത് അടുത്തിടെ വിവാദമായിരുന്നു. ഇയാളെ എതിർത്തുകൊണ്ട് നിരവധി പേർ രംഗത്ത് വരികയും ചെയ്തിരുന്നു.
എന്നാൽ ഇക്കൂട്ടത്തിലെ ഒരാൾ വർഗീയതയെ വിമർശിക്കാൻ തിരഞ്ഞെടുത്ത വാക്കുകൾ നമ്മിൽ അസ്വസ്ഥത ജനിപ്പിക്കുന്നതാണ്. വംശീയതയും ബോഡി ഷെയ്‌മിങ്ങും മുറ്റിനിൽക്കുന്ന ഇദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റിനെതിരെ ആദിവാസി ആക്ടിവിസ്റ്റായ മംഗ്‌ളു ശ്രീധറാണ് തന്റെ സോഷ്യൽ മീഡിയാ പോസ്റ്റിലൂടെ രംഗത്തുവന്നിരിക്കുന്നത്. സ്വന്തം വംശീയബോധം ഇല്ലാതാക്കിയിട്ടുവേണം പുരോഗമനം വിളമ്പാണെന്നാണ് മംഗ്‌ളു അദ്ദേഹത്തോട് പറയുന്നത്. ഇയാളുടെ പോസ്റ്റിന്റെ സ്ക്രീൻഷോട്ടും തന്റെ കുറിപ്പിനൊപ്പം നൽകിയിട്ടുണ്ട്.
മംഗ്‌ളു ശ്രീധറിന്റെ പോസ്റ്റ് ചുവടെ:
'വംശീയത പറയുന്ന കാര്യത്തിൽ ഹിന്ദുത്വ വാദികളുടെ ഗണത്തിൽപ്പെടുത്താവുന്ന ഒരാളാണ് ഇയാൾ. ഒരു കാര്യം മനസ്സിലാക്കണം. ആദിവാസികൾ ഏതു ഊളകളേയും കെട്ടും എന്നൊക്കെ നീ എന്തെളുപ്പത്തിലാണ് പറഞ്ഞു കളയുന്നത്. താനെന്താടോ വിചാരിച്ചിരിക്കുന്നത് ആദിവാസികൾക്ക് സവർണ്ണരെ കെട്ടാൻ മുട്ടിരിക്കുകയാണെന്നോ. സംഘപരിവാറിന് മുന്നിൽ ആദിവാസിയും മുസ്ലിമും ഒരു പോലെയാണ്. പുല്ലുവിലയുള്ളവർ. തന്റെ സ്വന്തം വംശീയ ബോധം ഇല്ലാതാക്കിയിട്ട് പുരോഗമനം വിളമ്പാൻ തുടങ്ങൂ...'
content highlight: adivasi activist manglu shreedhar against man who posted racist post on facebook.