ജനാധിപത്യത്തിന്റെ ഉത്സവം എന്ന പേരിൽ തിരഞ്ഞെടുപ്പ് ദിവസം കേരളകൗമുദിയിൽ പ്രസിദ്ധീകരിച്ച ഡിസ്പ്ലേ കാർട്ടൂണിനെ കുറിച്ചാണല്ലോ കഴിഞ്ഞ ആഴ്ച ഈ പംക്തിയിൽ എഴുതിയത്. തിരഞ്ഞെടുപ്പ് കാലത്ത് മാദ്ധ്യമങ്ങളിൽ ചർച്ചയായ ഏറ്റവും പ്രധാനപ്പെട്ട വിഷയങ്ങളെ മുഴുവൻ ഒറ്റ ഫ്രെയിമിൽ കൊണ്ടുവരുന്നത് ആയിരുന്നു ആ കാർട്ടൂൺ. കേരളത്തിലെയും ദേശീയതലത്തിലേയും പ്രധാനപ്പെട്ട എല്ലാ രാഷ്ട്രീയ നേതാക്കളും അണിനിരന്ന ആ കാർട്ടൂണിലെ മുഖ്യകഥാപാത്രം പക്ഷേ അവരാരും ആയിരുന്നില്ല. മാസ്കിട്ട് നിശബ്ദനായി തന്റെ വോട്ടവകാശം വിനിയോഗിക്കാൻ പോളിംഗ് ബൂത്തിലേക്ക് പോകുന്ന വോട്ടർ തന്നെയാണ് ജനാധിപത്യ ഉത്സവത്തിലെ നായകൻ. കാർട്ടൂണിൽ ജനം എന്ന വലിയ സമൂഹത്തെ എങ്ങനെ വരച്ചിടാൻ ആകും എന്നത് രാഷ്ട്രീയ കാർട്ടൂണിസ്റ്റുകൾ പണ്ടുമുതലേ അഭിമുഖീകരിച്ചിരുന്ന ഒരു പ്രതിസന്ധിയാണ്. പ്രശസ്ത കാർട്ടൂണിസ്റ്റായിരുന്ന ആർ.കെ. ലക്ഷ്മണൻ ആദ്യകാലത്ത് ഒരു വലിയ ആൾക്കൂട്ടം തന്നെ തന്റെ കാർട്ടൂണുകളിൽ വരച്ചിടുമായിരുന്നു.
പിന്നീട് ഇത്തരം വലിയ ആൾക്കൂട്ടത്തെ കാർട്ടൂണിന്റെ പശ്ചാത്തലത്തിൽ ചിത്രീകരിക്കുന്നത് ബുദ്ധിമുട്ടായി തോന്നി. ദൈനംദിന കാർട്ടൂണിസ്റ്റുകളെ സംബന്ധിച്ചിടത്തോളം സമയവുമായുള്ള മൽപ്പിടുത്തം ആണ് ഒരോ ദിവസത്തെ കാർട്ടൂണുകളും. ഒരുപാട് കഥാപാത്രങ്ങളെ ചിത്രീകരിക്കേണ്ടി വരുമ്പോൾ പശ്ചാത്തലത്തിൽ ജനം എന്ന സമൂഹത്തെ സൂചിപ്പിക്കാനായി വലിയ ആൾക്കൂട്ടത്തെ ചിത്രീകരിക്കേണ്ടി വരുന്നത് പ്രയാസമായിരുന്നു. പോകപ്പോകെ ഈ ആൾക്കൂട്ടത്തിലെ ആളുകളുടെ എണ്ണം കുറഞ്ഞു വന്നു. പിന്നീട് ഒരൊറ്റ വ്യക്തിയായി മാറി. പക്ഷേ അപ്പോഴും വായനക്കാരൻ ആ വ്യക്തിയെ ജനം എന്ന സമൂഹത്തിന്റെ മുഴുവൻ പ്രതിനിധിയായി കാണാൻ തുടങ്ങി .അങ്ങനെ ഒരു ആൾക്കൂട്ടത്തെ മുഴുവൻ പ്രതിനിധാനം ചെയ്യുന്ന ഒറ്റ വ്യക്തി ആയിരുന്നു ആർ.കെ. ലക്ഷ്മണിന്റെ കോമൺ മാൻ.തന്റെ പ്രശസ്തകഥാപാത്രമായ കോമൺ മാൻ എങ്ങനെ രൂപപ്പെട്ടു എന്നതിനെക്കുറിച്ച് ആത്മകഥയായ ടണൽ ഓഫ് ടൈമിൽ ആർ.കെ. ലക്ഷ്മണൻ വിശദീകരിക്കുന്നത് ഇങ്ങനെയാണ്. എല്ലാ കാർട്ടൂണിസ്റ്റുകൾക്കും ജനം എന്ന സമൂഹത്തെ പ്രതിനിധാനം ചെയ്യാൻ ഇതുപോലെ ഒരു ഇമേജ് ആവശ്യമായിവരും. കേരളകൗമുദിയിൽ വരുന്ന കാർട്ടൂണുകളിൽ പാളത്തൊപ്പി വച്ച ഒരു കഥാപാത്രമാണ് ജനം. കാലം പോയിട്ടും തന്റെ വേഷത്തിലോ രൂപത്തിലോ മാറ്റം വരാതെ അദ്ദേഹം ഇന്നും നിലനിൽക്കുന്നു. വായനക്കാർ മുഴുവൻ ആ രൂപത്തെ ജനം എന്ന് വായിച്ചെടുക്കുന്നു. കാർട്ടൂണിൽ ആ കഥാപാത്രത്തിലൂടെ തന്നെത്തന്നെയാണ് വായനക്കാരൻ കാണുന്നത്.
തന്റെ ചിന്തകളും തന്റെ പ്രതിഷേധങ്ങളും ആണ് ആ കഥാപാത്രത്തിലൂടെ വായനക്കാരൻ പങ്കുവയ്ക്കുന്നത്. ഒരു പക്ഷേ കാർട്ടൂണിസ്റ്റിന് ചിന്തിക്കാൻ പോലും സാധിക്കാത്ത വിധം ആ കഥാപാത്രം ജനവുമായി,അല്ലെങ്കിൽ വായനക്കാരുമായി താദാത്മ്യം പ്രാപിക്കുന്നു. വായനക്കാരൻ ഇഷ്ടപ്പെടാത്ത ഒരു പശ്ചാത്തലത്തിൽ ആ കഥാപാത്രത്തെ പ്രതിഷ്ഠിക്കാൻ കാർട്ടൂണിസ്റ്റിന് അവകാശം പോലുമില്ല.ഈ കഥാപാത്രം സംസാരിക്കുകയോ തന്റെ അഭിപ്രായം പരസ്യമായി പ്രകടിപ്പിക്കുകയോ ചെയ്യാറില്ല.പലപ്പോഴും എല്ലാത്തിനും നിശബ്ദസഖിയാണ് അയാൾ. ദേശീയ സംസ്ഥാന രാഷ്ട്രീയത്തിലെ ഏത് വേദിയിലും ഏത് നേതാവിനൊപ്പവും ഒരേ ഫ്രെയിമിൽ ഈ കഥാപാത്രത്തെ പലപ്പോഴും കാണാം.
ജനം എന്ന ഈ കഥാപാത്രം മുഖ്യവേഷത്തിൽ വരുന്ന ചില കാർട്ടൂണുകൾ കുറിച്ചാണ് ഇത്തവണ. തിരഞ്ഞെടുപ്പുകാലത്തെ അടിയൊഴുക്കുകളെ കുറിച്ചാണ് ഒരു കാർട്ടൂൺ. ഏതു തിരഞ്ഞെടുപ്പിലും പോളിംഗ് ദിനം കഴിഞ്ഞാൽ അടിയൊഴുക്കുകളെ കുറിച്ചുള്ള ചർച്ച സജീവമാകും. ജനം എന്ന ഈ കഥാപാത്രത്തിന്റെ വിധി എന്താകുമെന്ന് ഒരു രാഷ്ട്രീയപാർട്ടിക്കും ഏത് അഭിപ്രായസർവേകൾക്കും കൃത്യമായി പ്രവചിക്കാൻ സാധിക്കില്ല. തിരഞ്ഞെടുപ്പിലെ ഓളങ്ങൾക്ക് കീഴെ അടിയൊഴുക്കുകൾ നിർണയിക്കാനും ജനവിധി രേഖപ്പെടുത്താനും ഒരുങ്ങുന്ന ജനമാണ് ആദ്യത്തെ കാർട്ടൂണിൽ. വിവിധ ജാതി, മതവിഭാഗങ്ങളുടെ പ്രതിനിധികൾ വോട്ടിംഗ് യന്ത്രത്തിൽ ഇടം നേടുമ്പോൾ ജനത്തിന്റെ പ്രതിനിധി എവിടെ എന്ന ആശങ്കപ്പെടുന്ന ജനം എന്ന കഥാപാത്രത്തെയാണ് നമുക്ക് മറ്റൊരു കാർട്ടൂണിൽ കാണാനാവുക. എല്ലാ ജാതി, മത വിഭാഗങ്ങൾക്കും പ്രാതിനിധ്യം ലഭിക്കുമ്പോൾ ജനാധിപത്യം ജാതിപത്യമാകുന്ന കാഴ്ചയാണ് ആ കാർട്ടൂണിൽ വരച്ചത്.
ജനാധിപത്യഉത്സവത്തിൽ പങ്കാളികളാകണമെന്ന് പ്രധാനമന്ത്രി ആഹ്വാനം ചെയ്യുമ്പോൾ അത് ആസ്വദിച്ച് ഉത്സവലഹരിയിൽ നിൽക്കുന്ന ജനത്തെയാണ് മറ്റൊരു കാർട്ടൂണിൽ കാണാനാവുക. ആയും അമ്പാരിയും വെടിക്കെട്ടും വാദ്യമേളങ്ങളും നിറഞ്ഞ തിരഞ്ഞെടുപ്പുകാലത്ത് മുഖ്യകഥാപാത്രമായി വരുന്ന ജനം, ഉത്സവപിറ്റേന്ന് ആനകളും ആരവങ്ങളും ഒഴിയുമ്പോൾ ഉത്സവം മാലിന്യങ്ങൾക്ക് നടുവിൽ നിൽക്കുന്ന കാഴ്ചയാണ് മറ്റൊരു കാർട്ടൂണിൽ കാണുന്നത്. ജനാധിപത്യ ഉത്സവത്തിലെ ഏക് ദിൻ സുൽത്താൻ ആയ ജനത്തിന്റെ അവസ്ഥ വോട്ടെടുപ്പ് കഴിഞ്ഞാൻ എന്തായിത്തീരുമെന്ന് ഈ കാർട്ടൂണിൽ കാണാം.
(ടി.കെ. സുജിത്തിന്റെ ഫോൺ: 9349320281)