തിരുവനന്തപുരം: തലസ്ഥാനത്ത് ദേശീയപാതയിൽ സ്വർണവ്യാപാരിയെ ആക്രമിച്ച് നൂറുപവനോളം കൊള്ളയടിച്ച കവർച്ചാ സംഘത്തിന്റെ സി സി ടി വി ദൃശ്യങ്ങൾ പുറത്ത്. സംഘം വ്യാപാരിയുടെ വാഹനത്തെ പിന്തുടരുന്ന ദൃശ്യങ്ങളാണ് ലഭിച്ചത്. സംഘത്തെക്കുറിച്ച് പൊലീസിന് വ്യ ക്തമായ സൂചന ലഭിച്ചതായും റിപ്പോർട്ടുണ്ട്. കവർച്ചാസംഘത്തെ സഹായിച്ചവരെപറ്റിയും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. സംസ്ഥാനത്തിന് പുറത്തും അന്വേഷണം നടക്കുകയാണ്.. സംശയമുള്ള ചിലരെ പ്രത്യേകം നിരീക്ഷിക്കുന്നുണ്ട്.
വെള്ളിയാഴ്ച രാത്രി എട്ട് മണിയോടെ പള്ളിപ്പുറം ടെക്‌നോ സിറ്റിക്ക് സമീപത്തുവച്ചാണ് കവർച്ച നടന്നത്. രണ്ടുകാറുകളിലായി എത്തിയ അജ്ഞാത സംഘം സ്വർണവ്യാപാരിയായ സമ്പത്തിനെ വഴിയിൽ തടഞ്ഞു നിർത്തി മുളകുപൊടി എറിഞ്ഞ ശേഷം വെട്ടിപരിക്കേൽപ്പിച്ചാണ് കവർച്ച നടത്തിയത്. സമ്പത്തിനെകൂടാതെ ഡ്രൈവർ അരുൺ, ബന്ധുവായ ലക്ഷ്മൺ എന്നിവരും കാറിലുണ്ടായിരുന്നു. നെയ്യാറ്റിൻകരയിൽ നിന്നും നൂറു പവൻ സവർണവുമായി ആറ്റിങ്ങലിലേക്ക് പോവുകയായിരുന്നു ഇവർ. അരുണിനെയും ലക്ഷ്മണിനെയും അക്രമി സംഘം തട്ടികൊണ്ടുപോയി രണ്ട് സ്ഥലങ്ങളിലായി ഉപേക്ഷിച്ചുവെന്നായിരുന്നു മൊഴി.പക്ഷെ അന്വേഷണത്തിൽ രണ്ടു പേരെയും പോത്തൻകോടിന് സമീപം വാവറഅമ്പലത്താണ് ഉപേക്ഷിച്ചതെന്ന് കണ്ടെത്തി. ലക്ഷ്മൺ അവിടെ നിന്നും ഓട്ടോയിൽ കയറി ആറ്റിങ്ങൽ എത്തി നെയ്യാറ്റിൻകരയിലെ വീട്ടിലേക്ക് പോവുകയായിരുന്നുവെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ഇവരെയും ചോദ്യം ചെയ്യുന്നുണ്ട്.