major

മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്റെ ജീവിത കഥ പറയുന്ന മേജര്‍ സിനിമയുടെ ടീസര്‍ പുറത്തുവിട്ടു. പ്രമുഖ താരങ്ങള്‍ തങ്ങളുടെ ഫേസ്ബുക്ക് പേജില്‍ ടീസര്‍ ഷെയര്‍ ചെയ്‌തു. മൂന്ന് ഭാഷകളിലായി തിയേറ്ററുകളിലെത്തുന്ന സിനിമയുടെ മലയാളം ടീസര്‍ പൃഥ്വിരാജും ഹിന്ദി ടീസര്‍ സല്‍മാന്‍ ഖാനും തെലുങ്ക് ടീസര്‍ മഹേഷ് ബാബുവും പുറത്തിറക്കി. 2021 ജൂലയ് രണ്ടിനാണ് മേജര്‍ റിലീസ് ചെയ്യുന്നത്.

യുവതാരമായ അദിവി ശേഷ് ആണ് സന്ദീപ് ഉണ്ണികൃഷ്ണനായി എത്തുന്നത്. ശശി കിരൺ ടിക്കയാണ് സംവിധാനം. മികച്ച സിനിമയായിരിക്കും മേജര്‍ എന്നു തന്നുതന്നെയാണ് ടീസര്‍ സൂചന നല്‍കുന്നത്. നടന്‍ മഹേഷ് ബാബുവിന്റെ ഉടമസ്ഥതയിലുള്ള ജി മഹേഷ് ബാബു എന്റര്‍ടെയ്ന്‍മെന്റ്‌സും സോണി പിക്‌ചേഴ്‌സ് ഇന്റര്‍നാഷണല്‍ പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ചിത്രത്തില്‍ ശോഭിത ധൂലിപാല, സെയ് മഞ്ജരേക്കര്‍, പ്രകാശ്രാജ്, രേവതി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

രാജ്യത്ത് 2008ലെ ഭീകരാക്രമണത്തിനിടെ 14 പൗരന്‍മാരെ രക്ഷിച്ച എന്‍എസ്ജി കമാന്‍ഡോയാണ് മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്‍. പരിക്കു പറ്റിയ സൈനികനെ രക്ഷിക്കുന്നതിനിടെയായിരുന്നു സന്ദീപ് ഉണ്ണികൃഷ്ണന്‍ വെടിയേറ്റ് വീരമൃത്യു വരിച്ചത്. കോഴിക്കോട് ജില്ലയിലെ ചെറുവണ്ണൂരിലാണ് സന്ദീപ് ഉണ്ണികൃഷ്ണന്‍ ജനിച്ചത്.