മുംബയ് : ഐ..പി..എല്ലിൽ ക്യാപ്ടനായുള്ള അരങ്ങേറ്റമത്സരത്തിൽ സഞ്ജുവിനും രാജസ്ഥാനൻ റോയൽസിനും മുന്നിൽ കൂറ്റൻ വിജയലക്ഷ്യമുയർത്തി പഞ്ചാബ് കിംഗ്സ് ഇലവൻ.. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ പഞ്ചാബ് നിശ്ചിത 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 221 റൺസെടുത്തു. രാജസ്ഥാന് ലക്ഷ്യം 222 റൺസ്.
ക്യാപ്ടനായുള്ള ആദ്യ മത്സരത്തിൽ തന്നെ സഞ്ജുവിന് ടോസ് ലഭിച്ചു.. തുടർന്ന് പഞ്ചാബിനെ ബാറ്റിംഗിന് അയയ്ക്കുകയായിരുന്നു, ക്യാപ്ടൻ കെഎൽ രാഹുലിന്റെ തകർപ്പൻ ബാറ്റിംഗാണ് പഞ്ചാബിന് മികച്ച സ്‌കോർ സമ്മാനിച്ചത്. രാഹുൽ 50 പന്തുകൾ നേരിട്ട് 91 റൺസെടുത്തു. ചേതൻ സക്കരിയയുടെ പന്തിൽ രാഹുൽ തെവാഡിയ ഉജ്ജ്വല ക്യാച്ചെടുത്താണ് രാഹുലിനെ മടക്കിയത്.
28 പന്തിൽ 64 റൺസെടുത്ത് ദീപക് ഹൂഡയും 28 പന്തിൽ 40 റൺസുമായി ക്രിസ് ഗെയ്ലും രാഹുലിന് മികച്ച പിന്തുണ നൽകി. . വെറും 20 പന്തിലാണ് ഹൂഡ അർധ സെഞ്ച്വറി അടിച്ചെടുത്തത്.നിക്കോളാസ് പൂരൻ ഗോൾഡൻ ഡക്കായി മടങ്ങിയപ്പോൾ ഓപ്പണർ മായങ്ക് അഗർവാൾ 14 റൺസുമായി കൂടാരം കയറി.
അവസാന ഓവറിൽ അഞ്ച് റൺസ് മാത്രം വഴങ്ങി രണ്ട് വിക്കറ്റെടുത്ത ചേതൻ സക്കരിയ മത്സരത്തിൽ ആകെ മൂന്ന് വിക്കറ്റുകൾ വീഴ്ത്തി രാജസ്ഥാൻ നിരയിൽ തിളങ്ങി. ക്രിസ് മോറിസ് രണ്ടും റിയാൻ പരഗ് ഒരു വിക്കറ്റും സ്വന്തമാക്കി.