തൊഴിലാളികളെല്ലാം പണിമുടക്കിയ ഒരു ദിവസം, കയ്യിലാകെയുള്ള ഇത്തിരിപ്പൊന്ന് പണയംവയ്ക്കാൻ കുഞ്ഞുമോളേയും കൂട്ടി നാട്ടിൻപുറത്തെ ബാങ്കിലെത്തിയ രോഗിണിയും വിധവയുമായ സ്ത്രീയുടേയും, അവരുടെ അത്യാവശ്യം മനസിലാക്കി വല്ലവിധേനയും സഹായിക്കാൻ ശ്രമിക്കുന്ന ഒരു ബാങ്ക് മാനേജറുടേയും കഥ ഞാൻ 1988-ലെഴുതിയിട്ടുണ്ട്: 'ഒരു ഈറൻ കാറ്റ് വന്ന് അയാളെ തൊട്ടു." ഒട്ടും പ്രതീക്ഷയില്ലാത്ത ഒരു ഹൃദയശസ്ത്രക്രിയയ്ക്കു തിരുവനന്തപുരത്തേക്ക് പോകാൻ വേണ്ടിയാണ് ആ സ്ത്രീ ബാങ്കിൽ പണയംവയ്ക്കാനെത്തുന്നത്. മകളെ അടുത്തുള്ള ഒരു ഓർഫനേജിലാക്കും മുമ്പ്, കയ്യിലുള്ള മുന്നൂറുരൂപ അവളുടെ പേരിൽ ഒരു അക്കൗണ്ട് തുടങ്ങി അതിലിടുകയും വേണം. അവരുടെ ഹൃദയവേദനകളിൽ പിടയുന്ന മാനേജരുടെ ചിത്രം വരച്ചിടുമ്പോൾ, ഞാൻ എന്റെ ബാങ്ക് ജീവിതത്തിന്റെ മൂന്നാം വർഷത്തിലേക്കു പ്രവേശിച്ചിരുന്നു.
ചെറിയൊരാവശ്യത്തിനു പോലും ബാങ്കിലേക്കു വന്നെത്തുന്ന ഒരാളുടെ ജീവിതാവസ്ഥ അറിഞ്ഞു പ്രവർത്തിക്കണമെന്ന വലിയ പാഠം മനസിലുരുവിട്ടുറപ്പിച്ചാണ് 1985 സെപ്തംബർ 20-ന് ശ്രീകണ്ഠപുരം സ്റ്റേറ്റ് ബാങ്ക് ഒഫ് ട്രാവൻകൂറിൽ ഞാൻ ജോലി തുടങ്ങുന്നത്. ആ മഹത്ചിന്ത ആദ്യ ദിവസം തന്നെ പറഞ്ഞുതന്നത് അവിടത്തെ സ്റ്റാഫ് സെക്രട്ടറി അരവിന്ദാക്ഷൻ നമ്പ്യാരും മാനേജർ വേലായുധൻ സാറും സഹപ്രവർത്തകരും. അതൊരു ട്രഷറി ബ്രാഞ്ചായതിനാൽ വന്നെത്തുന്നവരിലേറെയും പെൻഷൻ വാങ്ങാനുള്ള വൃദ്ധജനങ്ങളായിരുന്നു. മലയോരഗ്രാമമായതുകൊണ്ട് നിരക്ഷര കർഷകരും നിർദ്ധന തൊഴിലാളികളുമായും നിരവധി പേർ വന്നു പൊയ്ക്കൊണ്ടിരുന്നു. അവരോടൊക്കെ വ്യക്തിപരമായ അടുപ്പമുണ്ടാക്കാനും 'കസ്റ്റമർ സർവ്വീസ്" എന്ന പാവനമായ ആശയത്തിലൂന്നി ജോലി ചെയ്യാനും പഠിച്ച നാളുകളായിരുന്നു അത്... 16 വർഷങ്ങൾക്കിപ്പുറം, പണിയെടുത്തിരുന്നത് ബാങ്ക് ഹെഡാഫീസിലെ പബ്ലിക് റിലേഷൻസ് ഡിപ്പാർട്ട്മെന്റിലായിട്ടും, യാന്ത്രികവും മനുഷ്യത്വരഹിതവുമായി ബാങ്കിംഗ് കാലാവസ്ഥ മാറിത്തുടങ്ങി എന്ന് തിരിച്ചറിഞ്ഞപ്പോഴാണ്, പത്തിരുപത്തിരണ്ടു സർവീസ് വർഷങ്ങൾ പിന്നേയുമുണ്ടായിരുന്നിട്ടും 'താത്പര്യമില്ലാത്തവർക്ക് പിരിഞ്ഞുപോകാം" എന്ന 'ഉദാര വഴി" യിലൂടെ 2001 മാർച്ചിൽ ആ പടിക്കെട്ടുകളിറങ്ങിയത്!
ഒരുപാട് മാറ്റങ്ങൾ ഈ കാലയളവിൽ ബാങ്കുകൾക്ക് സംഭവിച്ചു. ജോലിയിലെ സ്ട്രെസ്സും സ്ട്രെയിനും കൂടി. ഉപഭോക്തൃസംസ്കാരം എന്നൊന്നില്ലാതായി. ടാർഗറ്റുകൾ, ടാർഗറ്റുകൾ... ഇതു മാത്രമായി ബാങ്കുദ്യോഗസ്ഥരുടെ ജീവിതമന്ത്രം...! ഞാൻ ജോലി ചെയ്ത ബാങ്കിന്റെ കഥ മാത്രമല്ല, എല്ലാ ബാങ്കുകളുടേയും കഥയാണിപ്പോഴിത്. ഓരോ വർഷവും ഈ മേഖലയിൽ ഹൃദയസ്തംഭനങ്ങളും സ്ട്രോക്കുകളും ആത്മഹത്യകളും വർദ്ധിച്ചുകൊണ്ടിരിക്കുന്നു... ഏറ്റവുമൊടുവിലെ വാർത്തയാണ് ഏപ്രിൽ 10-ന്റെ പത്രങ്ങളിൽ നമ്മൾ വായിച്ച, കൂത്തുപറമ്പ് കാനറാ ബാങ്കിൽ തൂങ്ങി മരിച്ച കെ.എസ്. സ്വപ്ന എന്ന യുവതിയായ മാനേജറുടേത്...
രണ്ട്
സ്വപ്ന ഒരു പ്രതീകം മാത്രമാണ്. ബാങ്കുകൾ അടിച്ചേൽപ്പിക്കുന്ന സമ്മർദ്ദങ്ങളുടെ ഫലമായി ജീവനക്കാർ ഒന്നൊന്നായി ആത്മഹത്യ ചെയ്യുന്ന സാഹചര്യത്തെക്കുറിച്ച് അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ഇപ്പോൾ മനുഷ്യാവകാശ കമ്മീഷൻ, സ്റ്റേറ്റ് ലെവൽ ബാങ്കേഴ്സ് കമ്മിറ്റിയോട് നിർദ്ദേശിച്ചിരിക്കുന്നു. നല്ല കാര്യം. പക്ഷേ അതുകൊണ്ടൊന്നും ഫലമില്ല എന്ന് നമുക്കറിയാം. മറ്റു പലയിടത്തുമെന്നപോലെ ബാങ്കുകളിലും തൊഴിൽ സംസ്കാരം മാറിമറിഞ്ഞിരിക്കുന്നു. എൻജിനിയറിംഗും മെഡിസിനുമൊക്കെ പഠിച്ചശേഷം ബാങ്ക് ഉദ്യോഗമെന്ന പ്രലോഭനത്തിന്റെ വഴിയിലെത്തി നിരാശയേറ്റു വാങ്ങിയ യുവതീയുവാക്കൾ ഏറെയാണിന്ന്. പണ്ടൊക്കെ നിക്ഷേപം, വായ്പ എന്നിവയിലൊതുങ്ങിയിരുന്നു ബാങ്കിടപാടുകളുടെ രീതികൾ. ഇന്നത്തെ ന്യൂജെൻ ബാങ്കിംഗ് കാലത്തത് ഇൻഷുറൻസും മ്യൂച്വൽഫണ്ടും, ഗോൾഡ് ലോണും ഏറ്റവുമൊടുവിൽ ഫാസ്റ്റ് ടാഗും വരെയെത്തിയിരിക്കുന്നു ആ കലാപരിപാടികൾ! നിത്യവും ഉദ്യോഗസ്ഥർക്ക് കനത്ത ജോലിഭാരം നിശ്ചയിച്ചു നൽകുന്നു മാനേജർമാർ. മാനേജർമാർക്ക് അതീവ സമ്മർദ്ദമേകുന്ന ടാർഗറ്റുകളുമായി മാനേജ്മെന്റുകളും.!
എന്റെ മകൾ വർഷയുടെ ഒരു ചെറിയ കഥ പറയാം. എൻജിനിയറിംഗും എം.ബി.എ.യും കഴിഞ്ഞ് അവൾ ഇടക്കാലത്ത് ഒരു മൾട്ടി നാഷണൽ ഫിനാൻഷ്യൽ സ്ഥാപനത്തിൽ ജോലിക്കു കയറി. അതിരാവിലെ ടെൻഷൻ പിടിച്ച് വീട്ടിൽ നിന്നിറങ്ങി രാത്രി എട്ടിന് വീട്ടിൽ വന്നു കയറുന്നത് മാനസികമായി തളർന്നവശയായിട്ട്. ഒരിക്കൽ ഞാൻ ശ്രദ്ധിച്ചു, അവളുടെ കഴുത്തിലുള്ള ചെറിയ സ്വർണമാല, കയ്യിലുള്ള ഒരു ചെറുമോതിരം - ഇതൊക്കെ ഓരോ ദിവസവും അപ്രത്യക്ഷമാവുന്നു... ചോദിച്ചപ്പോഴാണ് 'ഗോൾഡ് ലോൺ" എന്ന ടാർഗറ്റിനെക്കുറിച്ച് അവൾ പറയുന്നത്. ടാർഗറ്റ് തികയ്ക്കാൻ തന്റേയും കൂട്ടുകാരുടേയും ആഭരണങ്ങൾ വരെ, പണമാവശ്യമില്ലെങ്കിൽ കൂടി, അവൾ പണയം വയ്ക്കുകയാണ്! ഏതായാലും ആ 'സ്ട്രെസ്സി" ൽ നിന്ന് വിശാലവും സ്വതന്ത്രവുമായ ഒരു തൊഴിലിടത്തിലേക്ക് അവൾ കഴിയും വേഗം രക്ഷപ്പെട്ടു.
മൂന്ന്
1983-ൽ ബി.കോം. കഴിഞ്ഞ ശേഷമാണ്, സ്റ്റേറ്റ് ബാങ്ക് ഗ്രൂപ്പിന്റെ റീജനൽ റിക്രൂട്ട്മെന്റ് ബോർഡും, നാഷണലൈസ്ഡ് ബാങ്കുകളുടെ ബാങ്കിംഗ് സർവ്വീസ് റിക്രൂട്ട്മെന്റ് ബോർഡും നടത്തുന്ന പരീക്ഷകൾ ഞാനെഴുതിത്തുടങ്ങിയത്. ഒരു കോമേഴ്സുകാരന് ലഭിക്കാവുന്ന ബാങ്കുജോലിയുടെ മനോഹരമായ പ്രലോഭനവും പൊതുസമൂഹത്തിലെ സ്വീകാര്യതയും തന്നെ കാരണം. എൻജിനിയറിംഗ്പഠനം ഉപേക്ഷിച്ച് ബാങ്കുടെസ്റ്റ് എഴുതാൻ വന്നവർ കൂടി കൂട്ടത്തിലുണ്ടായിരുന്നു. അതിനെയൊക്കെ ആസ്പദമാക്കി, ഇത്തിരി കളിയാക്കിക്കൊണ്ട് 1984 സെപ്തംബർ 25-ന്റെ ഒരു ദേശീയ ദിനപത്രത്തിൽ ഞാനെഴുതിയ ലേഖനത്തിന്റെ പേര് 'ഹാ, പ്രിയപ്പെട്ട ബാങ്കുദ്യോഗമേ..." എന്നായിരുന്നു. വാസ്തവത്തിൽ അന്നത് ഏറെ പ്രിയപ്പെട്ട ഉദ്യോഗം തന്നെയായിരുന്നു. എന്നാൽ ഇക്കാലത്ത് പ്രിയപ്പെട്ട എന്ന പദത്തെ അത്രമേൽ പ്രിയങ്കരമായി പ്രയോഗിക്കുവാൻ വയ്യ.
നാല്
പാതിവഴിയിൽ എന്റെ കൂടെ ബാങ്കുദ്യോഗമുപേക്ഷിച്ചവർ എല്ലാവരും ഒരു കാര്യത്തിൽ സമാനചിന്താഗതിക്കാരാണ് : 'ജീവിതത്തിൽ പ്രധാനം മനസ്സമാധാനം തന്നെ." ഈ ഇരുപത് വർഷങ്ങളിലൂടെ ഞങ്ങളെല്ലാവരും അത് സന്തോഷപൂർവ്വം അറിയുന്നുമുണ്ട്. വലിയ ശമ്പളവും ഉന്നത പദവിയും ഒരുപാടു ലഭിക്കുന്ന ക്രിയാത്മകവർഷങ്ങൾ മുമ്പിലുണ്ടായിരുന്നിട്ടും 2001-ൽ ഞങ്ങളോടൊപ്പം ബാങ്കിന്റെ പടിയിറങ്ങിയ കെ.ടി. രാജഗോപാലൻ എന്ന സഹൃദയനായ ജനറൽ മാനേജർ, തന്റെ എഫ്.ബി. പോസ്റ്റിൽ കഴിഞ്ഞൊരു നാൾ ഇങ്ങനെ കുറിച്ചു: ''Twenty years have provided me with the time to sit back and count my blessings. I may not be rich, but I have all that I need. At the end of the day, that is what counts!""
(സതീഷ്ബാബു പയ്യന്നൂർ: 98470 60343, satheeshbabupayyannur@gmail.com)