ടോക്കിയോ: ഒരു പതിറ്റാണ്ട് മുമ്പ് സുനാമിയിൽ തകർന്ന ഫുകുഷിമ ആണവ നിലയത്തിലെ 10 ലക്ഷം ടണ്ണിലേറെ വരുന്ന മലിന ജലം കടലിലൊഴുക്കാനൊരുങ്ങി ജപ്പാൻ സർക്കാർ. അയൽരാജ്യങ്ങളെയും ഫുകുഷിമയിലെ മത്സ്യബന്ധന വ്യവസായത്തെയും പ്രതിസന്ധിയിലാക്കിയ തീരുമാനമാണിത്. നിലയം പൂർണമായി പൊളിച്ചുമാറ്റാനുള്ള ഏക വഴി ഇതാണെന്ന് മന്ത്രിസഭ യോഗത്തിൽ പ്രധാനമന്ത്രി യോഷിഹിഡെ സുഗ പറഞ്ഞു. ഒളിമ്പിക്സ്അടുത്തിരിക്കെയാണ് ജപ്പാനെ പ്രതിക്കൂട്ടിൽ നിറുത്തുന്ന പുതിയ നീക്കം. ചെറിയ അളവിലെങ്കിൽ അത്ര അപകടകരമല്ലാത്ത ട്രിറ്റിയം എന്ന റേഡീയോആക്ടീവ് വസ്തു അടങ്ങിയതാണ് ഈ ജലം. ഇതോടൊപ്പം ആണവവികിരണ ശേഷിയുള്ള മറ്റു വസ്തുക്കളുമുണ്ട്. എന്നാൽ, മറ്റുള്ളവ നീക്കം ചെയ്യുകയോ വേർപിരിച്ചെടുക്കുകയോ ചെയ്യാമെങ്കിലും ട്രിറ്റിയം വേർതിരിച്ചെടുക്കൽ എളുപ്പമല്ലെന്ന് ആണവ നിലയം ഉടമകളായ ടെപ്കോ പറഞ്ഞു. സംസ്കരണം പൂർത്തിയാക്കിയ ശേഷമേ ജലം പുറത്തേക്ക് കളയൂ എന്ന് സർക്കാർ അറിയിക്കുന്നുണ്ടെങ്കിലും നീക്കത്തിനെതിരെ ആഗോളതലത്തിലെ പ്രമുഖ പരിസ്ഥിതി സംഘടനകൾ രംഗത്തുവന്നിട്ടുണ്ട്. ആണവ നിലയത്തിനകത്ത് 12.5 ലക്ഷം ടൺ മലിനജലമാണ് അടിഞ്ഞുകൂടിയിരിക്കുന്നത്. ടലിലൊഴുക്കും മുമ്പ് സംസ്കരണം നടത്തി അപകടകരമായ ഐസോടോപ്പുകൾ വേർതിരിച്ചെടുക്കണം. ഓരോ ദിവസവും 140 ടൺ എന്ന കണക്കിൽ വർദ്ധിച്ചുവരുന്ന റേഡിയോ ആക്റ്റീവ് ജലം 1,000 ടാങ്കുകളിലായാണ് സംഭരിച്ചുവച്ചിരിക്കുന്നത്. നിരന്തരം കൂടിവരുന്ന സാഹചര്യത്തിൽ മാസങ്ങൾക്കുള്ളിൽ ഇവ നിറയുമെന്നതിനാലാണ് കടലിൽ ഒഴുക്കുന്നത്.
@ എതിർത്ത് അയൽരാജ്യങ്ങളും പരിസ്ഥിതി സംഘടനകളും,
അതേസമയം, ജപ്പാന്റെ തീരുമാനത്തിനെതിരെ പരിസ്ഥിതി സംഘടനകളും ഫുകുഷിമ നിവാസികളും അയൽരാജ്യങ്ങളും രംഗത്തെത്തി. ഫുകുഷിമയിലെ ജനങ്ങളെ ജപ്പാൻ സർക്കാർ ഒരിക്കൽ കൂടി പരാജയപ്പെടുത്തിയെന്ന് ഗ്രീൻപീസ് ജപ്പാൻ പ്രതികരിച്ചു. റേഡിയോ ആക്ടീവ് മാലിന്യങ്ങളെ കൊണ്ട് പസഫിക് സമുദ്രം മലിനീകരിക്കാനുള്ള ബോധപൂർവമായ ശ്രമമാണ് ജപ്പാൻ നടത്തുന്നത്. ഇത് ഒരിക്കലും ന്യായീകരിക്കാനാവില്ല. ഈ മലിനജലം സംഭരിച്ച് വിവിധ പ്രക്രിയകളിലൂടെ റേഡിയേഷന്റെ പ്രത്യാഘാതങ്ങൾ കുറച്ചു കൊണ്ടുവരാനുള്ള സാങ്കേതികവിദ്യകളൊന്നും ഉപയോഗിക്കാതെ അവർ ഏറ്റവും ചെലവ് കുറഞ്ഞ മാർഗം തേടിയിരിക്കുകയാണ് - ഗ്രീൻപീസ് പ്രതിനിധിയായ കസുവേ സുസുകി പറഞ്ഞു. ജപ്പാന്റെ നീക്കത്തിനെതിരെ സമർപ്പിക്കുന്ന നിവേദനത്തിൽ ജപ്പാനിൽ നിന്നും അയൽരാജ്യമായ ദക്ഷിണ കൊറിയയിൽ നിന്നും രണ്ട് ലക്ഷത്തിലേറെ പേർ ഒപ്പ് വച്ചതായും ഗ്രീൻപീസ് അറിയിച്ചു.
ചൈന, തായ്വാൻ എന്നീ രാജ്യങ്ങളും ജപ്പാനെതിരെ രംഗത്തെത്തിയിട്ടുണ്ട്. ജപ്പാന്റെ നീക്കം ഐക്യരാഷ്ട്ര സംഘടനയുമായി ഒപ്പ് വച്ച (United Nations Convention on the Law of the Sea -UNCLOS) കരാറുകളുടെ ലംഘനമാണെന്നും ഇതിനെതിരെ പ്രതികരിക്കുമെന്നും ഗ്രീൻപീസ് കൂട്ടിച്ചേർത്തു.
മലിനജലം സംഭരണികളിൽ സൂക്ഷിക്കുന്നത് ഏറെ ആശങ്ക സൃഷ്ടിക്കുന്ന പ്രശ്നം തന്നെയാണെങ്കിലും കടലിൽ ഒഴുക്കിവിടുന്നത് സ്വീകാര്യമായ നടപടിയല്ലെന്ന് ഐക്യരാഷ്ട്ര സംഘടന നേരത്തെ പറഞ്ഞിരുന്നു. ഫുകുഷിമയിലെ മലിനജലം കടലിലേക്ക് ഒഴുക്കിവിടുന്നത് മത്സ്യസമ്പത്തിനെ തകർക്കുമെന്നും അതിനാൽ ഈ നടപടിയിൽ നിന്നും സർക്കാർ പിന്മാറമാണെന്നും പ്രദേശത്തെ മത്സ്യത്തൊഴിലാളികൾ നാളുകളായി ആവശ്യപ്പെടുന്നുണ്ടായിരുന്നു.
@പിന്തുണയുമായി അമേരിക്ക
എന്നാൽ, ജപ്പാന് പിന്തുണയുമായി അമേരിക്ക രംഗത്തുണ്ട്. ഇന്റർനാഷണൽ അറ്റോമിക് എനർജി ഏജൻസിയുടെ നിയമങ്ങളെല്ലാം പാലിച്ചുകൊണ്ടാണ് ജപ്പാൻ മലിനജലം ഇത്രയും വർഷങ്ങൾ സംഭരിച്ചുപോന്നതെന്ന് യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വക്താവ് നെഡ് പ്രൈസ് പറഞ്ഞു. വലിയ വെല്ലുവിളിയുയർത്തുന്ന ഈ പ്രശ്നത്തിന്റെ പരിഹാരത്തിനുള്ള എല്ലാ സാദ്ധ്യതകളും ജപ്പാൻ വിശദമായി പരിശോധിച്ചിട്ടുണ്ട്. സുതാര്യമായാണ് എല്ലാ തീരുമാനങ്ങളും അവർ സ്വീകരിച്ചിട്ടുള്ളത്. ആണവ സുരക്ഷയുമായി ബന്ധപ്പെട്ട എല്ലാ അന്താരാഷ്ട്ര നിയമങ്ങളും പാലിച്ചുകൊണ്ടാണ് ജപ്പാൻ ഈ മാർഗം സ്വീകരിച്ചിരിക്കുന്നതെന്ന് തന്നെയാണ് കരുതുന്നത് - നെഡ് പ്രൈസ് കൂട്ടിച്ചേർത്തു.