ചില പ്രമുഖ ദൃശ്യമാദ്ധ്യമങ്ങൾ നിയമസഭ തിരഞ്ഞെടുപ്പ് ഫലം സംബന്ധിച്ച് മാർക്കറ്റിംഗ് ഏജൻസികൾ നടത്തിയ അഭിപ്രായ സർവേകൾ സംപ്രേഷണം ചെയ്തു. അവർ പ്രവചിച്ചത് ഒടുവിൽ ശരിയായി വന്നാലും സർവേകൾ അടിസ്ഥാനമാക്കേണ്ട ചില തത്വങ്ങളുടെ അഭാവം ഈ സർവേകളിൽ പ്രകടമാണ്. ബഹുഭൂരിപക്ഷം സർവേകളും സാംപിൾ തിരഞ്ഞെടുപ്പിൽ അടിസ്ഥാന പ്രമാണങ്ങൾ ലംഘിക്കുന്നതു കൊണ്ടു തന്നെ ഒരു ശാസ്ത്രീയ പ്രാധാന്യവുമില്ലാത്ത വെറും സമയം കൊല്ലികളായി മാറുകയാണ്. 2 .74 കോടി വോട്ടർമാരുടെ മനോഗതം, വോട്ടിംഗ് ചായ്‌വ് എന്നിവയറിയാൻ 27,000 പേർ അഭിപ്രായം പറയുന്ന ഒരു സർവേ ധാരാളം മതി. എന്നാൽ സർവേ നടത്തുന്നതായ കാലയളവ്, വോട്ടിംഗ് ആഭിമുഖ്യം തുറന്നു പറയാത്ത വോട്ടർമാരുടെ എണ്ണം, അവലംബിക്കുന്ന രീതിയുടെ സ്റ്റാറ്റിസ്റ്റിക്കൽ പിശക് (error) എന്നിവ വളരെ ശ്രദ്ധിക്കേണ്ടതുണ്ട്. 200 പേരിൽ 16 ശതമാനം "തങ്ങൾ തീരുമാനമെടുത്തിട്ടില്ല " എന്ന് സർവേയിലൂടെ അറിയിക്കുന്ന മണ്ഡലത്തിൽ നാല് ശതമാനം വോട്ടിന്റെ ഭൂരിപക്ഷത്തിൽ 'A ' ജയിക്കും എന്ന് നാലുശതമാനം പിശകുസാദ്ധ്യതയുള്ള രീതി അവലംബിച്ച് 'കണ്ടെത്തുന്നതിൽ ' ഒരു ശാസ്ത്രവുമില്ല. സർവേ ഒന്നും കണ്ടെത്തിയില്ലെന്ന് മാന്യമായി പറയുന്നതാണ് ഭേദം.
ഇത്തരം അഭിപ്രായ സർവേകളിൽ ലോകത്തെ ആദ്യത്തേത് കൊളംബിയ സർവകലാശാല 1940 ൽ ഇയോവയിൽ നടത്തിയ അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ ഏഴാഴ്ച നീണ്ട സർവേയാണ്. 700 വിവിധ സാമൂഹ്യ–സാമ്പത്തിക - വംശീയ- തൊഴിൽ-ലിംഗ ഭേദക്കാരെ ഏഴാഴ്ച തുടർച്ചയായി പ്രൊഫ. ലസാർസ്‌ഫെൽഡും സംഘവും 50 ഓളം ചോദ്യങ്ങളുമായി പിന്തുടർന്നു. ആ പഠനത്തിലെ ഏറ്റവും മൗലികമായ കണ്ടെത്തൽ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന പാർട്ടികൾ (റിപ്പബ്ലിക്കൻ, ഡെമോക്രറ്റുകൾ ) സ്ഥാനാർത്ഥികൾ എന്നിവരുടെ പത്ര, റേഡിയോ ക്യാംപെയ്‌നുകൾ എല്ലാം ശ്രവിച്ച വേളയിൽ 700 ൽ 54 പേർ മാത്രമാണ് തിരഞ്ഞെടുപ്പിന് മുൻപുള്ള ഏഴാഴ്ച വോട്ടിംഗ് അഭിരുചി മാറ്റിപിടിച്ചത് എന്നതാണ്. അടിസ്ഥാന വോട്ടിംഗ് ആഭിമുഖ്യത്തിൽ പത്തു ശതമാനത്തിൽ താഴെയാണ് ഒരു കാംപെയിൻ വരുത്തുന്ന മാറ്റമെന്നതായിരുന്നു മുഖ്യ കണ്ടെത്തൽ. ലസാർസ് ഫെൽഡിനുശേഷം ക്യാംബെൽ (Campbell) ഇതിനെ സിദ്ധാന്തവത്‌കരിച്ചിട്ടുണ്ട്. വോട്ടർമാരുടെ അടിസ്ഥാന വിഭാഗീയത (Partisanship) രൂപപ്പെടുത്തുന്നത് അയാളുടെ അടിസ്ഥാന - സാമൂഹ്യ - സാമ്പത്തിക വിഭാഗീയതയാണ്. അതായത് വരുമാനം, തൊഴിൽ, താമസസ്ഥലം, വംശം, ഇതര ആഭിമുഖ്യം, വിദ്യാഭ്യാസം (സ്ഥലവും പശ്ചാത്തലവും), തൊഴിൽ ഇത്യാദി. ഉദാഹരണത്തിന് ലോകമെമ്പാടും താഴ്ന്ന വരുമാനക്കാരും ദരിദ്രരും കൂടുതൽ സോഷ്യലിസ്റ്റ് ആഭിമുഖ്യം പുലർത്തുമ്പോൾ മദ്ധ്യവർഗങ്ങളും ധനികരും യാഥാസ്ഥിതിക കക്ഷികളെയാണ് കൂടുതൽ സ്വീകരിക്കുന്നത്. എന്നാൽ എപ്പോഴും ഇത്തരം മൗലിക വിഭാഗീയത തിരഞ്ഞെടുപ്പു നേട്ടമായി 100 ശതമാനം മാറണമെന്നില്ല. ലസാർസ്‌ഫെൽഡ് സിദ്ധാന്തം പിന്തുടർന്നാൽ പ്രചാരണഘട്ടത്തിൽ അഭിപ്രായം മാറുന്ന വോട്ടർ മാത്രമാണ് സർവേകളിൽ പ്രസക്തമായിട്ടുള്ളത്. കേരളത്തിൽ 2001 ലെ തിരഞ്ഞെടുപ്പിനു ശേഷം 37 മുതൽ 43ശതമാനം വോട്ടാണ് യു.ഡി.എഫും എൽ.ഡി.എഫും മാറിമാറി പരമാവധി നേടിയിട്ടുള്ളത്. ഇതിൽ മാറിമാറി വിജയം വന്ന മണ്ഡലങ്ങളിൽ മാറുന്ന (സ്വിങ്) വോട്ടുകളുടെ ഗതിയാണ് സർവേകൾ കണ്ടെത്തേണ്ടത്. അതായത് ഒരു മണ്ഡലത്തിൽ 200 പേരെ സർവേ ചെയ്താൽ കഴിഞ്ഞ തവണത്തെ വോട്ടിൽ നിന്നും മാറി ഇത്തവണ മുന്നണിക്ക് പോൾ ചെയ്യുന്നവരുടെ സംഖ്യയാണ് മുഖ്യം. ഈ ഒഴുക്ക് കൈമാറുന്ന മണ്ഡലങ്ങളിൽ ആരിൽ നിന്നാരിലേക്ക് നേട്ടം, കോട്ടം എന്നിവയാണ് പുതിയ നിയമസഭാ ഭൂരിപക്ഷ കക്ഷിയെ നിശ്ചയിക്കുന്നത്. വോട്ട് നേട്ടം, നഷ്ടം എന്നിവ നടപ്പുനിരക്കിൽ നിന്നും അളക്കാതെ ഒരുത്തരം ഇതിൽ സാദ്ധ്യമല്ല. ഒരു ശതമാനം വോട്ടു ചോർച്ച മൂന്ന് - നാല് അസംബ്ലി സീറ്റുകളെങ്കിലും മറിക്കും. ഇതാണ് അഞ്ച് ശതമാനം വോട്ട് ഭൂരിപക്ഷം 20 ൽ കൂടുതൽ നിയമസഭാംഗങ്ങളുടെ ഭൂരിപക്ഷം നൽകുന്നത്. ഈ ഒഴുക്കിന്റെ പരസ്പര ബലാബലമാണ് അന്തിമ വിജയിയെ തീരുമാനിക്കുന്നത്. ഇടയിൽ ഒരു പ്രബല സ്വതന്ത്രനുണ്ടെങ്കിൽ അയാളുടെ വോട്ടിന്റെ സാദ്ധ്യതയുള്ള ഒഴുക്കും അളക്കേണ്ടതുണ്ട്. ഇപ്രകാരമുള്ള 'സ്വിങ്' മണ്ഡലങ്ങളുടെ ഒഴുക്കാണ് മുന്നണി അടിസ്ഥാനത്തിലുള്ള തിരഞ്ഞെടുപ്പ് ഫലത്തെ നയിക്കുക. ഒറ്റത്തവണ സർവേക്ക് ഒരു നിശ്ചല ചിത്രമേ നൽകാവൂ. ഉദാഹരണത്തിന് ഈ തിരഞ്ഞെടുപ്പിൽ 40 മുതൽ 70 വരെ “സ്വിങ് ” മണ്ഡലങ്ങളുണ്ട് എന്ന് വിവിധ സർവേകൾ പറയുന്നു. ഇവയിലെ 'നെറ്റ് വോട്ട് ' ഒഴുക്കാണ് വിജയികളെ നിശ്ചയിക്കുക. തിരഞ്ഞെടുപ്പിന് മുൻപ് നിലവിലെ അഭിപ്രായം മാറുന്നവരാണ് ഫലം നിശ്ചയിക്കുക എന്നർത്ഥം. ഇപ്പോൾ ലസാർസ്‌ഫെൽഡ് 80 വർഷം മുൻപ് ചെയ്തതുപോലെ ഫലം മാറിമറിയുന്നതായ പശ്ചാത്തലത്തിലുള്ള മണ്ഡലങ്ങളിൽ അല്ലാത്തവയിൽ നിന്നും മൂന്നിരട്ടി സാംപിൾ എങ്കിലും പഠിക്കണം. അതും തിരഞ്ഞെടുപ്പിനു മുൻപ് കുറഞ്ഞത് മൂന്ന് - നാല് തവണ ആവർത്തിച്ച് അതേ വ്യക്തികളെ വിശദമായി സർവേ ചെയ്യണം. അല്ലാതെയുള്ള സർവേയിൽ, അതും വലിയ സ്റ്റാറ്റിസ്റ്റിക്കൽ എറർ (സാങ്കേതികത്വത്തിൽ തന്നെയുള്ള പിശക്) ഉള്ളപ്പോൾ ഒരൂഹം പോലും ലഭിക്കില്ല. അഞ്ച് ശതമാനം ആന്തരിക സാങ്കേതിക പിശകുള്ള രീതി അവലംബിച്ച് നാല് ശതമാനം വോട്ട് വ്യത്യാസത്തിൽ A അഥവാ B ജയിക്കും എന്നൊക്കെ പറയുന്നത് സർവേ ശാസ്ത്രത്തോടുള്ള ശുദ്ധമായ വഞ്ചനയാണ്; തികഞ്ഞ അശാസ്ത്രീയതയാണ്. ഫലം തത്‌കാലം നിർണയാതീതമാണെന്ന് സത്യസന്ധമായി പറയുകയാണ് വേണ്ടത്. 140 മണ്ഡലത്തിലും ഒരേ സംഖ്യയിൽ തന്നെ സർവേ സാംപിൾ നിശ്ചയിച്ചതിനും ഒരു നീതിയുമില്ല. 'സ്വിങ്' മണ്ഡലങ്ങളിൽ കൂടുതൽ വോട്ടർമാരെ സർവേ ചെയ്യുകയും സർവേയിൽ അഭിപ്രായം മാറുന്നവരുടെ എണ്ണം, ദിശ എന്നിവ മനസിലാക്കാതെയും ചെയ്യുന്നവയിൽ ഒരു ശാസ്ത്രീയതയും സാംപിളിലുണ്ടെന്ന് പറയാനാവില്ല. ഈ രണ്ടു തകരാറുകൾ കൊണ്ടുതന്നെ ഒട്ടുമിക്ക സർവേകളും മിഥ്യകളായി തീർന്നാൽ അതിശയമില്ല.
ജയിക്കുന്നതായി ചിത്രീകരിക്കപ്പെടുന്ന മുന്നണി ഇതര സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യാനുള്ള അബോധ പ്രേരണ വോട്ടർമാരിൽ പലർക്കുമുണ്ട്. 'വോട്ട് പാഴാക്കാതിരിക്കൽ' സിദ്ധാന്തമാണ് ഇവിടെ പ്രസക്തം. ഇത്തരം അശാസ്ത്രീയ സർവേകൾ ചെയ്യുന്നത് വിജയിക്കുന്നത് ഒരു സ്ഥാനാർത്ഥി /മുന്നണിയാണ് എന്ന പ്രതീതിയും അതിനാൽ സാദ്ധ്യമായ ഒന്ന് - രണ്ട് ശതമാനം വോട്ട് വർദ്ധനയുമാണ് എന്ന് പല പാശ്‌ചാത്യ നിരീക്ഷകരും കരുതുന്നുണ്ട്. എന്നാൽ ഇവയുടെ ഒരു ഉദ്ദേശിക്കാത്ത ഫലം ഉറപ്പായും വിജയിക്കുമെന്ന് പ്രവചിക്കപ്പെടുന്ന പാർട്ടി, വ്യക്തി / നേതാവിനെതിരായ രാഷ്ട്രീയ ശക്തികളെ അത് ഏകോപിപ്പിക്കും എന്നതാണ്. നേരിയ വ്യത്യാസത്തിൽ തോല്‌ക്കുമെന്ന് പ്രവചിക്കപ്പെടുന്നയാൾക്ക് അവസാന നിമിഷത്തെ ഒന്നിപ്പിന്റെ ആനുകൂല്യവും കിട്ടും. സ്വന്തം വോട്ട് ശതമാനം മാത്രമല്ല ജയസാദ്ധ്യതയുള്ള പ്രതിയോഗി ഇതരരുടെ വോട്ട് കൂടി ശേഖരിക്കുന്നതും ഒരു സാദ്ധ്യതയാണ്. വോട്ടിംഗ് ദിനം അടുക്കുന്തോറും ക്യാംബെൽ സിദ്ധാന്തിച്ച കാര്യകാരണ നാഴിയിലൂടെ വോട്ടറുടെ മനോഗതം സഞ്ചരിക്കുന്നു. നാഴിയുടെ പരന്ന ഭാഗത്ത് തന്റെ സാമൂഹ്യ-സാമ്പത്തിക -വംശീയ-തൊഴിൽ സാദ്ധ്യത നിശ്ചയിച്ച അടിസ്ഥാന ആഭിമുഖ്യമാണ് (Primary Partisanship ). എന്നാൽ എല്ലാ പാർട്ടിയാഭിമുഖ്യക്കാരും എല്ലാ തിരഞ്ഞെടുപ്പിലും ഒരേപാർട്ടിക്കും സ്ഥാനാർത്ഥിക്കും വോട്ട് ചെയ്യില്ല. പ്രചാരണം 54 ശതമാനം സ്വന്തം വോട്ടർമാരെ സജീവമാക്കാനും 25 ശതമാനം നിഷ്ക്രിയരെ ഉത്തേജിപ്പിക്കാനുമാണ് പ്രയോജനപ്പെടുക. വെറും 10 ശതമാനം പേരാണ് ഇതേ കാലയളവിൽ വോട്ടിംഗ് ആഭിമുഖ്യം മാറ്റിപിടിക്കുന്നത്. വോട്ടർ ഒടുവിൽ തീരുമാനമെടുക്കുന്നത് അടിസ്ഥാന വിഭാഗീയതയുടെ മേൽ തിരഞ്ഞെടുപ്പിലെ പ്രത്യക്ഷ കാരണത്താൽ പ്രചാരണം ചെലുത്തുന്ന സ്വാധീനത്തിന്റെ പ്രതിഫലനമാണ്. ഇതിൽ ഭരണത്തിൽ കിട്ടുന്ന വ്യക്തിഗതഗുണം മുതൽ സമാധാനം, രാജ്യസുരക്ഷ എന്നിവ വരെ പ്രസക്തമാകുന്നു. ഈ ഒഴുക്കിന്റെ ഗതിയും വേഗവും അളക്കാത്ത സർവേകൾ ശുദ്ധ അസംബന്ധമാണ്. നല്ല വിദ്യാഭ്യാസവും പരിശീലനവുമുള്ള മാദ്ധ്യമ അവതാരകർ ഈ സംഖ്യകളെപ്പറ്റി മണിക്കൂർ കണക്കിൽ വാചാലരാകുന്നത് കണ്ടാൽ പ്രണയ് റോയിയും സോപാരിവാലയും എഴുതിയ “ India Decides ” എന്ന അടിസ്ഥാന പുസ്തകമെങ്കിലും വായിക്കൂ എന്നറിയിക്കാനേ കഴിയൂ. കഴിഞ്ഞ സർവേകൾ ഒരുപക്ഷേ ഈ തിരഞ്ഞെടുപ്പിന്റെ ഒരു പാഠമായി മാറി കൂടായ്കയില്ല.
[അഭിപ്രായം വ്യക്തിപരം]