മുംബയ്: പുതിയ സഫാരിയുടെ പ്രചരണത്തിനായി വമ്പൻ പരസ്യബോർഡ് സ്ഥാപിച്ച് ടാറ്റ മോട്ടോർസ്. മുംബയ്-പൂനെ എക്സ്പ്രസ് ഹൈവേയിലാണ് ആരെയും അമ്പരപ്പിക്കുന്ന പരസ്യബോർഡ് സ്ഥാപിച്ചിരിക്കുന്നത്. ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ പരസ്യബോർഡാണ് സഫാരിക്കായി ടാറ്റ സ്ഥാപിച്ചതെന്ന് ടീം ബിഎച്ച്പിയും റഷ്‌ലാൻ ഡെയ്‌ലി ആട്ടോ ന്യൂസും റിപ്പോർട്ട് ചെയ്യുന്നു.
പരസ്യബോർഡിന് 22 അടി വീതിയും 125 അടി ഉയരവുമുണ്ട്. 265 ടൺ സ്റ്റീലാണ് ഇതിന്റെ ചട്ടക്കൂട് നിർമിക്കാനായി ഉപയോഗിച്ചിട്ടുള്ളത്. വാഹനത്തിന്റെ രൂപവും സഫാരി എന്ന ഭീമൻ എഴുത്തുമാണ് ഇതിലുള്ളത്. ഹോർഡിംഗിന്റെ മൊത്തം വിസ്തീർണ്ണം 28,000 സ്‌കൊയർഫീറ്റ് വരുമെന്നും നേരത്തെ ഇതേസ്ഥലത്ത് ടാറ്റ ഹാരിയറിന്റെ സമാന രീതിയിലുള്ള ബോർഡ് വച്ചിരുന്നതായും റിപ്പോർട്ടുകളുണ്ട്. ആ ബോർഡിനേക്കാൾ പുതിയ ബോർഡിന് 500 സ്‌കൊയർഫീറ്റ് കൂടുതലുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ പറയുന്നത്.
ഈ വർഷം ഫെബ്രുവരിയിലാണ് ടാറ്റ മോട്ടോർസ് പുതിയ സഫാരിയെ വിപണിയിലെത്തിച്ചത്. ഹാരിയറിന്റെ സെവൻ സീറ്റ് വേർഷനാണ് സഫാരി. രണ്ടു ലീറ്റർ, ക്രയോടെക് ഡീസൽ എൻജിനാണ് സഫാരിക്ക് കരുത്തേകുന്നത്. 168 ബിഎച്ച്പി വരെ കരുത്തും 350 എൻ എം ടോർക്കും സൃഷ്ടിക്കാൻ പ്രാപ്തിയുള്ള എൻജിനു കൂട്ടായി ആറു സ്പീഡ് മാനുവൽ, ആറു സ്പീഡ് ഓട്ടമാറ്റിക് ഗീയർബോക്സുകളാവും ട്രാൻസ്മിഷൻ. ടാറ്റ ഹാരിയറിന്റെ വലുപ്പം കൂടിയ വകഭേദമാണ് പുതിയ സഫാരി. ഹാരിയറിനെക്കാൾ 70 എംഎം നീളമുണ്ട് സഫാരിക്ക്.