whatsapp

ലോകമാകെ ഏ‌റ്റവുമധികം ആളുകൾ ഉപയോഗിക്കുന്ന സമൂഹമാദ്ധ്യമമാണ് ഫേസ്‌ബുക്ക് ഉടമസ്ഥതയിലുള‌ള വാട്‌സാപ്പ്. സ്വകാര്യത സംബന്ധിച്ച ചില വിവാദങ്ങൾ ഇടയ്‌ക്ക് വാട്‌സാപ്പിനെ വല്ലാതെ പിടിച്ച് കുലുക്കിയിരുന്നു. ടെസ്‌ല ഉടമ ഇലോൺ മസ്‌ക് മ‌റ്റൊരു സമൂഹമാദ്ധ്യമമായ 'സിഗ്‌നൽ' ഉപയോഗിക്കൂ എന്ന് ആഹ്വാനം ചെയ്‌തതോടെ സിഗ്‌നലിലേക്ക് ജനങ്ങളുടെ ഒഴുക്കായിരുന്നു. തങ്ങൾ വ്യക്തികളുടെ സ്വകാര്യതയെ മാനിക്കുന്നുണ്ടെന്ന് ഒടുവിൽ വാട്‌സാപ്പിന് തെളിയിക്കേണ്ടി വന്നു.

എന്നാൽ പ്രശ്‌നങ്ങൾ വാട്‌സാപ്പിനെ വിടുന്ന ലക്ഷണമില്ല. ലോകത്ത് എവിടെ നിന്നും ഹാക്കർമാർക്ക് ഉപഭോക്താവിന്റെ ഫോൺ നമ്പർ ഉപയോഗിച്ച് വാട്‌സാപ്പ് അക്കൗണ്ട് നിർജ്ജീവമാക്കാനോ, ഉപഭോക്താവ് വിചാരിച്ചാൽ പോലും തിരികെ ആക്‌ടിവേ‌റ്റ് ചെയ്യാനാകാത്ത തരത്തിൽ നിയന്ത്രിക്കാനോ സാധിക്കും. ഇത്തരത്തിൽ വലിയൊരുപിഴവ് വാട്‌സാപ്പിൽ കണ്ടെത്തിയിരിക്കുകയാണ്. സൈബർ സുരക്ഷാ ഗവേഷകരാണ് ഈ സാദ്ധ്യത കണ്ടെത്തിയിരിക്കുന്നത്. സുരക്ഷയ്‌ക്കായി വാട്‌സാപ്പ് പറയുന്ന ടൂ ഫാക്‌ടർ ഓതന്റിക്കേഷൻ ഉപയോഗിക്കുന്നയാൾ നടത്തിയിട്ടുണ്ടെങ്കിലും ഇത്തരത്തിൽ എളുപ്പത്തിൽ അക്കൗണ്ടിൽ ഹാക്കർമാർക്ക് പ്രവേശിക്കാനാകും.

സൈബർ സുരക്ഷാ ഗവേഷകരായ ലൂയിസ് മാർക്വെസ് കാർപിന്റെറോ, ഏണസ്‌റ്റോ കനാലെസ് പെരേന എന്നിവരാണ് ഇത് കണ്ടെത്തിയത്. വാട്‌സാപ്പിൽ നൽകിയിരിക്കുന്ന ഫോൺനമ്പരും അതിലേക്ക് വരുന്ന ആറക്ക രജ്സി‌ട്രേഷൻ കോഡും അറിയേണ്ട ആവശ്യം മാത്രമേ ഹാക്കർക്കുള‌ളൂ. ആരുടെ അക്കൗണ്ടിലും എളുപ്പത്തിൽ പ്രവേശിക്കാം. രണ്ട് തവണ തെ‌റ്റായ കോഡ് നൽകി അക്കൗണ്ട് 12 മണിക്കൂറത്തേക്ക് ബ്ളോക്ക് ചെയ്യാനും സാധിക്കും.

വാട്‌സാപ്പ് അക്കൗണ്ടിൽ സൈൻ ഇൻ ചെയ്യാനാകാതെ ഉടമ കുഴയുമ്പോൾ നമ്പർ ഡീആക്‌ടിവേ‌റ്റ് ചെയ്യാൻ വാട്‌സാപ്പിനോട് ആവശ്യപ്പെടാൻ ഹാക്കർക്ക് കഴിയും. ഇതിനായി നൽകേണ്ട ഇ-മെയിൽ ഐഡി മ‌റ്റൊന്ന് നൽകാം. കാരണമായി ഫോൺ നഷ്ടമായതായി കാണിച്ചാൽ മതി. തുടർന്ന് വാട്‌സാപ്പ് അക്കൗണ്ട് നിർജീവമാകും. വീണ്ടും ശ്രമിച്ചാലും അക്കൗണ്ട് പുനസ്ഥാപിക്കാൻ 12 മണിക്കൂറെങ്കിലും സമയമെടുക്കും. പിന്നെയും ഇതേ ശ്രമം ഹാക്കർ നടത്തിയാൽ മ‌റ്റൊരു 12 മണിക്കൂർ നേരത്തേക്ക് വാ‌ട്സാപ്പ് അക്കൗണ്ട് പുനസ്ഥാപിക്കാൻ കഴിയില്ല.

അക്കൗണ്ട് പുനസ്ഥാപിക്കാൻ സ്വന്തം മെയിൽ ഐഡി ഉപയോഗിച്ചേ ഉടമയ്‌ക്ക് സാധിക്കൂ. ഈ മെയിൽ വിലാസം ടൂ ഫാക്‌ടർ ഓതന്റിക്കേഷൻ വഴി വാട്‌സാപ്പിൽ രജിസ്‌റ്റർ ചെയ്യണം. എന്നാൽ ഈ പ്രശ്‌നം ശ്രദ്ധയിൽപെട്ടെന്നോ പരിഹരിക്കുമെന്നോ വാട്‌സാപ്പ് ഇതുവരെ പ്രതികരിച്ചിട്ടില്ല. മിക്ക ഉപഭോക്താക്കളും ഇ മെയിൽ ഐഡി വാട്‌സാപ്പുമായി ബന്ധിപ്പിച്ചിട്ടില്ലാത്തതിനാൽ ഹാക്ക് ചെയ്യാനുള‌ള സാദ്ധ്യത ഇപ്പോഴും വളരെ വലുതാണെന്ന് സൈബർ സുരക്ഷാ ഗവേഷകർ ചൂണ്ടിക്കാട്ടുന്നു.