രാമക്ഷേത്ര നിര്‍മ്മാണം ദ്രുതഗതിയില്‍ പുരോഗമിക്കുന്ന അയോദ്ധ്യ സന്ദര്‍ശിക്കാന്‍ തത്‌പര്യപ്പെടുന്ന മലയാളികളുടെ എണ്ണം വര്‍ദ്ധിക്കുന്നു. ഇത് കണ്ടറിഞ്ഞ് ഇന്ത്യന്‍ റെയില്‍വേയുടെ ഐ.ആര്‍.സി.ടി.സി കേരളത്തില്‍ നിന്നും കൂടുതല്‍ അയോദ്ധ്യ പില്‍ഗ്രിം ടൂറിസം പാക്കേജുകള്‍ക്ക് ഒരുക്കം തുടങ്ങി. എയര്‍ ടൂറിനൊപ്പം ചെലവുകുറഞ്ഞ പ്രത്യേക ട്രെയിന്‍ പാക്കേജും ഉടന്‍ ഉണ്ടാകും.
മാര്‍ച്ചില്‍ നടന്നിയ മൂന്ന് അയോദ്ധ്യാ എയര്‍ടൂറിനും സീറ്റ് ഫുള്ളായിരുന്നു. ഏപ്രില്‍ രണ്ടിലെ യാത്രയുടെ ടിക്കറ്റുകളും ഒറ്റയടിക്ക് വിറ്റു പോയി. അടുത്ത മാസം മുതല്‍ പ്രതിമാസം ആറ് സര്‍വീസുകള്‍ നടത്താനാണ് തീരുമാനം. കൊച്ചി, കോയമ്പത്തൂര്‍ വിമാനത്താളങ്ങളില്‍ നിന്നുള്ള എയര്‍പക്കേജില്‍ ഒറ്റ ട്രിപ്പിന് 20-30 പേരെയാണ് കൊണ്ടു പോകുന്നത്. 26000 രൂപയാണ് ഭക്ഷണവും ( ഉച്ചഭക്ഷണം ഒഴികെ) താമസവുമടക്കം അഞ്ചു ദിവസത്തെ യാത്രയ്ക്ക് ആകെ ചെലവ്. ത്രീസ്റ്റര്‍ ഹോട്ടലിലാണ് താമസസൗകര്യം.
ട്രെയിന്‍ പാക്കേജിന്റെ നിരക്ക് കണക്കാക്കിയിട്ടില്ല. അയോദ്ധ്യാ ടൂര്‍ പാക്കേജാണെങ്കിലും വാരണാസിയില്‍ ഇറങ്ങി കാശി വിശ്വനാഥ ക്ഷേത്രം, അന്നപൂര്‍ണേശ്വരി ക്ഷേത്രം, സരാനാഥ്, അലഹബാദ് ഫോര്‍ട്ട്, പതേല്‍പുരി ക്ഷേത്രം എന്നിവ സന്ദര്‍ശിച്ച ശേഷമാണ് അയോദ്ധ്യയിലേക്ക് തിരിക്കുക. രാമജന്മഭൂമി, ലക്ഷ്മണ്‍ഘട്ട്, കലറാം ക്ഷേത്രം, കനക് ഭവന്‍ ക്ഷേത്രം എന്നിവ സന്ദര്‍ശിച്ച് അടുത്ത ദിവസം മടക്കം.
അയോദ്ധ്യയാത്രക്ക് ആവശ്യക്കാര്‍ ഏറിയതിനാല്‍ ട്രെയിന്‍മാര്‍ഗമുള്ള ടൂറിസം പാക്കേജ് ആലോചിക്കുന്നുവെന്ന് ഐ.ആര്‍.സി.ടി.സി ജോയിന്റ് മാനേജര്‍ ആര്‍.രതീഷ് ചന്ദ്രന്‍ പറഞ്ഞു. ചെലവ് കുറച്ച് ഒറ്റയടിക്ക് 600ലേറെ പേരെ കൊണ്ടുപോകുന്ന സ്‌പെഷ്യന്‍ ട്രെയിന്‍ പാക്കേജാണ് ആലോചിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.