സിനിമയെ സ്നേഹിക്കുന്ന ആസ്വാദകരുടെ മനസിൽ ഇടം നേടിയ ഒട്ടനവധി മികച്ച സിനിമകളുടെ രചന നിർവഹിക്കുകയും അഭിനയിക്കുകയും സംവിധാനം ചെയ്യുകയുമൊക്കെ ചെയ്ത ഒരു ചലച്ചിത്രകാരനായിട്ടാണ് അധികം പേരും ഇന്ന് പി. ബാലചന്ദ്രൻ എന്ന മഹാപ്രതിഭയെ അറിയുന്നത്. എന്നാൽ ഒരു കാലത്ത് അമച്വർ നാടകവേദിയിലും കാമ്പസ് തീയേറ്ററിലുമൊക്കെ വലിയ ചലനം സൃഷ്ടിച്ച ആധുനിക നാടകങ്ങളുടെ അമരക്കാരനായിരുന്നു അദ്ദേഹം. അർത്ഥപൂർണമായ നാടകവേദിക്കുവേണ്ടി അഹോരാത്രം പ്രയത്നിച്ച അസാധാരണ ധീഷണശാലിയായ ഒരു നാടകക്കാരൻ എന്ന നിലയിലാണ് എന്റെയൊക്കെ മനസിൽ അദ്ദേഹത്തിനുള്ള സ്ഥാനം.
വിദ്യാർത്ഥിയായിരിക്കന്ന കാലം. നാടകം ഒരു ലഹരിയായി കൊണ്ടു നടന്നിരുന്ന അക്കാലത്താണ് പി. ബാലചന്ദ്രൻ എന്ന നാമവും ആ നാടകകൃത്തിന്റെ നാടകങ്ങളും എന്റെ മുന്നിലെത്തുന്നത്. മകുടി, ചെണ്ട, പാവം ഉസ്മാൻ തുടങ്ങിയുള്ള ആ നാടകങ്ങൾ അന്ന് വലിയ ജനശ്രദ്ധ പിടിച്ചുപറ്റുകയും നിരവധി അവാർഡുകൾ കരസ്ഥമാക്കുകയും ചെയ്തിരുന്നു. പ്രൊഫ. ജി. ശങ്കരപ്പിള്ള എന്ന നാടകകലയുടെ സൂര്യൻ പ്രസരിപ്പിച്ച പ്രകാശം ഒട്ടും പ്രഭ മങ്ങാതെ പ്രതിഫലിപ്പിച്ച നാടകത്തിന്റെ പൂർണചന്ദ്രനായിരുന്നു പി. ബാലചന്ദ്രൻ. തൃശൂർ സ്കൂൾ ഓഫ് ഡ്രാമയിൽ നിന്ന് നേടിയ പരിശീലനത്തിന്റെ പിൻബലത്തിൽ നാടക കളരികളും അഭിനയക്യാമ്പുകളുമൊക്കെ സംഘടിപ്പിച്ചും നാടകങ്ങൾ രചിച്ചും സംവിധാനം ചെയ്ത് രംഗാവിഷ്കാരം നിർവഹിച്ചും നാടകത്തിന് നവമായൊരു ഭാവുകത്വം നൽകി. അവതരണത്തിലും ആസ്വാദനത്തിലുമെല്ലാം പുത്തൻ അനുഭവം പ്രദാനം ചെയ്യുന്ന നൂതനനാടക പരീക്ഷണങ്ങൾക്ക് പി. ബാലചന്ദ്രൻ എന്ന നാടക പ്രതിഭ നേതൃത്വം നൽകി.
ആ നാടകങ്ങൾ കണ്ട ആവേശം കൊണ്ടാണ് കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ തൃശൂർ സ്കൂൾ ഒഫ് ഡ്രാമയിൽ നാടകം പഠിക്കണമെന്ന് അതിയായ അഭിനിവേശം എന്നിലുണ്ടായത്. ബിരുദപഠനത്തിനുശേഷം സ്കൂൾ ഒഫ് ഡ്രാമയിൽ ചേർന്നു. നാടകകലയുടെ ആ മഹാസ്ഥാപനത്തിന്റെ ജീവാത്മാവും പരമാത്മാവുമായ പ്രൊഫ. ജി. ശങ്കരപ്പിള്ള എന്ന മഹാഗുരുവിന്റെ സന്തതസഹചാരിയായി പി. ബാലചന്ദ്രൻ സാറും അവിടെ ഉണ്ടായിരുന്നു. നേരിൽക്കാണും മുമ്പ് തന്നെ വളരെ ആദരവോടെ ഹൃദയത്തോട് ചേർത്തു പിടിച്ചിരുന്ന പി. ബാലചന്ദ്രൻ എന്ന ആ പ്രതിഭാധനനെ സ്കൂൾ ഓഫ് ഡ്രാമ പഠനകാലത്ത് അദ്ധ്യാപകനായി ലഭിച്ചതിൽ അതിരറ്റ അഭിമാനവും ആഹ്ലാദവുമായിരുന്നു എനിക്ക്. പിന്നീട് അതൊരു വലിയ ആത്മബന്ധമായി മാറുകയായിരുന്നു. ഒരു 'ഗുരുവിനെ" ശിഷ്യൻ 'ഏട്ടൻ" എന്നുവിളിക്കുന്ന അവസ്ഥയിലേയ്ക്ക് വരെ ആ ഗുരുശിഷ്യബന്ധം വളർന്നു. ഞാൻ മാത്രമല്ല പ്രായഭേദമന്യേ എല്ലാവരും അദ്ദേഹത്തെ ബാലേട്ടൻ എന്നായിരുന്നു വിളിച്ചിരുന്നത്. നാടകകലയുടെ മഹാഗോപുരമായ ജി. ശങ്കരപ്പിള്ളസാർ പോലും അദ്ദേഹത്തിന്റെ പ്രിയപ്പെട്ട ആ ശിഷ്യനെ ബാലേട്ടൻ എന്നാണ് വിളിക്കാറെന്ന് ഞങ്ങൾ ശിഷ്യർ അൽപ്പം തമാശയായി പറയാറുണ്ടായിരുന്നു.
ജീൻസ് പാന്റ്സ്, കടുംനീല പോലുള്ള നിറങ്ങളിലെ നീളൻ ജുബ, തോളിൽ ഒരു തുണി സഞ്ചി അതിൽ നിറയെ നാടകസംബന്ധിയായ ഗ്രന്ഥങ്ങൾ. ബുദ്ധിജീവി ജാഡയല്ലാത്ത, ഒരു ജീനിയസെന്ന് വിളിച്ചോതുന്ന സുന്ദരമായ മുഖത്തിന് ചേരുന്ന ആഢ്യത്തമുള്ള താടി. അതിനിടയിലെവിടെയോ ഒളിപ്പിച്ചു വച്ച ഒരു കുസൃതിച്ചിരിയുമായി തൃശൂർ സ്കൂൾ ഒഫ് ഡ്രാമയുടെ ഡോ. ജോൺ മത്തായി സെന്ററിന്റെ രാജകീയ പ്രൗഢിയുള്ള ഇരുനിലക്കെട്ടിടത്തിന്റെ തടിപ്പടവുകൾ ചടുലവേഗത്തിൽ ചവിട്ടിക്കയറി, യുവത്വത്തിന്റെ പ്രസരിപ്പോടെ നല്ല ചുറുചുറുക്കോടെ പൊക്കക്കുറവിന്റെ പൊക്കവുമായി സ്നേഹസൗഹൃദങ്ങളുമായി നടന്നുവരുന്ന ബാലേട്ടന്റെ രൂപമാണിപ്പോഴും മനസിൽ. ഇടയ്ക്കൊക്കെ 'ബീഡിയുണ്ടോടാ കുവേ...""എന്ന് ശിഷ്യരോട് ചോദിച്ചും അതുവാങ്ങി ആസ്വദിച്ച് പുകയൂതി രസിച്ചും, നാടക കലയുടെയും നാട്യസംസ്കൃതിയുടെയും സകലമർമ്മങ്ങളും നൻമയുള്ള നർമത്തിലൂടെ വാരിവിതറി പൊട്ടിച്ചിരിച്ചും ചിരിപ്പിച്ചും പഠിപ്പിച്ച് ഞങ്ങളിലൊരാളായി ഞങ്ങളുടെ പ്രിയപ്പെട്ട ഗുരുനാഥൻ. ലോകനാടകവേദിയെക്കുറിച്ചും അതിന്റെ പുത്തൻ പ്രവണതകളെക്കുറിച്ചും അതിൽ നടക്കുന്ന പുതിയ ഗവേഷണങ്ങളെയും പരീക്ഷണങ്ങളെയും കുറിച്ചുമൊക്കെ അഗാധമായ അറിവുണ്ടായിരുന്ന ബാലേട്ടൻ സമഗ്രമായ വിജ്ഞാനത്തിന്റെ ഒരു കേന്ദ്രമായിരുന്നു. നാടകത്തിന്റെ രംഗാവതരണത്തെക്കുറിച്ചും രംഗഭാഷയെക്കുറിച്ചും സംവിധാനത്തെയും അഭിനയത്തെക്കുറിച്ചുമൊക്കെയുള്ള ക്ലാസുകൾ അദ്ദേഹം കൈകാര്യം ചെയ്തിരുന്നു.
അഭിനയക്ലാസുകളിൽ അഭിനവ അഭിനയ തത്വങ്ങളുടെ പാശ്ചാത്യപരമാചാര്യനായ സ്റ്റാനിസ്ലാവ്സ്കിയുടെയും, മേയർ ഹോൾഡിന്റെയുമൊക്കെ തിയറികൾ ഒന്നൊന്നായി വിശദീകരിച്ചു നൽകി. അവയുടെ അർത്ഥവത്തായ അവതരണസാദ്ധ്യതകൾ ആംഗികചലനങ്ങളിലൂടെയും ഭാവവാഹാദികളിലൂടെയും മനോധർമ്മാഭിനയത്തിലൂടെയുമൊക്കെ മനോഹരമായി പ്രാക്ടിക്കലായി പ്രകടിപ്പിച്ചുകാട്ടി. ഒരു തികഞ്ഞ നടന്റെ എല്ലാ സവിശേഷതകളോടും ശരീരഭാഷയോടും ശബ്ദനിയന്ത്രണങ്ങളോടും കൂടി അസാധാരണ വഴക്കത്തോടെ കഥാപാത്രങ്ങളിലേയ്ക്ക് പരകായ പ്രവേശം നടത്തി പകർന്നാടി, ബാലേട്ടനിലെ നടൻ ഏവരെയും വിസ്മയിപ്പിച്ചു. ആ ഗുരുനാഥനിൽ നിന്നും ആർജ്ജിച്ച പുത്തനറിവുകളുടെ അപാരതയും, അന്ന് ഞങ്ങൾക്കായ് തുറന്നുനൽകിയ ലോകനാടകവേദിയുടെ അനന്തവിശാലതയും പകർന്നു നൽകിയ സ്നേഹസൗഹൃദങ്ങളുമെല്ലാം അമൂല്യനിധിശേഖരമായി ഇന്നും ഹൃദയത്തിലുണ്ട്.
സ്കൂൾ ഓഫ് ഡ്രാമാ പഠനകാലത്ത് ഞാൻ ഷേക്സ്പിയർ കഥാപാത്രങ്ങളായ മാക്ബത്ത്, ഒഥല്ലോ, കൊറിയോലേനസ് തുടങ്ങിയവയും സോഫോക്ലീസിന്റെ 'ഈഡിപ്പസ്" പോലുള്ള ഗ്രീക്ക് ട്രാജഡികളിലെ കഥാപാത്രങ്ങളുമൊക്കെ അഭിനയിച്ചിരുന്നു. അത്തരം വളരെ സീരിയസ് ആയുള്ള കഥാപാത്രങ്ങൾ അവതരിപ്പിച്ച് പ്രശംസ പിടിച്ചു പറ്റിയിരുന്ന സമയം അന്ന് ബാലേട്ടൻ സംവിധാനം ചെയ്ത ജി. ശങ്കരപ്പിള്ള സാറിന്റെ 'കഥാവശേഷൻ" എന്ന നാടകത്തിൽ ഒരു ഹാസ്യപ്രധാനമായ കഥാപാത്രം എനിക്ക് നൽകുകയുണ്ടായി. എനിക്കത് കഴിയുമോ എന്ന ആശങ്കയിൽ വളരെ സങ്കോചത്തോടെ നിൽക്കുമ്പോൾ ബാലേട്ടൻ നൽകിയ പ്രോത്സാഹനത്തിന്റെയും ആത്മവിശ്വാസത്തിന്റെയും ധൈര്യത്തിലാണ് ആ കഥാപാത്രം തരക്കേടില്ലാതെ അഭിനയിക്കാനായത്. ഹാസ്യവും ചെയ്യാൻ എനിക്കാവും എന്ന് ആദ്യം തിരിച്ചറിഞ്ഞത് ബാലേട്ടനാണ്. ഹാസ്യവും ശൃംഗാരവും രൗദ്രവും ബീഭത്സവും തുടങ്ങി നവരസങ്ങളെല്ലാം അഭിനയിക്കാൻ നടനു കഴിയണമെന്നും അപ്പോഴേ നടന്റെ പൂർണ്ണത കൈവരൂ എന്നും പഠിപ്പിച്ചു തന്നത് ബാലേട്ടനായിരുന്നു. ഒരു നടൻ എന്ന നിലയിൽ എന്നെ രൂപപ്പെടുത്തിയതിൽ ബാലേട്ടന്റെ പങ്ക് വളരെ വലുതാണ്.
അസാമാന്യമായ ഹ്യൂമർ സെൻസുണ്ടായിരുന്നു ബാലേട്ടന്. എന്തിലും ഏതിലും നർമ്മം കണ്ടെത്താനും, വളരെ മനോഹരമായി നർമ്മം ആവിഷ്ക്കരിക്കാനുമുള്ള അസാധാരണമായ നൈപുണ്യം അദ്ദേഹത്തിന് ജന്മസിദ്ധമായിത്തന്നെയുണ്ടായിരുന്നു. വില്യംഗോഗോളിന്റെ 'ഇൻസ്പെക്ടർ ജനറൽ" എന്ന റഷ്യൻ നാടകത്തെ മലയാളീകരിച്ച് 'മേൽവിലാസം" എന്ന പേരിൽ സ്കൂൾ ഓഫ് ഡ്രാമയിലെ 'കൾട്ട്" എന്ന നാടകസംഘത്തിന്റേതായി ബാലേട്ടൻ രചനയും സംവിധാനവും നിർവഹിച്ച് അവതരിപ്പിച്ചിരുന്നു. ഏറെ മികച്ച ഒരു ആക്ഷേപഹാസ്യ നാടകമായിരുന്നു അത്. ഒരു നാടകം കണ്ട് ഇത്രയേറെ ആസ്വദിച്ച് ചിരിച്ചിട്ടുള്ള മറ്റൊരു നാടകവും ജീവിതത്തിലിന്നോളം ഞാൻ കണ്ടിട്ടില്ല.
ഉന്നതനായ ഒരു കലാകാരൻ എന്നതിലുപരി എന്തിനെക്കുറിച്ചും അറിവുള്ള ഒരു വ്യക്തിയായിരുന്നു അദ്ദേഹം. മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിയുടെ സ്കൂൾ ഓഫ് ലെറ്റേഴ്സിലും അദ്ധ്യാപകനായിരുന്നു. നാടകകൃത്ത്, തിരക്കഥാകൃത്ത്, സംവിധായകൻ, അഭിനേതാവ്, പ്രഭാഷകൻ, അദ്ധ്യാപകൻ, ഭാഷാപണ്ഡിതൻ എന്നിങ്ങനെ ഒരു ബഹുമുഖപ്രതിഭ തന്നെയായിരുന്നു അദ്ദേഹം. കേരള സാഹിത്യഅക്കാഡമി പുരസ്കാരം, സംഗീത നാടക അക്കാഡമി പുരസ്കാരം, ചലച്ചിത്ര അക്കാഡമി പുരസ്കാരം തുടങ്ങി അനവധി അംഗീകാരങ്ങൾ അദ്ദേഹത്തിനെ തേടിയെത്തി. ബാലേട്ടന്റെ ജീവിതാനുഭവങ്ങൾ, കഥകൾ എല്ലാം പലപ്പോഴും ഞങ്ങൾക്ക് പറഞ്ഞു തന്നിരുന്നു. ഒരു നാട്ടുമ്പുറത്തുകാരന്റെ തനത് ശൈലികളും ഗ്രാമീണ നിഷ്കളങ്കതയും ഉള്ളിലുള്ളത് വെട്ടിത്തുറന്നു പറയുന്ന നാട്യങ്ങളില്ലാത്ത ഹൃദയനൈർമ്മല്യവും ജീവിതലാളിത്യവുമൊക്കെ ആ വ്യക്തിത്വത്തിന്റെ സവിശേഷതകളായിരുന്നു. ബാലേട്ടനെ അവസാനമായി കാണുന്നത് മമ്മുക്ക നായകനായിട്ടുള്ള ഈയടുത്ത് റിലീസ് ആയ 'വൺ" എന്ന സിനിമയുടെ ലൊക്കേഷനിൽ വെച്ചായിരുന്നു. അന്ന് ഞങ്ങൾ സംസാരിച്ചതിലധികവും നാടകത്തെപ്പറ്റിത്തന്നെയായിരുന്നു. സാമുവൽ ബെക്കറ്റിന്റെ 'ഗോദോയെക്കാത്ത്്" എന്ന നാടകത്തെപ്പറ്റിയും ജി. ശങ്കരപിള്ള സാറിന്റെ 'കറുത്ത ദൈവത്തെത്തേടി" എന്ന നാടകത്തെപ്പറ്റിയും, അതൊക്കെ വീണ്ടും വേദികളിൽ അവതരിപ്പിക്കുന്നതിനെപ്പറ്റിയുമൊക്കെ അദ്ദേഹം വളരെയധികം സംസാരിച്ചിരുന്നു. ആയുർവേദത്തിന്റെ മഹത്വത്തെപ്പറ്റിയും ജീവിതത്തിന്റെ നിരർത്ഥകതയെക്കുറിച്ചും രംഗബോധമില്ലാതെ കടന്നുവരുന്ന കോമാളിയായ മരണത്തെപ്പറ്റിയുമൊക്കെ ബാലേട്ടൻ അന്ന് നിർത്താതെ സംസാരിച്ചുകൊണ്ടിരുന്നു. പഴയ ആ ശിഷ്യന്റെ കൗതുകത്തോടെ എല്ലാം ശ്രദ്ധയോടെ ഞാൻ കേട്ടിരുന്നു.
വേർപാടുകളെല്ലാം വേദനാജനകമാണ്. കാലം കനിവോടെ ആ നൊമ്പരങ്ങൾ തഴുകിയുണക്കുമെന്ന് പറയാറുണ്ട്. പക്ഷേ ചില വേർപാടുകൾ സൃഷ്ടിക്കുന്ന മുറിപ്പാട് കാലമെത്ര കഴിഞ്ഞാലും കരിഞ്ഞുണങ്ങാതെ നോവുന്ന ഓർമ്മയായി മനസ്സിലുണ്ടാവും. ബാലേട്ടന്റെ അപ്രതീക്ഷിതമായുള്ള ഈ അരങ്ങൊഴിയൽ അങ്ങനെയൊന്നാണ്. നാം ജീവിക്കുന്ന ലോകത്ത് നാം ജീവിക്കുന്ന കാലത്ത് എപ്പോഴും നമ്മോടു കൂടി ഉണ്ടായിരുന്നെങ്കിൽ എന്ന് നമ്മൾ ആത്മാർത്ഥമായി ആഗ്രഹിച്ചുപോകുന്ന ചിലരുണ്ടാവും. അങ്ങനെയൊരു വ്യക്തിത്വമാണ് എനിക്ക്, പി. ബാലചന്ദ്രൻ എന്ന ബാലേട്ടൻ എന്ന - എന്റെ പ്രിയപ്പെട്ട ഗുരുനാഥൻ.
(ചലച്ചിത്ര നടനായ ലേഖകന്റെ ഫോൺ: 9447499449)