അരങ്ങേറ്റത്തിൽ ക്യാപ്ടൻ സഞ്ജുവിന് സെഞ്ച്വറി, പഞ്ചാബിനെതിരെ രാജസ്ഥാൻ പൊരുതി തോറ്റു
വാങ്കടെ: ക്യാപ്ടന്റെ ഇന്നിംഗ്സുമായി കളം നിറഞ്ഞ സഞ്ജു സാംസൺ തകർപ്പൻ സെഞ്ച്വറിയുമായി മുന്നിൽ നിന്ന് നയിച്ചെങ്കിലും ആവേശം അവസാന പന്തുവരെ നീണ്ട ഐ.പി.എൽ പോരാട്ടത്തിൽ രാജസ്ഥാൻ റോയൽസിന് കിംഗ്സ് ഇലവൻ പഞ്ചാബിനെതിരെ നാല് റൺസിന്റെ തോൽവി.
ത്രില്ലർ പോരാട്ടത്തിൽ ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ്,ക്യാപ്ടൻ കെ.എൽ. രാഹുലിന്റെ നേതൃത്വത്തിലുള്ള ബാറ്റിംഗ് വെടിക്കെട്ടിന്റെ പിൻബലത്തിൽ നിശ്ചിത 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 221 റൺസ് നേടി. അതേ നാണയത്തിൽ തിരിച്ചടിച്ച രാജസ്ഥാൻ സഞ്ജുവിന്റെ (63 പന്തിൽ 119) സെഞ്ച്വറിയുടെ ചിറകിലേറി കുതിച്ചെങ്കിലും 4 റൺസ് അകലെ അവരുടെ പോരാട്ടം അവസാനിച്ചു (217/7).
അവസാന ഓവറിൽ രാജസ്ഥാന് ജയിക്കാൻ 13 റൺസായിരുന്നു വേണ്ടിയിരുന്നത്. അക്ഷർ ദീപ് സിംഗ് എറിഞ്ഞ ആ ഓവറിലെ നാലാം പന്തിൽ സിക്സടിച്ച് സഞ്ജു രാജസ്ഥാന് വലിയ പ്രതീക്ഷ നൽകി. അഞ്ചാം പന്ത് ലോംഗ് ഓഫിലേക്ക് അടിച്ച സഞ്ജു നോൺ സ്ട്രൈക്കർ ക്രിസ് മോറിസ് റൺസിനായി ഓടിയെങ്കിലും തിരിച്ചയച്ചു. അവസാന പന്ത് സഞ്ജു കവറിന് മുകളിലൂടെ പറത്തിയെങ്കിലും ബൗണ്ടറി ലൈനിൽ ദീപക് ഹൂഡ കൈയിൽ ഒതുക്കുകയായിരുന്നു.
നേരത്തേ പഞ്ചാബ് ഉയർത്തിയ കൂറ്റൻ വിജയ ലക്ഷ്യം പിന്തുടർന്നിറങ്ങിയ രാജസ്ഥാന്റെ തുടക്കം തകർച്ചയോടെയായിരുന്നു. അക്കൗണ്ട് തുറക്കുന്നതിന് മുന്നേ അവർക്ക് ഓപ്പണർ ബെൻ സ്റ്റോക്സിനെ നഷ്ടമായി. മുഹമ്മദ് ഷാമി സ്വന്തം പന്തിൽ സ്റ്റോക്സിനെ പിടികൂടുകയായിരുന്നു.പിന്നാലെ ചെറിയ മിന്നലാട്ടം നടത്തി മനൻ വോറയും (12) മടങ്ങി.
എന്നാൽ ഒരറ്റത്ത് വീക്കറ്റ് വീഴുമ്പോഴും മറുവശത്ത് തകർപ്പൻ സ്ട്രോക്കുകളുമായി സഞ്ജു കളം നിറയുകയായിരുന്നു. പിന്നീടെത്തിയ ജോസ് ബട്ട്ലർ (13 പന്തിൽ 25), ശിവം ദുബെ (15 പന്തിൽ 23), റയാൻ പരാഗ് (11 പന്തിൽ 25, 3 സിക്സ് 1 ഫോർ) എന്നിവർ സഞ്ജുവിന് നിർണായക പിന്തുണ നൽകി. 63 പന്തിൽ 12 ഫോറും 7 സിക്സും ഉൾപ്പെട്ടതാണ് സഞ്ജുവിന്റെ ഇന്നിംഗ്സ്. ഐ.പി.എല്ലിൽ ക്യാപ്ടനായി അരങ്ങേറ്റത്തിൽ സെഞ്ച്വറി നേടുന്ന ആദ്യതാരമാണ് സഞ്ജു. അക്ഷർദീപ് പഞ്ചാബിനായി മൂന്ന് വിക്കറ്റ് വീഴ്ത്തി.
ടോസ് നേടിയ രാജസ്ഥാൻ നായകൻ സഞ്ജു ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. എന്നാൽ അദ്ദേഹത്തെ ഞെട്ടിച്ച് പഞ്ചാബ് ബാറ്റ്സ്മാൻമാരായ രാഹുലും (50 പന്തിൽ 91), ക്രിസ് ഗെയ്ലും (28 പന്തിൽ 40), ദീപക്ക് ഹൂഡയും (28 പന്തിൽ 64) കത്തിക്കയറി.
പഞ്ചാബ് തുടക്കം മുതൽ ആക്രമിച്ചാണ് കളിച്ചത്. എന്നാൽ ടീം സ്കോർ 22ൽ എത്തിയപ്പോൾ മായങ്ക് അഗർവാളിനെ സഞ്ജുവിന്റെ കൈയിൽ എത്തിച്ച് പുതുമുഖ താരം ചേതൻ സക്കാരിയ രാജസ്ഥാന് ബ്രേക്ക് ത്രൂ നൽകി. പക്ഷേ പകരം ക്രീസിലെത്തിയ ക്രിസ് ഗെയ്ൽ രാഹുലിനൊപ്പം വെടിക്കെട്ടിന് തിരികൊളുത്തിയതോടെ രാജസ്ഥാന്റെ സന്തോഷം മാഞ്ഞു. റയാൻ പരാഗെന്ന പാർട്ടൈം സ്പിന്നറെക്കൊണ്ടുവന്നാണ് സഞ്ജു ഗെയിലിന്റെ വെടിക്കെട്ട് അവസാനിപ്പിച്ചത്. ലോംഗ് ഓണിൽ സ്റ്റോക്കെടുത്ത സൂപ്പർ ക്യാച്ചിലൂടെ ഗെയ്ൽ മടങ്ങുമ്പോൾ അദ്ദേഹത്തിന്റെ ബാറ്റിൽ നിന്ന് 4 ഫോറും 2 സിക്സും പറന്ന് കഴിഞ്ഞിരുന്നു.
എന്നാൽ സർപ്രൈസ് വരാനിരിക്കുന്നതേ ഉണ്ടായിരുന്നുള്ളൂ. ബാറ്റിംഗ് ഓർഡറിൽ സ്ഥാനക്കയറ്റം കിട്ടിയെത്തിയ ദീപക്ക് ഹൂഡ മാലപ്പടക്കത്തിന് തിരികൊളുത്തിയതോടെ പഞ്ച് സ്കോർ റോക്കറ്റു പോലെ കുതിച്ചു. 20 പന്തിൽ ഹൂഡ അർദ്ധ സെഞ്ച്വറി തികച്ചു.
മോറിസിന്റെ പന്തിൽ റയാൻ പരാഗ് പിടിച്ച് മടങ്ങുമ്പോൾ ക്യാപ്ടനൊപ്പം 47 പന്തിൽ 105 റൺസിന്റെ കൂട്ടുകെട്ട് പടുത്തുയർത്തിക്കഴിഞ്ഞിരുന്നു ഹൂഡ. 6 കൂറ്റൻ സിക്സുകളും 4 ഫോറുകളും ഉൾപ്പെട്ടതാണ് ഹൂഡയുടെ ഇന്നിംഗ്സ്.
പൂരൻ നേരിട്ട് ആദ്യ പന്തിൽ സക്കാരിയയുടെ അവിശ്വസനീയ ക്യാച്ചിലൂടെ മോറീസിന് വിക്കറ്റ് നൽകി മടങ്ങി. അവസാന ഓവറിൽ രാഹുലിനേയും റിച്ചാർഡ്സണേയും (0) പുറത്താക്കി 3 വിക്കറ്റുമായി സക്കാരിയ അരങ്ങേറ്റം മനോഹരമാക്കി. മൂന്നോളം ക്യാച്ചുകൾ കൈവിട്ടത് രാജസ്ഥാന് തിരിച്ചടിയായി.
മുംബയ് - കൊൽക്കത്ത
ഐ.പി.എല്ലിൽ ഇന്ന് നടക്കുന്ന മത്സരത്തിൽ നിലവിലെ ചാമ്പ്യൻമാരായ മുംബയ് ഇന്ത്യൻസ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ നേരിടും.
ചെന്നൈയിലെ ചെപ്പോക്കിൽ രാത്രി 7.30 മുതലാണ് മത്സരം
ആദ്യ മത്സരത്തിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനോട് തോറ്റ മുംബയ് സീസണിലെ ആദ്യം ജയമാണ് ലക്ഷ്യം വയ്ക്കുന്നത്.
ആദ്യ മത്സരത്തിൽ സൺറൈസേഴ്സ് ഹൈദരാബാദിനെ 10 റൺസിന് തോൽപ്പിക്കാനായതിന്റ ആത്മവിശ്വാസത്തിലാണ് കൊൽക്കത്ത ഇറങ്ങുന്നത്.
ഇന്ന് ക്വിന്റൺ ഡി കോക്കും ആദം മിൽനെയും മുംബയ്ക്കായി കളത്തിലിറങ്ങും.