covid-

തിരുവനന്തപുരം: ജനിതക വ്യതിയാനം സംഭവിച്ച വൈറസിന്റെ സാന്നിദ്ധ്യം കേരളത്തിലെ പല ജില്ലകളിലും കണ്ടെത്തി. ഈ സാഹചര്യത്തിൽ രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ചവരിലും കൊവിഡ് വരാനുള്ള സാധ്യതയും വർദ്ധിച്ചു. വൈറസുകളിലെ ജനിതക വ്യതിയാനത്തെ കുറിച്ച് പഠിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച സിഎസ്‌ഐആര്‍- ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജീനോമിക് ആന്റ് ഇന്റ്‌ഗ്രേറ്റഡ് ബയോളജിയെന്ന (ഐജിഐബി) കേന്ദ്രസര്‍ക്കാര്‍ സ്ഥാപനത്തിന്റെ പഠനത്തിലാണ് പല ജില്ലകളിലും എന്‍440 കെ വകഭേദത്തില്‍പ്പെട്ട വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയത്. പ്രതിരോധ മാര്‍ഗങ്ങളെ മറികടക്കാന്‍ ശേഷിയുള്ള വൈറസ് രോഗ വ്യാപനം തീവ്രമാക്കുമെന്നാണ് ഐജിഐബി ചൂണ്ടിക്കാട്ടുന്നത്. കൊവിഡ് വ്യാപനത്തിന്റെ രണ്ടാംതരംഗത്തില്‍ ഒഡീഷ, ഛത്തീസ്ഗഡ്, ആന്ധ്രപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലും ഈ വൈറസിന്റെ സാന്നിദ്ധ്യം കണ്ടെത്തിയിരുന്നു.

നേരത്തെ യുറോപ്യന്‍ രാജ്യങ്ങളില്‍ ജനിത മാറ്റം സംഭവിച്ച കൊവിഡ് വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. ഇതിനെ നേരിടാന്‍ അന്ന് ഇന്ത്യയിലും നടപടി സ്വീകരിച്ചു. എന്നാല്‍ ഇതുഫലപ്രദമായില്ല എന്നതിന് തെളിവാണ് ഇന്ത്യയില്‍ കണ്ടെത്തിയ ജനിതക വ്യതിയാനം സംഭവിച്ച വൈറസിന്റെ സാന്നിദ്ധ്യം. അതേസമയം ഇന്ത്യയില്‍ പ്രതിദിന കൊവിഡ് രോഗബാധിതരുടെ എണ്ണം ഇന്നും ഒന്നരലക്ഷം കടന്നിട്ടുണ്ട്. ഇന്ത്യയിലേതടക്കം രോഗവ്യാപനത്തില്‍ ആശങ്കയറിയിച്ച ലോകാരോഗ്യസംഘടന, ആരോഗ്യസംവിധാനങ്ങള്‍ വലിയ വെല്ലുവിളി നേരിടുകയാണെന്ന് വ്യക്തമാക്കി.