രാമഭദ്രനും ലക്ഷ്മണനും ഉത്സാഹത്തിന്റെ കൊടുമുടിയിലായിരുന്നു.അവർ ഒരു യാത്ര പോകുകയാണ്. അപൂർവമായേ അവർ യാത്ര ചെയ്യാറുള്ളൂ.ഗോവിന്ദൻ നായർ നിരന്തരം യാത്ര പോകുന്ന ആളാണ്. എന്നാലയാളുടെ യാത്രകൾ തീർത്ഥയാത്രകളാണ്. ക്ഷേത്രങ്ങളിലേക്കാണയാൾ പോകാറ് .തന്നോടൊപ്പം വരാൻ താത്പര്യമുള്ളവരെ കൂടെ കൊണ്ടുപോകാൻ അയാൾക്ക് സന്തോഷമാണ്.എന്നാൽ,പദ്മാവതിക്ക് ക്ഷേത്രസന്ദർശനം അത്ര പഥ്യമുള്ള കാര്യമല്ല.
''ഓ ... അവിടെ എന്തു കാണാനാണ്?""
എന്നാണ് അവരുടെ മനോഭാവം. കന്യാകുമാരിയിലേക്ക് പോകാമെന്നു പറഞ്ഞപ്പോൾ അവർക്കുത്സാഹമായി. മക്കൾക്കാവട്ടെ, അത്യുത്സാഹം. തിരുവനന്തപുരത്തു നിന്ന് നാഗർ കോവിലിലേക്കാണ് ബസ്. അവിടെനിന്ന് മാറിക്കയറണം.നാഗർകോവിൽ ബസിലിരിക്കുമ്പോൾ റോഡിനെന്തോ പ്രത്യേകതയുണ്ടെന്ന് ലക്ഷ്മണന് തോന്നി. അവനത് അച്ഛനോട് ചോദിച്ചു.
''നമ്മുടെയവിടത്തെ മാതിരി ടാർ ചെയ്ത റോഡല്ല. ഇത്. സിമന്റാണ്. കേരളത്തിലെ റോഡുകളിൽ ടാറിടാൻ തുടങ്ങും മുമ്പേ തിരുവനന്തപുരം കന്യാകുമാരി റോഡ് സിമന്റിട്ടതാണ്.""
''കന്യാകുമാരി പണ്ട് കേരളത്തിലായിരുന്നില്ലേ അച്ഛാ?""
രാമഭദ്രൻ ചോദിച്ചു.
''കേരളത്തിലല്ല... തിരുവിതാംകൂറിൽ.തിരുവിതാംകൂർ അന്ന് പ്രത്യേകരാജ്യമായിരുന്നു.ഇന്ത്യ റിപ്പബ്ലിക്കായപ്പോൾ തിരുവിതാംകൂറും കൊച്ചിയും മലബാറും ചേർന്ന് കേരളമെന്ന സംസ്ഥാനമുണ്ടായി. പക്ഷേ അപ്പോഴേക്ക് കന്യാകുമാരി മദ്രാസിന്റെ ഭാഗമായി.""
നാഗർകോവിലിൽ നിന്ന് കന്യാകുമാരി ബസിലാണ് കയറിയതെങ്കിലും ശുചീന്ദ്രത്തേക്കാണ് ടിക്കറ്റെടുത്തത്. ശുചീന്ദ്രത്ത് ദർശനം നടത്തി മരുത്വാമലയിലും കയറിയശേഷം കന്യാകുമാരിയിലെത്താമെന്നാണ് ഗോവിന്ദൻ നായർ പദ്ധതിയിട്ടിരുന്നത്. ബസ്സിറങ്ങിയപ്പോൾത്തന്നെ മരുത്വാമലയുടെ, ചുറ്റുപാടുകളിൽ നിന്ന് ഒറ്റപ്പെട്ടുള്ള ഗംഭീരഭാവത്തിലുള്ള കിടപ്പ് മുതിർന്നവരെ മാത്രമല്ല, കുട്ടികളെയും ആകർഷിച്ചു. മരുത്വാമലയുടെ മുകളിലേക്ക് കയറുമ്പോൾ ഭക്തിപാരവശ്യത്തോടെ കൂപ്പുകൈയുയുർത്തുന്നതുപോലെ നിൽക്കുന്ന മലയുടെ ഐതിഹ്യം ഗോവിന്ദൻ നായർ അവർക്കു പറഞ്ഞുകൊടുത്തു. മരുന്ത് വാഴും മലയാണ് മരുത്വാമലയായത്.ഔഷധച്ചെടികൾ വളരുന്ന മല എന്നർത്ഥം. ലങ്കയിൽ രാമരാവണയുദ്ധം നടക്കുമ്പോൾ ലക്ഷ്മണൻ അമ്പേറ്റുവീണ് ബോധരഹിതനായി. ഹിമാലയത്തിലുള്ള ഒരു പ്രത്യേക ഔഷധച്ചെടി കൊണ്ടുവന്നാൽ മാത്രമേ ലക്ഷ്മണനെ പുനരുജ്ജീവിപ്പിക്കാൻ കഴിയൂ എന്ന് ജാംബവാൻ പറഞ്ഞു. ഹനുമാൻ ഹിമാലയത്തിലേക്ക് പറന്നു. പക്ഷേ ചെടി ഏതാണെന്ന് തിരിച്ചറിയാൻ കഴിഞ്ഞില്ല. ഹനുമാൻ മല തന്നെ അടർത്തിയെടുത്തുകൊണ്ട് പോന്നു.ലങ്കയിലേക്കുള്ള യാത്രാമദ്ധ്യേ ആ വലിയ മലയുടെ ഒരു ഭാഗം അടർന്നുവീണു. അതാണ് മരുത്വാമലയെന്നാണ് വിശ്വാസം. കഥ കേട്ട് ലക്ഷ്മണൻ പരിഹാസഭാവത്തിൽ ചിരിച്ചു.
''ഹനുമാനാരാ, പറക്കുന്ന ഡൈനോസറോ? എന്നാലും പറ്റുമോ അത്ര വലിയ മല പിഴുതോണ്ടുവരാൻ?""
ഗോവിന്ദൻ നായർ അവന്റെ നേർക്ക് തിരിഞ്ഞു.
''കഥയിൽ ചോദ്യമില്ല എന്ന് നീ കേട്ടിട്ടുണ്ടോ? എങ്കിലും, അതിൽ കാര്യമില്ല. ചോദ്യങ്ങൾ ചോദിക്കുക തന്നെ വേണം.പക്ഷേ , തകഴിയുടെയോ ദേവിന്റെയോ കഥ വായിക്കും പോലെയല്ല പുരാണകഥ വായിക്കേണ്ടത്.""
മലയിലെ ഗുഹകളിലൊന്നിൽ ഒരു സന്യാസി ധ്യാനത്തിലമർന്ന് ഇരിക്കുന്നുണ്ടായിരുന്നു. ഗോവിന്ദൻ നായർ സ്വാമിയുടെ മുൻപിൽ കൈയിലുണ്ടായിരുന്ന പഴങ്ങളും കുറച്ചു നാണയങ്ങളും വച്ചു.. അപ്പോഴും സ്വാമി കണ്ണ് തുറന്നില്ല. തിരിച്ചുനടക്കുമ്പോൾ ഗോവിന്ദൻ നായർ പറഞ്ഞു:
''ഞാനും ഇതേ ഗുഹയിൽ ഇരുന്നിട്ടുണ്ട്. മൂന്നു ദിവസം.""
''ഭക്ഷണമെങ്ങനെ കിട്ടി?""
രാമഭദ്രൻ ചോദിച്ചു.
''ഇതേപോലെതന്നെ ആരോ കൊണ്ടുവച്ച പഴമുണ്ടായിരുന്നു.""
''എന്നാപ്പിന്നെ ആ ഇരിപ്പില് അങ്ങ് സന്യാസിച്ചൂടായിരുന്നോ?""
പരിഹസിക്കുന്ന രീതിയിൽ പദ്മാവതി ചോദിച്ചു.
''എങ്കിപ്പിന്നെ പ്രാരാബ്ധമൊന്നും അനുഭവിക്കണ്ടായിരുന്നല്ലോ.""
''നീ പറഞ്ഞത് ശരി തന്നെ.അന്ന് ഞാൻ അങ്ങനെ തന്നെ ചിന്തിച്ചു.പക്ഷേ, ഈ പ്രാരബ്ധമെന്നു പറയുന്നത് അങ്ങനെയങ്ങ് തട്ടിക്കളയാൻ പറ്റില്ല. അതനുഭവിച്ചുതന്നെ തീരണം.""
പിന്നെ കുറേനേരം ആരുമൊന്നും പറഞ്ഞില്ല. വന്യപ്രകൃതിയുടെ മാസ്മരികതയിൽ കുരുങ്ങി അങ്ങനെ നടന്നു. മലയിറങ്ങുമ്പോൾ ഗോവിന്ദൻ നായർ കന്യാകുമാരിയുടെ കഥ പറഞ്ഞു. ദേവകിയുടെ എട്ടാമത്തെ പുത്രനെ വധിക്കാനെത്തിയ കംസൻ കണ്ടത് ഒരു പെൺകുഞ്ഞിനെയാണ്.ആശയക്കുഴപ്പമുണ്ടായെങ്കിലും അടിച്ചുകൊല്ലാനായി കുഞ്ഞിനെ എടുത്തുപൊക്കുമ്പോൾ അത് കൈയിൽ നിന്ന് വഴുതി മുകളിലേക്ക് പറക്കുകയാണ്. ആ ദേവിയാണ് കന്യാകുമാരിയിൽ വന്ന് കുടികൊള്ളുന്നതെന്നാണ് ഒരൈതിഹ്യം. വേറെയും കഥകളുണ്ട്.അതിൽ പ്രധാനപ്പെട്ട ഒന്ന് ബാണാസുരനെ കൊല്ലാനായി വന്ന ഭഗവതിയാണ് കന്യാകുമാരിയിലുള്ളതെന്നാണ്. ബാണാസുരൻ അജാതശത്രുവായി വാണരുളുന്ന കാലത്ത് ബ്രഹ്മാവിൽ നിന്നൊരു വരം നേടി. അവധ്യനാവുക എന്ന വരമാണയാളാഗ്രഹിച്ചത്. ആ വരം അലഭ്യമായതുകൊണ്ട് കന്യകയായ ഒരുവൾക്ക് മാത്രമേ തന്നെ വധിക്കാനാവുകയുള്ളൂ എന്ന വരമാണയാൾ ചോദിച്ചു വാങ്ങിയത്.
വരലബ്ധിയോടെ അഹങ്കാരം ശതഗുണീഭവിച്ച ബാണൻ ഇന്ദ്രനെ സിംഹാസനഭ്രഷ്ടനാക്കി. അഗ്നിയും വരുണനും വായുവുമൊക്കെ പരാജിതരായി. ഭാരതത്തിന്റെ തെക്കേയറ്റത്തെ സമുദ്രത്രയസംഗമത്തിൽ വാസമുറപ്പിച്ച ഭഗവതിക്ക് ശിവനിൽ പ്രണയം നാമ്പിട്ടു. ശിവനുമായുള്ള വിവാഹം നിശ്ചയിക്കപ്പെട്ടു. ബ്രാഹ്മമുഹൂർത്തത്തിലായിരുന്നു വിവാഹം. ശുചീന്ദ്രനാഥനായ ശിവൻ മംഗല്യത്തിനായി പുറപ്പെട്ടു. ഭഗവതിയുടെ വിവാഹം കഴിഞ്ഞാൽ ബാണാസുരന്റെ വധം നടക്കില്ല എന്നറിയാവുന്ന നാരദൻ കോഴിയുടെ ശബ്ദത്തിൽ കൂകി. ബ്രാഹ്മമുഹൂർത്തം കഴിഞ്ഞുവെന്ന് ധരിച്ചു ശിവൻ മടങ്ങിപ്പോയി. അങ്ങനെ വിവാഹം മുടങ്ങി. അചിരേണ ബാണനിഗ്രഹം നടന്നു. എങ്കിലും ദേവി കന്യകയായി ഇന്നും കാത്തുനിൽക്കുന്നു. അതുകൊണ്ടുതന്നെ ഭഗവതിയുടെ ആവാസസ്ഥലം കന്യാകുമാരി എന്നറിയപ്പെട്ടു.
''ഇതും നിനക്ക് വിഡ്ഢിക്കഥയായി തോന്നാം.""
ഗോവിന്ദൻ നായർ ലക്ഷ്മണനോട് പറഞ്ഞു.
''പക്ഷേ, പണ്ഡിതന്മാർ ആ കഥയുടെ ആഴങ്ങളിലേക്ക് പോവും. ഭഗവതിയെന്നാൽ പ്രകൃതിയാണ്. വായുവും അഗ്നിയും ജലവും തടയപ്പെട്ടാൽ ലോകമെങ്ങനെ ചലിക്കും? പ്രകൃതി അവിടെ സർവശക്തിയും പുറത്തെടുക്കും.....""
അച്ഛന്റെ വർത്തമാനം കേട്ടപ്പോൾ രാമഭദ്രന് വല്ലാത്ത മതിപ്പ് തോന്നി. അദ്ദേഹത്തിന്റെ പ്രഭാഷണങ്ങൾ അവനും കേട്ടിട്ടുണ്ട്. എന്നാൽ, ആലിന്ചുവട്ടിനപ്പുറത്ത് അധികം സ്ഥലത്തൊന്നും അച്ഛൻ പ്രഭാഷണങ്ങൾക്കായി പോയിട്ടില്ല. കന്യാകുമാരി ക്ഷേത്രത്തിനു മുന്നിലുള്ള ദേവസ്വം സത്രത്തിലാണ് മുറിയെടുത്തത്. വലിയ തിരക്കുള്ള ദിവസമായിരുന്നു അന്ന്. ഗോവിന്ദൻനായരെ അവർക്ക് പരിചയമുണ്ടായിരുന്നു. അതുകൊണ്ടാണ് മുറി കിട്ടിയത്. മുറിയിൽ പോയി പെട്ടിയെല്ലാം വച്ചശേഷം ഗോവിന്ദൻ നായർ പറഞ്ഞു:
''ഈ സത്രത്തിന്റെ ഒരു ഭാഗത്താണ് വിവേകാനന്ദസ്മാരകസമിതിയുടെ ഓഫീസ്. അവിടെ സാധുശീലൻ സാറുണ്ടാവും.അദ്ദേഹമുണ്ടെങ്കിൽ നമുക്ക് വലിയ സഹായമാകും.ഞാനൊന്ന് കണ്ടിട്ടുവരാം.""
ഗോവിന്ദൻ നായർ നടന്നപ്പോൾ രാമഭദ്രൻ കൂടെച്ചെന്നു. ആലിൻചുവട്ടിൽ സാമൂഹികപ്രവർത്തനത്തിന് പണ്ട് വന്നിരുന്ന സാധുശീലൻ ഇപ്പോൾ വിവേകാനന്ദസ്മാരകസമിതി സംഘാടകസെക്രട്ടറിയാണെന്ന് അയാൾ മകനോട് പറഞ്ഞു.സത്രത്തിന്റെ മുൻഭാഗത്തുതന്നെയുള്ള ഒരു ഹാളിലായിരുന്നു വിവേകാനന്ദസ്മാരകസമിതിയുടെ ഓഫീസ്.അവർ ഓഫീസിൽ ചെന്നുകയറിയപ്പോൾ അവിടെ മൂന്നുനാലുപേർ സംഭാഷണത്തിലേർപ്പെട്ടുകൊണ്ടിരിക്കുകയായിരുന്നു. സാധുശീലനെപ്പറ്റി അന്വേഷിച്ചപ്പോൾ ഒരാൾ പറഞ്ഞു:
''അയ്യോ, അദ്ദേഹം ഇവിടെയില്ലല്ലോ.ഒരു ഭാരതപര്യടനത്തിലാണദ്ദേഹം.""
തുടർന്നയാൾ ആ യാത്രയെപ്പറ്റി വിശദീകരിച്ചു. ഒരുമാസം മുമ്പ് സാധുശീലൻ ക്ഷേത്രദർശനം കഴിഞ്ഞുവരുമ്പോൾ ഒരു ജപ്പാൻകാരനെ നാട്ടുകാരായ ചില ചെറുപ്പക്കാരും കുട്ടികളും വളഞ്ഞു വച്ചിരിക്കുന്നതും കൂക്കിവിളിക്കുന്നതും കണ്ടു. ജപ്പാൻകാരൻ പാളത്താറും ജുബ്ബയുമാണ് ധരിച്ചിരിക്കുന്നത്. കൈയിലും തോളിലുമൊക്കെയായി സഞ്ചികളും പെട്ടികളും തൂക്കിയിട്ടിട്ടുണ്ട്. സാധുശീലൻ അദ്ദേഹത്തിന്റെയടുത്തേക്കു ചെന്നു. അഭിവാദ്യം ചെയ്ത് കാര്യങ്ങളന്വേഷിച്ചു.
ഇന്ത്യ സന്ദർശിക്കാനെത്തിയ ജപ്പാൻ പ്രൊഫസറാണദ്ദേഹം.ക്യോ൦കോ നിഷിമുറ എന്നാണു പേര്. അദ്ദേഹം ആദ്യമെത്തിയത് കൊൽക്കത്തയിലാണ്. അവിടെവച്ച് ചൈനീസ് ചാരനെന്നുപറഞ്ഞു അദ്ദേഹത്തിന് നേരെ ആക്രമണങ്ങളുണ്ടായി. മനസുമടുത്ത് യാത്രാപരിപാടികളിൽ മാറ്റം വരുത്തി സിലോണിലേക്കു പോയി. അവിടെനിന്നാണ് കന്യാകുമാരിയിലെത്തിയിരിക്കുന്നത്. സാധുശീലൻ നിഷിമുറയുമായി സംസാരിക്കാൻ തുടങ്ങിയപ്പോൾത്തന്നെ ഉപദ്രവകാരികൾ പിരിഞ്ഞുപോകാൻ തുടങ്ങി.സാധുശീലൻ നിഷിമുറയെ സത്രത്തിലേക്കു കൊണ്ടുപോയി.നിഷിമുറ അദ്ദേഹത്തോടൊപ്പം പല തവണ വിവേകാനന്ദൻ പാറയിലേക്കുപോയി.
വിവേകാനന്ദസ്മാരകത്തിന്റെ പണികൾ നടക്കുന്ന കല്ലടിക്കൂടത്തിൽ പണികൾ നോക്കിയിരുന്നു.ഒടുവിൽ അദ്ദേഹം സാധുശീലനോടൊരാഗ്രഹം പറഞ്ഞു. പലതവണ ഇന്ത്യയിലങ്ങോളമിങ്ങോളം സഞ്ചരിച്ചിട്ടുള്ള താങ്കൾ കൂടി വരികയാണെങ്കിൽ എന്റെ ഭാരതപര്യടന മോഹം സാക്ഷാൽക്കരിക്കാൻ കഴിയും.അങ്ങനെ സാധുശീലൻ നിഷിമുറയോടൊപ്പം കന്യാകുമാരി മുതൽ കപിലവാസ്തു വരെയുള്ള ഒരു പര്യടനത്തിലാണ്.
''കൂടെക്കൂടെ കത്തുകൾ വരാറുണ്ട്.""
മറ്റൊരാൾ പറഞ്ഞു:
''എല്ലാ വിശേഷങ്ങളും അതിലെഴുതും. ഇന്നലത്തെ കത്ത് ഹരിദ്വാറിൽ നിന്നായിരുന്നു.അവിടത്തെ ആശ്രമങ്ങളെപ്പറ്റിയൊക്കെ വിസ്തരിച്ചെഴുതിയിട്ടുണ്ട്.""
വിവേകാനന്ദപ്പാറ കാണണമെന്നുണ്ടെങ്കിൽ രാവിലെ ബോട്ടുജെട്ടിയിൽ വന്നാൽ മതി കൊണ്ടുപോകാമെന്നവർ പറഞ്ഞു.ഇക്കാര്യം ഗോവിന്ദൻ നായർ പദ്മാവതിയോടു പറഞ്ഞപ്പോൾ അവർ ചോദിച്ചു: "മോട്ടോർ ബോട്ടാണോ?"" അല്ലെന്നും വിവേകാനന്ദസ്മാരകം പൂർത്തിയാകുന്നതോടെ മാത്രമേ മോട്ടോർ ബോട്ടുകൾ വരികയുള്ളൂവെന്നും അയാൾ മറുപടി നൽകി. എന്നാൽ താനില്ലെന്നായിരുന്നു പദ്മാവതിയുടെ പ്രതികരണം. പിറ്റേന്ന് ക്ഷേത്രസന്ദർശനവും കടൽത്തീരയാത്രകളുമായിക്കഴിഞ്ഞു.ഇടയ്ക്ക് കല്ലടിക്കൂടത്തും പോയി. വിവേകാനന്ദസ്മാരകത്തിനുള്ള ശിലകൾ കൊത്തിയെടുക്കുന്ന ജോലിയാണവിടെ നടക്കുന്നത്. മുന്നൂറോളം ശില്പികൾ അവിടെ പണിയെടുക്കുന്നുണ്ടായിരുന്നു.അവരുടെ കൈവിരലുകളിലൂടെ കല്ലുകളിൽ കവിത വിരിയുന്നത് രാമഭദ്രനും ലക്ഷ,മണനും കൗതുകത്തോടെ നോക്കിനിന്നു.
''അച്ഛാ,വിവേകാനന്ദസ്മാരകം വന്നുകഴിയുമ്പോൾ വീണ്ടും നമുക്കിവിടെ വരണം.""
രാമഭദ്രൻ പറഞ്ഞു. അടുത്തദിവസം എല്ലാവരും കുളിച്ചുതയാറായിക്കഴിഞ്ഞപ്പോൾ ഗോവിന്ദൻ നായർ പറഞ്ഞു:''ഞാൻ വിവേകാനന്ദപ്പാറയിലേക്കു പോകുകയാണ്.എന്നോടൊപ്പം ആരെങ്കിലും വരുന്നുണ്ടോ?""
കുട്ടികൾ രണ്ടാളും ചാടിയിറങ്ങി. ''നീ പുറത്തുപോകുന്നുണ്ടോ?""
ഗോവിന്ദൻ നായർ പദ്മാവതിയോടു ചോദിച്ചു.
''അടുത്തുള്ള കടകളിലൊന്ന് കയറണം. നിങ്ങൾ വരുമ്പോ ഞാൻ മുറീത്തന്നെ കാണും.""
ഗോവിന്ദൻ നായരും മക്കളും ബോട്ട് ജെട്ടിയിലേക്കു നടന്നു. ജെട്ടിയിൽ ധാരാളം കട്ടമരങ്ങളും വള്ളങ്ങളും വരിവരിയായി കിടന്നു. കല്ലുകളടുക്കി പ്രത്യേകം ഉയർത്തിക്കെട്ടിയ സ്ഥലത്ത് വിവേകാനന്ദപ്പാറയിലേക്കു പോകുന്ന വള്ളം ഒതുക്കിയിട്ടിരുന്നു. തലേന്ന് ഓഫീസിൽ കണ്ട രണ്ടുപേർ അവിടെയുണ്ടായിരുന്നു. ഗോവിന്ദൻ നായരെക്കണ്ടപ്പോൾ രണ്ടാൾക്കും സന്തോഷമായി. അവരാണ് വള്ളം തുഴയാൻ പോകുന്നത്. മുതിർന്നയാൾ ബാലനും മറ്റേത് നാരായണനുമായിരുന്നു. കല്ലടിക്കൂടത്തിൽ നിന്ന് ഉടൻ തന്നെ കല്ലുകൾ പാറയിലേക്ക് മാറ്റിത്തുടങ്ങുമെന്നും അപ്പോൾ രണ്ടു മോട്ടോർ ബോട്ടുകളെത്തുമെന്നും ബാലൻ പറഞ്ഞു. അതോടെ സന്ദർശകരെ പാറയിലേക്ക് കൊണ്ടുപോകാൻ തുടങ്ങും. ഇപ്പോൾ സ്മാരകം പണിയുമായി ബന്ധപ്പെട്ടവരെ മാത്രമാണ് പാറയിലേക്ക് കൊണ്ടുപോകാറുള്ളതെന്നും സാധുശീലന്റെ ആൾക്കാരായതുകൊണ്ടാണ് അവരെ കൊണ്ടുപോകുന്നതെന്നും ബാലൻ കൂട്ടിച്ചേർത്തു. വള്ളം പുറപ്പെട്ടപ്പോൾ ആദ്യം കുട്ടികൾക്ക് പരിഭ്രമം തോന്നി.
ആറ്റിൽ തോണിയിൽ സഞ്ചരിച്ചിട്ടുണ്ടെങ്കിലും കടലിൽ ആദ്യമായിട്ട് വള്ളത്തിൽ പോകുകയായിരുന്നു അവർ. വള്ളം തിരകളുടെ പുറത്തുകൂടെ ചാടുകയും വട്ടം ചുറ്റുകയും ചെയ്തു. ചിലപ്പോൾ തിരകൾ വള്ളത്തിനു മുകളിലേക്ക് തെറിച്ചുകൊണ്ടിരുന്നു.അപ്പോൾ കുട്ടികൾക്ക് ഹരമായി. ഇടയ്ക്ക് വാപിളർന്ന് ചിരിച്ചുകൊണ്ടിരുന്ന ലക്ഷ്മണന്റെ വായ്ക്കുള്ളിലേക്ക് കടൽവെള്ളം തെറിച്ചുവീണു. അവൻ വെള്ളം ഊക്കിനു തുപ്പി.
''അയ്യേ... ഉപ്പ്,ഉപ്പ്.""
അവൻ അലറി. എല്ലാവരും ചിരിച്ചു.
''കടൽ വെള്ളത്തിൽ ഉപ്പുണ്ടെന്നറിഞ്ഞൂടെ?""
നാരായണൻ ചോദിച്ചു.
''നമ്മള് ശംഖുംമുഖത്തു പോയപ്പോ അച്ഛൻ നമ്മളോട് പറഞ്ഞതോർമ്മയില്ലേ?""
രാമഭദ്രൻ അനുജനോട് ചോദിച്ചു.
''കടൽവെള്ളത്തിന് ഉപ്പുരസമാണെന്ന്. നമ്മൾ രണ്ടുപേരും പരീക്ഷിക്കാൻ വേണ്ടി വെള്ളം വായിലൊഴിക്കേം ചെയ്തു.""
ങാ,ഓർമ്മയുണ്ട്. ഭയങ്കര ഉപ്പായിരുന്നു.നമ്മള് രണ്ടുപേരും പെട്ടെന്ന് തുപ്പിക്കളഞ്ഞു.
''പക്ഷേ കടലിന്റെ നടുക്ക് ഉപ്പുരസമില്ലാത്ത വെള്ളം കിട്ടണ ഒരെടമുണ്ട്."" നാരായണൻ പറഞ്ഞു.എന്നിട്ടയാൾ പാറയിലേക്ക് കൈചൂണ്ടി. ''ദാ ഇവിടെ. ഈ പാറേല്.""
''അതൊരദ്ഭുതം തന്നെ. അല്ലേ?""
ഗോവിന്ദൻ നായർ പറഞ്ഞു.
''ദേവിയുടെ സാന്നിധ്യമുണ്ടെങ്കിൽ എന്തദ്ഭുതവും നടക്കും.""
ബാലൻ പറഞ്ഞു. ഒരു നിമിഷത്തെ ആലോചനയ്ക്കുശേഷം അയാൾ തുടർന്നു:
''മൂന്നു ദിവസം ഈ പാറയിലുണ്ടായിരുന്നപ്പോ സ്വാമിജി ആകെ കഴിച്ചിട്ടുള്ളത് ആ വെള്ളമായിരിക്കും.""
ഗോവിന്ദൻ നായർ അക്കഥ വിവരിച്ചു. സ്വാമി വിവേകാനന്ദൻ കന്യാകുമാരി കടൽക്കരയിൽ നിൽക്കുമ്പോൾ ദൂരെയായി കണ്ട പാറ അദ്ദേഹത്തെ ആകർഷിച്ചു. അവിടെയിരുന്ന് ഏകാന്തതാതധ്യാനത്തിൽ മുഴുകണമെന്ന് അദ്ദേഹം നിശ്ചയിച്ചു. മുന്നിൽക്കണ്ട ചില കട്ടമരക്കാരോട് പാറയിൽ കൊണ്ടുചെന്നെത്തിക്കാമോ എന്നദ്ദേഹം ആരാഞ്ഞു. പണം തന്നാൽ കൊണ്ടുപോകാമെന്നായിരുന്നു മറുപടി.ആ യുവസന്യാസിയുടെ ചിന്ത അതിസമ്പന്നമായിരുന്നെങ്കിലും മടിശീല ശൂന്യമായിരുന്നു. അതിനാലദ്ദേഹം സമുദ്രത്തിലേക്കെടുത്തുചാടി.നീന്തി പാറയിലേക്കു കയറി.
അവിടെ ധ്യാനനിഷ്ഠനായിരിക്കുമ്പോഴാണ് അമേരിക്കയിൽ നടക്കുന്ന സർവമതസമ്മേളനത്തിൽ പങ്കെടുക്കണമെന്ന ആശയം അദ്ദേഹത്തിന്റെ മനസിലേക്കുവന്നത്.ആ സമ്മേളനമാണ് വിവേകാനന്ദന്റെയും ഭാരതത്തിന്റെയും ഭാഗധേയത്തെ മാറ്റിമറിച്ചത്. പാറയോടടുത്തപ്പോൾ നാരായണൻ അഗ്രത്തിൽ കുരുക്കിട്ട വടം പാറയിൽ നാട്ടിയിരുന്ന കമ്പിത്തൂണിലേക്കെറിഞ്ഞു പിടിപ്പിച്ചു..
വള്ളം നിന്നുവെങ്കിലും തിരയടികളിൽപ്പെട്ട് ചാഞ്ചാടിക്കൊണ്ടിരുന്നു. നാരായണൻ പാറയിലേക്കെടുത്തുചാടി കുട്ടികളെ കൈപിടിച്ചുകയറ്റി. പണിക്കാർ തങ്ങളുടെ പരിശോധനകൾക്കായി പോയപ്പോൾ ബാലൻ പാറയുടെ വിവിധഭാഗങ്ങൾ അവരെ കൊണ്ടുനടന്നുകാണിച്ചു. പാറയിൽ നടത്താൻ പോകുന്ന നിർമ്മാണപ്രവർത്തനങ്ങളെപ്പറ്റി ബാലൻ വിശദീകരിച്ചു. ദേവിയുടെ പാദം പതിഞ്ഞുകിടക്കുന്നിടം ചൂണ്ടി ഈ പാറയ്ക്ക് ശ്രീപാദപ്പാറ എന്ന് പേര് വരാൻ കാരണം ഈ പാദമാണെന്നുപറഞ്ഞു.
''ഒറ്റ പാദമേയുള്ളോ, ബാക്കിയെവിടെ?""
ലക്ഷ്മണൻ ചോദിച്ചു. അമ്പരന്ന ബാലൻ ഗോവിന്ദൻ നായരുടെ മുഖത്തേക്ക് നോക്കി. അയാളാവട്ടെ, അത് കേട്ടതായി നടിക്കാതെ
''പ്രധാന മന്ദിരത്തിനു പുറമെ ഇവിടെല്ലാം ചെറിയ ചെറിയ നിർമ്മിതികളുണ്ടാവും, അല്ലേ?""
എന്ന് ..ബാലനോട് ചോദിച്ചു. സ്മാരകത്തിന്റെ നിർമ്മാണപദ്ധതികളെക്കുറിച്ചു ബാലൻ വാചാലനായി. പാറയുടെ ഒരു ചരിവിലായി താഴ്ചയുള്ള ഒരു കുഴി കണ്ടു.അതിന്റെ ഏറ്റവും അടിയിൽ കുറച്ചു വെള്ളമുണ്ടായിരുന്നു.
''ഈ കുഴിയിലാണ് ഉപ്പുരസമില്ലാത്ത വെള്ളമുള്ളത്.ഇപ്പോഴത് അറ്റം പറ്റി കിടക്കുകയാണ്. അല്ലായിരുന്നെങ്കി പയ്യന് രുചിക്കാൻ കൊടുക്കാമായിരുന്നു.""
തൊടികളില്ലാത്ത കുഴിയായതുകൊണ്ട് അതിലേക്ക് ഇറങ്ങാൻ കഴിയുമായിരുന്നില്ല. ബേലൂർ മഠത്തിന്റെ മാതൃകയിൽ നിർമ്മിക്കുന്ന പ്രധാനമന്ദിരത്തിന്റെ സ്ഥാനം കണ്ടു. പിന്നിലെ ധ്യാനമണ്ഡപത്തിന്റെ മാതൃക നോക്കിനിൽക്കുമ്പോൾ ഗോവിന്ദൻ നായർ പറഞ്ഞു:
''ഇനി കന്യാകുമാരിയുടെ ഏറ്റവും വലിയ ആകർഷണം ഈ സ്മാരകമായിരിക്കും.""
നാരായണൻ അങ്ങോട്ടുവന്നു. പണിക്കാർ മടങ്ങിപ്പോകാൻ നിൽക്കുകയുണെന്നും വള്ളം ഉടനെ തിരിക്കണമെന്നും ബാലനോട് പറഞ്ഞു.എല്ലാവരും വള്ളം നിൽക്കുന്നിടത്തേക്ക് തിരിച്ചു.അങ്ങോട്ട് നടക്കുന്നതിനിടെ ഗോവിന്ദൻ നായർ തിരിഞ്ഞു നോക്കിയപ്പോൾ ലക്ഷ്മണനെ കണ്ടില്ല.
''രാമാ, ലക്ഷ്മണനെവിടെ?""
എന്ന് അയാൾ ചോദിച്ചു.
''കൂടെ ഉണ്ടായിരുന്നല്ലോ. ഇപ്പോൾ കാണാനില്ല.""
എന്നായിരുന്നു അവന്റെ മറുപടി.
''ബാലാ... ലക്ഷ്മണനെ കാണുന്നില്ല.""
ഗോവിന്ദൻ നായർ പറഞ്ഞു. അവരെല്ലാം ഉച്ചത്തിൽ
''ലക്ഷ്മണാ, ലക്ഷ്മണാ""
എന്ന് വിളിച്ചു. പ്രതികരണമൊന്നും കേൾക്കാഞ്ഞതുകൊണ്ട് അവർ പാറപ്പുറത്ത് അങ്ങോട്ടുമിങ്ങോട്ടും നടന്ന് വിളി തുടർന്നു. പാറയുടെ മുകൾ ഭാഗത്തെങ്ങും കാണാതെ വന്നപ്പോൾ ഗോവിന്ദൻ നായർക്ക് പരിഭ്രമമുണ്ടായി.പാറയുടെ വശത്തുകൂടെ നടക്കുമ്പോൾ കാൽ വഴുതി കടലിലോട്ടു വീണെങ്കിലോ?അയാൾ ഭയത്തോടെ ബാലനെ വിളിച്ചു.
''ബാലാ, ആ വശങ്ങളിലൊക്കെ നോക്കണം. വഴുതി കടലിലോട്ടു വീണാലോ?""
''അങ്ങനെ വരില്ല.""
ബാലൻ സമാധാനിപ്പിച്ചു.
''എങ്കിൽ ആരെങ്കിലും അറിയാതിരിക്കില്ല.""
ഊറ്റുകുഴിയുടെ അടുത്തുകൂടി നടക്കുകയായിരുന്ന രാമഭദ്രൻ പെട്ടെന്ന് നിന്നു.. അവൻ അതിന്റെ വക്കത്തേക്കോടി ഉള്ളിലേക്കു നോക്കി.പെട്ടെന്ന് അവൻ അന്തം വിട്ടു വിളിച്ചു:
''അച്ഛാ,അച്ഛാ, ഇങ്ങോട്ടു വരൂ...""
വിളി കേട്ട് എല്ലാവരും ആ ഭാഗത്തേക്കോടിവന്നു. കുഴിയുടെ ഏറ്റവും അടിയിൽ പറ്റിപ്പിടിച്ചു മുകളിലേക്ക് നോക്കി നിൽക്കുകയാണ് ലക്ഷ്മണൻ.മുകളിലേക്ക് അള്ളിപ്പിടിച്ചു കയറാനുള്ള അവന്റെ ശ്രമങ്ങളെല്ലാം പരാജയപ്പെടുകയായിരുന്നു.ബാലൻ വേഗം ഒരു കയർ കൊണ്ടുവരാൻ പറഞ്ഞു.കയറെത്തിയപ്പോൾ അത് താഴേക്കെറിഞ്ഞു. ലക്ഷ്മണൻ കയറിൽ പിടിച്ച് മുകളിലേക്ക് കയറി. മുകളിലെത്തിയപാടെ അവൻ ചിരിച്ചുകൊണ്ട് പറഞ്ഞു:
''പറഞ്ഞത് ശരിയാണ് കേട്ടോ. ഈ വെള്ളത്തിൽ ഉപ്പുരസമില്ല.""
(തുടരും)