bag

വെറൈറ്റി ഇഷ്ടപ്പെടുന്ന ആളുകൾക്കിതാ ഒരു സന്തോഷ വാർത്ത. പാരിസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഫാഷൻ ബ്രാൻഡായ ലൂയി വെറ്റോൺ തയ്യാറാക്കിയ പുത്തൻ പറക്കും ബാഗ് ഇതിനോടകം തന്നെ നിങ്ങളുടെ ശ്രദ്ധയിൽപെട്ടിരിക്കും. പറക്കും ബാഗ് എന്നും കരുതി തെറ്റിദ്ധരിക്കേണ്ട,​ ഫാൾവിന്റർ കളക്ഷന്റെ ഭാഗമായിട്ടാണ് വിമാനത്തിന്റെ മാതൃകയിൽ ഈ പുതുപുത്തൻ ബാഗ് അവതരിപ്പിച്ചിരിക്കുന്നത്. ബ്രാൻഡിന്റെ ആർട്ടിസ്റ്റിക് ഡയറക്ടറായ വിർജിൽ അബ്‌ലോഹ് ആണ് ഏയ്‌റോപ്ലെയിൻ മാതൃകയിലുള്ള പുത്തൻ ബാഗ് ഡിസൈൻ ചെയ്തത്. സെയിന്റ് എന്ന ട്വിറ്റർ പേജിലൂടെയാണ് ബ്രൗൺ നിറത്തിലുള്ള മേൽത്തരം ലെതറിൽ തയ്യാറാക്കിയ ലൂയി വെറ്റോൺ ബാഗിന്റെ ചിത്രങ്ങൾ സമൂഹ മാദ്ധ്യമങ്ങളിൽ പോസ്റ്റ് ചെയ്തത്.

വിമാനത്തിലെ ചിറകുകളും വാൽ ഭാഗവും എല്ലാം അതേപടി ബാഗിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. ഇതൊരു മിനി വിമാനം മോഡലിലാണ് രൂപകൽപന ചെയ്തിരിക്കുന്നത്. ലൂയി വെറ്റോണിന്റെ ബ്രാൻഡ് ലോഗോയും ഈ ആഡംബര ബാഗിൽ പതിച്ചിട്ടുണ്ട്. ബാഗിന്റെ ഹാന്റ്ലിനും കാരിയറുകൾക്കും കറുപ്പ് നിറമാണ്.

ഈ വെറൈറ്റി ബാഗിന്റെ വില എത്രയെന്നല്ലേ നിങ്ങൾ ചിന്തിക്കുന്നത്? 39,000 ഡോളർ, അതായത് ഏകദേശം 30 ലക്ഷം രൂപ. പ്രീമിയം ബ്രാൻഡ് ആയതിനാൽ ലൂയി വെറ്റോൺ ഉത്പന്നങ്ങൾക്ക് വില അൽപം കൂടുന്നത് സ്വാഭാവികകമാണ് എന്ന് പലരും വാദിക്കുന്നുണ്ടെങ്കിലും ഇതൊരല്പം കൂടിപ്പോയില്ലേ എന്നാണ് ചില ട്വിറ്റർ ഉപഭോക്താക്കളുടെ ആക്ഷേപം. കുറച്ചുകൂടെ പൈസ കൊടുത്താൽ യഥാർത്ഥ വിമാനം തന്നെ വാങ്ങിക്കൂടെ എന്നാണ് മറ്രൊരു ട്വിറ്റർ ഉപഭോക്താവ് പ്രതികരിച്ചിരിക്കുന്നത് !

എന്നാൽ,​ ലോകത്തിലെ ഏറ്റവും വിലകൂടിയ ബാഗിന് മുൻപിൽ ലൂയി വെറ്റോൺ എയ്‌റോപ്ലെയ്ൻ ബാഗിന്റെ വില വളരെ നിസാരമാണ്. ഇറ്റാലിയൻ ലക്ഷ്വറി ബ്രാൻഡായ ബോറിനി മിലാനെസി അവതരിപ്പിച്ച ലോകത്തിലെ ഏറ്റവും വിലകൂടിയ ഹാൻഡ്ബാഗിന് 6 മില്യൺ യൂറോ,​ ഏകദേശം 53 കോടി രൂപയാണ് വില.

ഈ ബാഗ് നിർമ്മിച്ചിരിക്കുന്നത് ചീങ്കണ്ണിയുടെ തോലുപയോഗിച്ചാണ്. മാത്രവുമല്ല വൈറ്റ് ഗോൾഡ് ഉപയോഗിച്ച് നിർമ്മിച്ച വിവിധ വലിപ്പത്തിലുള്ള 10 ശലഭങ്ങളും വജ്രത്തിൽ തീർത്ത ലോക്കുമുണ്ട് ഈ ആഡംബര ബാഗിന്. 10 വൈറ്റ് ഗോൾഡിൽ തീർത്ത ശലഭത്തിന്റെ രൂപത്തിൽ നാലെണ്ണത്തിൽ വൈരക്കല്ലുപയോഗിച്ച് മനോഹരമാക്കിയിട്ടുണ്ട്. 3 ബാഗുകളിൽ നിയോൺ ബ്ലൂ നിറത്തിലുള്ള പരൈബ ടൂർമലൈൻ രത്നവും ഘടിപ്പിച്ചിട്ടുണ്ട്. ഇത്രയും വിലപിടിപ്പുള്ള 3 ബാഗുകൾ മാത്രം നിർമ്മിക്കാനാണ് ബോറിനി മിലാനെസിയുടെ പദ്ധതി. ഒരു ബാഗ് നിർമ്മിക്കാൻ കുറഞ്ഞത് 1,000 മണിക്കൂർ ആവശ്യമാണ്.