pinarayi

തിരുവനന്തപുരം: എന്നും കെ ടി ജലീലിന് ധൈര്യം മുഖ്യമന്ത്രി പിണറായി വിജയനായിരുന്നു. മാർക്ക് ദാനവിവാദത്തിൽ ഉൾപ്പടെ മുഖ്യമന്ത്രിയുടെ ഈ സപ്പോർട്ട് കേരളം കണ്ടതാണ്. പ്രതിപക്ഷം ശക്തമായ പ്രക്ഷാേഭങ്ങൾ നടത്തിയപ്പോഴും ഒരുകുലുക്കവുമില്ലാതെ തന്റെ മന്ത്രിക്കസേരയിൽ ഉറച്ചിരിക്കാൻ ജലീലിന് ധൈര്യംപകർന്നതും മുഖ്യന്റെ പിന്തുണ തന്നെയാണ്. ബന്ധുനിയമന വിവാദത്തിൽ പെട്ടപ്പോഴും ഇത് കാണാൻ കഴിഞ്ഞു.

മന്ത്രിയെ വ്യക്തമായി കുറ്റപ്പെടുത്തുന്ന തരത്തിലുള്ള വിധി ലോകായുക്തയുടെ ഭാഗത്തുനിന്ന് ഉണ്ടായപ്പോൾ ജലീലിനോട് രാജിവയ്ക്കാൻ മുഖ്യമന്ത്രി ആവശ്യപ്പെട്ടില്ല. മറിച്ച് വിധിക്കെതിരെ ഹർജി നൽകാൻ സമയം വേണമെന്ന ജലീലിന്റെ ആവശ്യം അംഗീകരിക്കുകയായിരുന്നു. പിണറായിയുടെ വാക്കിന് എതിർവാക്കില്ലാത്ത സി പി എം സാവകാശം അനുവദിക്കുകയും ചെയ്തു. ഇതോടെ ജലീലിനെ അന്യായമായി സംരക്ഷിക്കുന്നു എന്ന തരത്തിലുള്ള ആക്ഷേപം പാർട്ടിക്കുള്ളിൽ ചിലർ ഉയർത്തി. പരിധി കടന്നുള്ള സംരക്ഷണം വലിയ തിരിച്ചടിയാവും എന്നും അവർ സൂചന നൽകി. ഇ പി ജയരാജൻ ബന്ധുനിയമന വിവാദത്തിൽ ഉൾപ്പെട്ടപ്പോൾ പാർട്ടി ഇത്തരം സാവകാശം നൽകിയില്ലെന്നും ജയരാജന്റെ വാദങ്ങൾക്ക് മുഖവില നൽകാതെ രാജിവയ്പ്പിക്കുകയുമായിരുന്നു എന്നുമാണ് അവർ ചൂണ്ടിക്കാട്ടിയത്. ഇതോടെ ജലീലിന്റെ പേരിൽ സിപിഎമ്മിൽ അഭ്യന്തര ഭിന്നത രൂപപ്പെടുന്നതിനുള്ള സാഹചര്യവും ഉടലെടുത്തു. പന്തികേട് മണത്തതോടെ പ്രശ്നം പരിഹരിക്കാനുള്ള ശ്രമം പാർട്ടിയുടെ ഭാഗത്തുനിന്നും പൊടുന്നനെ ഉണ്ടാവുകയായിരുന്നു.

ജലീലിനെ സംരക്ഷിക്കില്ലെന്ന തരത്തിലുള്ള സൂചന കഴിഞ്ഞദിവസം എം.എ.ബേബി നൽകുകയും ചെയ്തിരുന്നു. ലോകായുക്ത വിധിയെതന്നെ ചോദ്യം ചെയ്യുന്ന മന്ത്രി എ.കെ.ബാലന്റെ വാദങ്ങളും ബേബി തള്ളിയിരുന്നു. നടപടി വേണമെന്ന ആവശ്യം മുന്നണിക്കുള്ളിൽ ശക്തമായതാേടെയാണ് രാജിവയ്ക്കാൻ മുഖ്യമന്ത്രിക്ക് ആവശ്യപ്പെടേണ്ടിവന്നത്.

മുസ്ലീം സമുദായത്തിലേക്ക് സിപിഎമ്മിനെ അടുപ്പിക്കുന്ന പാലമായാണ് മുഖ്യമന്ത്രി കെ.ടി.ജലീലിനെ കണ്ടിരുന്നത്. അതിനാലാണ് ഇത്രയധികം പിന്തുണ മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്ന് ലഭിച്ചിരുന്നതെന്നും പാർട്ടികേന്ദ്രങ്ങളിലെ അടക്കം പറച്ചിലുകൾ. മലപ്പുറത്ത് സിപിഎം അടുത്തിടെ ഉണ്ടാക്കിയ മുന്നേറ്റത്തിൽ നിർണായക പങ്കുവഹിക്കുകയും ചെയ്തതോടെ മുഖ്യമന്ത്രിയുമായി കൂടുതൽ ജലീൽ അടുക്കുകയായിരുന്നു.