കൊല്ലം: പെട്രോൾ പമ്പിൽ യുവാക്കളുടെ കൂട്ടത്തല്ലും കത്തിക്കുത്തും. രണ്ടുപേർക്ക് പരിക്കേറ്റു. അക്രമികളിൽ ഒരാളെ നാട്ടുകാർ പിടികൂടി കൈകാര്യം ചെയ്തശേഷം പൊലീസിന് കൈമാറി. ഓച്ചിറയ്ക്കുസമീപത്തെ പമ്പിലായിരുന്നു അക്രമങ്ങൾ അരങ്ങേറിയത്.
ആദ്യം വന്നവർക്ക് ആദ്യം ഇന്ധനം നൽകണമെന്ന ആവശ്യമാണ് കൈയാങ്കളിയിലേക്കും കത്തിക്കുത്തിലേക്കും എത്തിയത്. ഇതുകണ്ട് സമീപത്തുണ്ടായിരുന്ന ചിലർ തടസം പിടിക്കാനെത്തി. ഇവർക്കാണ് കുത്തേറ്റത്. പരിക്കേറ്റ ആലുംപീടിക സ്വദേശികളായ സുമേഷ്, മിഥുൻ എന്നിവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്ഥിരം കുറ്റവാളികളായ ചിലരാണ് പ്രശ്നത്തിന് കാരണമെന്നാണ് പൊലീസ് പറയുന്നത്. ഓടി രക്ഷപെട്ട മറ്റു പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ട്. കൂട്ടത്തല്ലിന്റെയും കത്തിക്കുത്തിന്റെയും സി സി ടി വി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.