പുത്തൻ ചിത്രങ്ങളിൽ തരംഗമുയർത്തി ബോളിവുഡിന്റെ എക്കാലത്തെയും പ്രിയ നായിക മാധുരി ദീക്ഷിത്ത്
ബോളിവുഡിൽ മാധുരി ദീക്ഷിത് യുഗം അവസാനിച്ചിട്ട് കാലമേറെയായില്ല.1984-ൽ അബോദ് എന്ന ചിത്രത്തിലൂടെ ബോളിവുഡിൽ തുടക്കം കുറിച്ച മാധുരിയെ താരറാണിയായി അവരോധിച്ച ചിത്രം അനിൽ കപൂർ നായകനായ തേസാബായിരുന്നു. ഏക് ദോ തീൻ... എന്ന എവർഗ്രീൻ ഹിറ്റ് ഗാനത്തിനൊപ്പം ചുവടുവച്ച മാധുരി യുവാക്കളുടെ സ്വപ്നനായികയായി.
രാംലഖൻ ത്രിദേവ്, 100 ഡേയ്സ്, സാജൻ ബേട്ട, ഖൽനായക്ക്, ഹം ആപ് കേ ഹേ കോൻ, രാജ, ദിൽ തോ പാഗൽ ഹെ, ദേവ്ദാസ്... മാധുരിയുടെ അഴകിലും ചിരിയിലും അഭിനയ മികവിലും ബോളിവുഡ് മയങ്ങിനിന്ന കാലമായിരുന്നു പിന്നീട്. തൊണ്ണൂറുകളുടെ തുടക്കം മുതൽ ഒടുക്കം വരെ ബോളിവുഡിലെ ഏറ്റവും താരമൂല്യമുള്ള നായികമാരിലൊരാളായിരുന്നു മാധുരി. ഇപ്പോൾ സിനിമയിൽ സജീവമല്ലെങ്കിലും സോഷ്യൽ മീഡിയയിൽ സജീവമാണ് താരം. ഇൻസ്റ്റഗ്രാമിൽ മാത്രം മാധുരിക്ക് 2 കോടിയിലേറെ ഫോളോവേഴ്സുണ്ട്.
പ്രായം അമ്പത്തിനാലായെങ്കിലും മാധുരിക്ക് ഇപ്പോഴും യൗവനമാണെന്നാണ് താരം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച പുതിയ ചിത്രങ്ങൾ കണ്ട് ആരാധകർ പറയുന്നത്. മാലി ദ്വീപിലെ കടലോരത്തിന്റെ പശ്ചാത്തലത്തിലെടുത്ത ചിത്രങ്ങളാണ് മാധുരി ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരിക്കുന്നത്. ദ മാജിക് ഹവർ എന്ന അടിക്കുറിപ്പാണ് താരം തന്റെ ചിത്രങ്ങൾക്ക് നൽകിയിരിക്കുന്നത്.
ലോസ് ആഞ്ചൽസിൽ കാർഡിയോ സർജനായ ശ്രീറാം മാധവ് നേനേയെ 1999ൽ ആണ് മാധുരി വിവാഹം കഴിച്ചത്. പതിനെട്ട് വയസുകാരനായ അരിനും പതിനാറുകാരനായ റിയാനും മക്കളാണ്.2008-ൽ രാജ്യം പത്മശ്രീ പുരസ്കാരം നൽകി മാധുരിയെ ആദരിച്ചു. മികച്ച നടിക്കുള്ള ഫിലിം ഫെയർ അവാർഡ് നിരവധി തവണ നേടിയിട്ടുള്ള മാധുരി 2019ൽ ഒടുവിലഭിനയിച്ച കളങ്ക് എന്ന ചിത്രത്തിലൂടെ മികച്ച രണ്ടാമത്തെ നടിക്കുള്ള ഫിലിം ഫെയർ അവാർഡും നേടി.