വയലിനിസ്റ്റ് ബാലഭാസ്‌കർ അന്തരിച്ചിട്ട് രണ്ട് വർഷം പിന്നിട്ടു. 2018 സെപ്തംബറിലാണ് അദ്ദേഹവും കുടുംബവും സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടത്. മകൾ സംഭവ സ്ഥലത്തുവച്ചും, ബാലഭാസ്‌കർ ആശുപത്രിയിൽവച്ചുമാണ് മരണത്തിന് കീഴടങ്ങിയത്. ഭാര്യ ലക്ഷ്മി പരിക്കുകളോടെ രക്ഷപ്പെട്ടു.
എന്നാൽ ബാലഭാസ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട് ചില ആരോപണങ്ങൾ ഉയർന്നിരുന്നു. ലക്ഷ്മിയെവരെ ചിലർ കുറ്റപ്പെടുത്തിയിരുന്നു. കൗമുദി ടിവിയ്ക്ക് നൽകിയ അഭിമുഖത്തിൽ ലക്ഷ്മിയുടെ ഇപ്പോഴത്തെ അവസ്ഥയെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് സംഗീത സംവിധായകനും ബാലുവിന്റെ സുഹൃത്തുമായ ഇഷാൻ ദേവ്.
'വന്നിരുന്ന് ചോദ്യം ചെയ്യുന്ന എത്രയോ ആൾക്കാരെ ഞാൻ കണ്ടിട്ടുണ്ട്, ആ ലക്ഷ്മിയെ പിടിച്ച് അടിവയറ്റിൽ രണ്ട് ചവിട്ടുകൊടുക്കൂ ഇതൊക്കെ പുറത്തുവരുമെന്ന്.അവരോടൊക്കെ ഞാൻ ചോദിക്കുന്നത് അവരുടെ വീട്ടിലും അമ്മയും കുഞ്ഞുമൊന്നുമില്ലേ എന്നാണ്.
ഭർത്താവും കുഞ്ഞും മരിച്ച സ്ത്രീ അല്ലേ? ആ ഒരു പരിഗണന കൊടുക്കണ്ടേ. ഞാൻ പോയി കണ്ടതാണ്. അവർക്ക് എണീറ്റ് നടക്കാൻ പോലും വയ്യ. ഭയങ്കര എനർജറ്റിക്കായി നടന്നയാളാണ്. ബാലഭാസ്‌കർ എങ്ങനെയാണ് വൈഫിനെ നോക്കിയിരുന്നതെന്ന് എനിക്കറിയാം.
ഇപ്പോൾ ദാമ്പത്യ പ്രശ്‌നമില്ലാത്ത വീടുണ്ടോ.ഈ കണ്ടോണ്ടിരിക്കണ ലക്ഷക്കണക്കിന് ആളുകൾക്ക് പ്രശ്‌നമുണ്ട്, എനിക്കും ഉണ്ട് പ്രശ്‌നം. പിണക്കങ്ങളും ഇണക്കങ്ങളുമെല്ലാം ചേർന്നതാണ് വീട്. പത്തൊമ്പത് വർഷം അവർ ഒന്നിച്ച് ജീവിച്ചില്ലേ? പിന്നെന്താണ്? വീട്ടിനകത്തുള്ള കാര്യങ്ങൾ പുറത്തെടുത്തിടുക, ഊതിവീർപ്പിക്കുക...ഇതൊക്കെ വളരെ മോശമല്ലേ? കണ്ടോണ്ടിരിക്കുന്ന നമുക്ക് പ്രതികരിക്കാൻ പറ്റൂല.എന്റെയൊക്കെ എന്ത് ദുരവസ്ഥയാണ്. എന്റെ സ്ഥാനത്ത് ബാലഭാസ്‌കറായിരിക്കണമായിരുന്നു. എന്താണ് ലൈഫിൽ മിസ് ചെയ്യുന്നതെന്ന് ചോദിച്ചാൽ എന്റെ കൂടെ ബാലഭാസ്‌കറിനെപ്പോലെ ധൈര്യമുള്ള ഒരു ഫ്രണ്ട് ഇല്ല.ഉണ്ടായിരുന്നെങ്കിൽ ഇതിനെയൊക്കെ പൊളിച്ചടക്കാമായിരുന്നു.'- അദ്ദേഹം പറഞ്ഞു.