കൊവിഡ് മഹാമാരി ലോകത്തെ വരിഞ്ഞു മുറുക്കാൻ തുടങ്ങിയിട്ട് വർഷം ഒന്നു കഴിഞ്ഞു. ശക്തമായ പ്രതിരോധ പ്രവർത്തനങ്ങളെ കാറ്റിൽ പറത്തിയാണ് ഈ വൈറസ് മനുഷ്യരെ കാർന്നുതിന്നുന്നത്. ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ പുരോഗമിയ്ക്കുന്ന കൊവിഡ് പ്രതിരോധ വാക്സിനേഷൻ മഹാമാരിയിൽ നിന്നുമുള്ള അതിജീവനത്തിന് വളരെയേറെ പ്രതീക്ഷ നൽകുന്നുണ്ട്.
കൊവിഡ് പ്രതിരോധ വാക്സിനേഷൻ തീമിൽ തയ്യാറാക്കിയിരിക്കുന്ന ചില ചോക്ലേറ്റുകളുടെ ചിത്രങ്ങൾ ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. കൈയിൽ പ്രതിരോധ വാക്സിന്റെ സിറിഞ്ചുമായി നിൽക്കുന്ന രൂപത്തിലാണ് ഈ ചോക്ലേറ്റുകൾ നിർമ്മിച്ചിരിക്കുന്നത്. പ്രശസ്ത ഹംഗേറിയൻ ഷെഫായ ലാസ്ലോ റിമോസിയാണ് കൗതുകം നിറയ്ക്കുന്ന ഈ ചോക്ലേറ്റുകൾ തയ്യാറാക്കിയിരിക്കുന്നത്. ഇക്കഴിഞ്ഞ ക്രിസ്മസ്‌ക്കാലത്ത് മാസ്‌ക് ധരിച്ചു നിൽക്കുന്ന സാന്താക്ലോസിന്റെ രൂപത്തിലുള്ള ചോക്ലേറ്റുകൾ തയ്യാറാക്കിയും റിമോസി സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധ നേടിയിരുന്നു. ഇതിനു പിന്നാലെയാണ് വാക്സിനുമായി നിൽക്കുന്ന മുയലിന്റെ രൂപത്തിലുള്ള ചോക്ലേറ്റുകളുടെ പിറവി. ക്രിസ്മസിന് തയ്യാറാക്കിയ മാസ്‌ക് ധരിച്ച സാന്താക്ലോസിനെപ്പോലെതന്നെ വാക്സിനുമായെത്തിയ മുയൽ ചോക്ലേറ്റിനും മികച്ച സ്വീകാര്യതയാണ് ലഭിയ്ക്കുന്നത്.