cfltc

തിരുവനന്തപുരം: കൊവിഡിന്റെ രണ്ടാം വരവിനെ തുടർന്ന് ജില്ലയിൽ ചികിത്സയ്ക്കായി കൂടുതൽ സി.എഫ്.എൽ.ടി.സികൾ തുറക്കുന്ന കാര്യം ജില്ലാഭരണകൂടം ആലോചിക്കുന്നു. നിലവിൽ ഐ.എം.ജിയിലേത് അടക്കം ജില്ലയിൽ ഏഴ് സി.എഫ്.എൽ.ടി.സി.കളാണ് പ്രവർത്തിക്കുന്നത്. ഇവയുടെ പ്രവർത്തനം ശക്തിപ്പെടുത്തുന്നതിനൊപ്പമാണ് രോഗികളുടെ വർദ്ധന മുൻകൂട്ടി കണ്ട് സി.എഫ്.എൽ.ടി.സികൾ സജ്ജമാക്കാൻ തീരുമാനിച്ചത്. ഇക്കാര്യം ജില്ലാ മെഡിക്കൽ ഓഫീസറുമായി ചർച്ച ചെയ്തു വരികയാണ്.

മറ്റ് ആശുപത്രികളിലെ 10 ശതമാനം കിടക്കകൾ കൊവിഡ് ചികിത്സയ്ക്കായി മാറ്റിവയ്ക്കാനും ആരോഗ്യ വകുപ്പ് തീരുമാനിച്ചിട്ടുണ്ട്. താലൂക്ക്, ജില്ലാ ആശുപത്രികൾ, ജനറൽ ആശുപത്രി, മെഡിക്കൽ കോളജ് എന്നിവിടങ്ങളിലെ 10 ശതമാനം കിടക്കകളാണ് കൊവിഡ് രോഗികൾക്കായി മാറ്റിവയ്ക്കുക. രോഗികളുടെ എണ്ണം ക്രമാതീതമായി വർദ്ധിക്കുന്നതിന്റെ പശ്ചാത്തലത്തിൽ ഇത് അടിയന്തരമായി ചെയ്യണമെന്ന് ആരോഗ്യവകുപ്പ് നിർദ്ദേശിച്ചു. .


കൂടുതൽ രോഗികളെ പാർപ്പിക്കുന്നതിനുള്ള എല്ലാ സജ്ജീകരണങ്ങളും അടിയന്തരമായി ഒരുക്കും. രോഗം പടരുന്ന ഇടങ്ങളിൽ നിയന്ത്രണങ്ങളും കൊവിഡ് മാനദണ്ഡങ്ങളും പിഴവില്ലാതെ നടപ്പാക്കും. നിലവിൽ ആറായിരത്തിനും എണ്ണായിരത്തിനും ഇടയിലാണ് ജില്ലയിൽ നടത്തുന്ന ആർ.ടി.പി.സി.ആർ പരിശോധനകൾ. ഇവ 10,​000 വരെ ആക്കുന്നതിനും ജില്ലാഭരണകൂടം തീരുമാനിച്ചിട്ടുണ്ട്. പരിശോധന കൂട്ടിയാൽ മാത്രമെ രോഗികളെ വേഗത്തിൽ കണ്ടെത്താനാകൂവെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണിത്. ഒരു സമയത്ത് സംസ്ഥാനത്തെ ഏറ്റവും കൂടുതൽ രോഗികൾ ഉണ്ടായിരുന്നത് തലസ്ഥാന ജില്ലയിലാണ്. ഭരണസിരാകേന്ദ്രം അടക്കമുള്ള തന്ത്രപ്രധാന സ്ഥാപനങ്ങൾ സ്ഥിതി ചെയ്യുന്ന തലസ്ഥാന ജില്ലയിൽ ആണ് ഏറ്റവും കൂടുതൽ പൊതുപരിപാടികൾ നടക്കുന്നത്. അതിനാൽ തന്നെ രോഗബാധിതരുടെ എണ്ണം ഉയരാൻ വലിയ സാദ്ധ്യതയാണുള്ളത്.


അതേസമയം,​ കൊവിഡ് രോഗികളുടെ എണ്ണം കൂടിയതോടെ ആശുപത്രികളിലെ വാർഡുകൾ നിറഞ്ഞുകഴിഞ്ഞു. ഇതുകാരണം ബുദ്ധിമുട്ടിലായത് ആശുപത്രികളിൽ കൊവിഡ് ഇതര രോഗങ്ങൾക്ക് ചികിത്സ തേടിയെത്തുന്നവരാണ്. ആശുപത്രികളിലെ 10 ശതമാനം കിടക്കകൾ കൊവിഡ് ചികിത്സയ്ക്കായി മാറ്റിവയ്ക്കുന്നതോടെ ക്രമേണ ഇവ കൊവിഡ് ആശുപത്രികൾ മാത്രമായി മാറുമോയെന്ന ആശങ്കയും നിലനിൽക്കുന്നു. കൊവിഡ് രോഗികളുടെ എണ്ണം കുറഞ്ഞതോടെ ജനറൽ ആശുപത്രി സാധാരണ നിലയിലേക്ക് തിരിച്ചെത്തിയിരുന്നു. എന്നാൽ, അടുത്തിടെയായി ജനറൽ ആശുപത്രിയിൽ കൊവിഡ് ചികിത്സയുമായി ബന്ധപ്പെട്ട് ഏറെപ്പേർ എത്തിയിരുന്നു. നിലവിൽ ജില്ലയിലെ ആശുപത്രികളിൽ നാലായിരത്തോളം കൊവിഡ് രോഗികൾ ഉണ്ടെന്നാണ് കണക്ക്.

1400 ഓളം ബെഡ്ഡുകളെങ്കിലും അടിയന്തരമായി സജ്ജമാക്കാനാണ് ജില്ലാഭരണകൂടം ആലോചിക്കുന്നത്. കൊവിഡ് വ്യാപനം സംബന്ധിച്ച് ജില്ലയിലെ സ്വകാര്യ ആശുപത്രി അധികൃതരുടെ യോഗം വിളിക്കാനും ജില്ലാ ഭരണകൂടം തീരുമാനിച്ചിട്ടുണ്ട്‌. രോഗികളുടെ എണ്ണം കുറഞ്ഞതും വീട്ടിലെ ചികിത്സയും കൂടിയായതോടെ ജില്ലയിലെ സി.എഫ്.എൽ.ടി.സികളിൽ 70 ശതമാനത്തോളം ബെഡ്ഡുകൾ ഒഴിഞ്ഞുകിടക്കുകയാണ്. അതിനാൽ, ഇനിയുള്ള ദിവസങ്ങളിൽ രോഗം സ്ഥിരീകരിക്കുന്നവർക്ക് സർക്കാർ സംവിധാനത്തിൽത്തന്നെ മെച്ചപ്പെട്ട ചികിത്സ നൽകും.