km-shaji

കോഴിക്കോട്: വിജിലൻസ് റെയ്ഡിൽ തന്റെ വീട്ടിൽ നിന്നും അരക്കോടി രൂപ കണ്ടെത്തിയ സംഭവത്തിൽ പ്രതികരണവുമായി കെഎം ഷാജി എംഎൽഎ. വിജിലൻസ് റെയ്ഡ് താൻ പ്രതീക്ഷിച്ച നാടകമാണെന്നും ആസൂത്രിതമായ വേട്ടയാണ് നടന്നതെന്നും കെഎം ഷാജി മാദ്ധ്യമങ്ങളോട് പ്രതികരിച്ചു. റെയ്ഡ് അഴിഞ്ഞാട്ടമാണെന്നും എല്ലാ പണത്തിനും രേഖയുണ്ടെന്നും തന്നെ പൂട്ടാൻ മുഖ്യമന്ത്രി പിണറായി വിജയന് കഴിയില്ലെന്നും അദ്ദേഹം പ്രതികരിച്ചു.

കെഎം ഷാജിയുടെ വീട്ടിൽ നടന്ന 17 മണിക്കൂറുകൾ നീണ്ട റെയ്ഡ് അൽപ്പം മുമ്പാണ് അവസാനിച്ചത്. ഇന്ന് രാവിലെ ഏഴു മണിക്കാണ് എംഎൽഎയുടെ വീട്ടിലെ റെയ്ഡ് ആരംഭിച്ചത്. എംഎൽഎയുടെ കോഴിക്കോട്ടെ മാലൂർക്കുന്നിലെയും കണ്ണൂരിലെ ചാലാടിലെയും വീടുകളിലാണ് ഒരേസമയം റെയ്ഡ് നടന്നത്. കണ്ണൂരിലെ വീട്ടിൽ നിന്നുമാണ് 50 ലക്ഷം രൂപ വിജിലൻസ് കണ്ടെടുത്തത്.

അനധികൃത സ്വത്ത് സമ്പാദനകേസിൽ കെ.എം. ഷാജിക്കെതിരെ വിജിലൻസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിരുന്നു. വിജിലൻസ് എസ് പി ശശിധരന്റെ നേതൃത്വത്തിലുള്ള പ്രത്യക സംഘമാണ് ഷാജിയുടെ മാലൂർകുന്നിലെ വീട്ടിലെത്തിയത്. ഒന്നര മണിക്കൂറോളം പുറത്ത് പരിശോധന നടത്തിയ സംഘം പിന്നീട് അകത്തേക്ക്കയറി. റെയ്ഡ് വീക്ഷിച്ച് ഷാജിയും വീടിന് പുറത്തുണ്ടായിരുന്നു.

കണ്ണൂർ ചാലോടിലും ഇതേസമയം വിജിലൻസിന്റെ മറ്റൊരു സംഘം പരിശോധന ആരംഭിച്ചു. ഷാജിയുടെ സാമ്പത്തിക ഇടപാടുകളെപ്പറ്റി കൂടുതൽ വിവരങ്ങൾ തേടുകയായിരുന്നു ലക്ഷ്യം. 2012 മുതൽ 2021 വരെയുള്ള ഒമ്പത്വർഷ കാലഘട്ടത്തിൽ കെ.എം. ഷാജിക്ക് 166 ശതമാനം അധിക വരുമാനം ഉണ്ടായി എന്നാണ് വിജിലൻസിന്റെ കണ്ടെത്തൽ. അഭിഭാഷകനായ എംആർ ഹരീഷ് നൽകിയ പരാതിയിലാണ് ഷാജിക്കെതിരെ കേസെടുക്കാൻ വിജിലൻസ് കോടതി അനുമതി നൽകിയത്.

content highlight: km shaji reacts to raid at his kannur house