ലണ്ടൻ: ഇംഗ്ലീഷ് പ്രിമിയർ ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് ടോട്ടൻഹാം ഹോട്സ്പറിനെ കീഴടക്കി തകർപ്പൻ ജയം സ്വന്തമാക്കി. ഒരു ഗോളിന് പിന്നിൽ നിന്ന ശേഷമാണ് മൂന്ന് ഗോൾ തിരിച്ചടിച്ച് യുണൈറ്റഡിന്റെ വിജയം. ഫ്രെഡ്, എഡിസൺ കവാനി, മേസൺ ഗ്രീൻവുഡ് എന്നിവരാണ് യുണൈറ്റഡിനായി ഗോളുകൾ നേടിയത്. രണ്ടാം പകുതിയിലാണ് യുണൈറ്റഡ് മൂന്ന് ഗോളും നേടിയത്. സൺ ഹ്യൂഗ് മിന്നാണ് ടോട്ടനത്തിനായി സ്കോർ ചെയ്യത്.ആദ്യ പകുതിയിൽ ആധിപത്യം ടോട്ടനത്തിനായിരുന്നു. നാല്പതാം മിനിട്ടിൽ ലുകാസ് മൂറയുടെ പാസിൽ സൺ ടോട്ടനത്തിനെ മുന്നിലെത്തിച്ചു. ഈ ഗോളിന്റെ മുൻതൂക്കത്തിലാണ് ടോട്ടനം സമനിലയ്ക്ക് പിരിഞ്ഞത്. എന്നാൽ ഇടവേളയ്ക്ക് ശേഷം അതിമനോഹരമായ തിരിച്ചുവരവാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് നടത്തിയത്.
അമ്പത്തിയേഴാം മിനിട്ടിൽ ഫ്രെഡ് യുണൈറ്റഡിനെ മുന്നിലെത്തിച്ചു. എഡിസൺ കവാനിയുടെ ഷോട്ട് ടോട്ടനം ഗോളി ഹ്യൂഗോ ലോറിസ് തട്ടിയകറ്റിയെങ്കിലും റീബൗണ്ട് പിടിച്ചെടുത്ത ഫ്രെഡ് പിഴവില്ലാതെ പന്ത് വലയ്ക്കകത്താക്കുകയായിരുന്നു. 79-ാം മിനിട്ടിൽ തകർപ്പൻ ഡൈവിംഗ് ഹെഡ്ഡറിലൂടെ കവാനി യുണൈറ്റഡിന് ലീഡ് സമ്മാനിച്ചു. തുടർന്ന് കളി അവസാനിക്കാൻ സെക്കൻഡുകൾ ശേഷിക്കെ രണ്ടാം പകുതിയുടെ അധിക സമയത്ത് 96-ാം മിനിട്ടിൽ പകരക്കാരനായെത്തിയ ഗ്രീൻവുഡ് പോഗ്ബയുടെ പാസ് ഗോളാക്കി യുണൈറ്റഡിന്റെ വിജയം ഉറപ്പിക്കുകയായിരുന്നു. 31 മത്സരങ്ങളിൽ നിന്ന് 63 പോയിന്റുമായി രണ്ടാം സ്ഥാനത്ത് തുടരുകയാണ് യുണൈറ്റഡ്.
ടോട്ടനം ഏഴാം സ്ഥാനത്താണ്. മറ്റൊരു മത്സരത്തിൽ ആഴ്സനൽ മറുപടിയില്ലാത്ത മൂന്ന് ഗോളുകൾക്ക് ഷെഫീഷഡ് യുണൈറ്റഡിനെ വീഴ്ത്തി.