ചാർളിസ്റ്റൺ: ചാർളിസ്റ്റൺ ഡബ്ല്യു.ടി.എ ടെന്നീസ് ടൂർണമെന്റിൽ റഷ്യയുടെ വെറോണിക്ക കുഡർമെറ്റോ ചാമ്പ്യനായി. ഫൈനലിൽ ഡാങ്ക കോവിനിച്ചിനെ കീഴടക്കിയാണ് ലോകറാങ്കിംഗിൽ 38-ാം സ്ഥാനത്തുള്ള വെറോണിക്ക കിരീടത്തിൽ മുത്തമിട്ടത്.
കലാശപ്പോരാട്ടത്തിൽ നേരിട്ടുള്ള സെറ്റുകളിലാണ് വെറോണിക്കയുടെ ജയം. സ്കോർ 6-4,6-2. ഫൈനലിൽ ഡാങ്കയ്ക്ക് ഒരവസരം പോലും വെറോണിക്ക നൽകിയില്ല. വെറോണിക്കയുടെ ആദ്യത്തെ ഡബ്ല്യു.ടി.എ കിരീടമാണിത്. ടൂർണമെന്റിൽ ഒരു സെറ്റ്പോലും നഷ്ടപ്പെടുത്താതെയായിരുന്നു വെറോണിക്കയുടെ പടയോട്ടം. ഈയിടെ അവസാനിച്ച അബുദാബി ഓപ്പണിൽ വെറോണിക്ക ഫൈനലിലെത്തിയിരുന്നെങ്കിലും ആര്യന സബലെങ്കയോട് പരാജയപ്പെട്ടു.