തിരുവനന്തപുരം: കൊവിഡ് സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്ന സ്‌പീക്കർ പി.ശ്രീരാമകൃഷ്‌ണൻ ഐ.സി.യുവിൽ. കൊവിഡിനൊപ്പം ന്യുമോണിയയും സ്ഥിരീകരിച്ചതിനെ തുടർന്നാണ് അദ്ദേഹത്തെ തീവ്രപരിചരണവിഭാഗത്തിൽ പ്രവേശിപ്പിച്ചത്. എന്നാൽ അദ്ദേഹത്തിന്റെ ആരോഗ്യം തൃപ്‌തികരമാണെന്ന് ഡോക്‌ടർമാർ അറിയിച്ചു. അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി നിരീക്ഷിച്ച് ചികിത്സയ്‌ക്കായി പ്രത്യേക മെഡിക്കൽ ബോർഡ് രൂപീകരിച്ചിട്ടുണ്ട്.
ശനിയാഴ്‌ചയോടെയാണ് പി.ശ്രീരാമകൃഷ്‌ണന് കൊവിഡ് സ്ഥിരീകരിച്ചത്. ഔദ്യോഗിക വസതിയായ 'നീതി'യിൽ ഹോം ക്വാറന്റൈനിലായിരുന്ന അദ്ദേഹത്തെ പിന്നീട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. ഡോളർ കടത്ത് കേസിൽ വസതിയിലെത്തി കസ്‌റ്റംസ് സംഘം സ്‌പീക്കറെ ചോദ്യം ചെയ്‌തത് വെളളിയാഴ്‌ചയായിരുന്നു. തുടർന്ന് പേട്ടയിലെ ഫ്ലാറ്റിലും കസ്‌റ്റംസ് പരിശോധന നടത്തി. വ്യാഴാഴ്‌ച ഹാജരാകണമെന്ന് സ്‌പീക്കറോട് ആവശ്യപ്പെട്ടെങ്കിലും ശരീരസുഖമില്ലാത്തതിനാൽ അദ്ദേഹത്തിന് ഹാജരാകാൻ കഴിഞ്ഞിരുന്നില്ല. തുടർന്ന് ശനിയാഴ്‌ച നടത്തിയ വൈദ്യപരിശോധനയിൽ കൊവിഡ് സ്ഥിരീകരിക്കുകയായിരുന്നു.