road

തിരുവനന്തപുരം:തമ്പാനൂരിലെ റെയിൽവേ മേൽപാലത്തിന് താഴെ ന്യൂ തിയേറ്ററിന് മുന്നിലായി ഓട പൊട്ടി ഒലിക്കാൻ തുടങ്ങിട്ട് മാസങ്ങളായി. തദ്ദേശ തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ ഈ പ്രശ്നം നിലനിൽക്കുകയാണ്. എന്നാൽ പരിഹാരം കാണാൻ അധികൃതർ തയ്യാറായില്ല. ഇന്നലെ പെയ്ത മഴയിൽ മാലിന്യ പ്രശ്നം കൂടുതൽ രൂക്ഷമായി. മാലിന്യം ഒഴുകിയെത്തി ഓടകള്‍ അടഞ്ഞതിനെ തുടര്‍ന്ന് പലസ്ഥലത്തും വെള്ളക്കെട്ട് രൂപപ്പെട്ടു. ഇതിന് കാരണം അധികൃതരുടെ അനാസ്ഥയിൽ പ്രതിഷേധിച്ച് രണ്ട് യുവാക്കള്‍ രംഗത്ത് വന്നു. പക്ഷേ ഇവരുടെ സമര മാര്‍ഗം ജനങ്ങളെ നട്ടംതിരിച്ചു.

തമ്പാനൂര്‍ റെയില്‍വേ മേല്‍പാലത്തിന് മുകളില്‍ പായ വിരിച്ച് സമരം ചെയ്ത യുവാക്കള്‍ വന്‍ ഗതാഗത കുരുക്ക് സൃഷ്ടിച്ചു. ഇതോടെ തമ്പാനൂര്‍ പൊലീസ് ഇവരെ അറസ്റ്റു ചെയ്തു നീക്കി. തിരുവനന്തപുരം സ്വദേശികളായ വിജി മോന്‍ (38) അജു (27) എന്നിവരാണ് സമരം ചെയ്തത്. മേയര്‍ എത്തി പ്രശ്‌നത്തിന് ശാശ്വത പരിഹാരം ഉറപ്പു നല്‍കിയാല്‍ സമരം അവസാനിപ്പിക്കാമെന്നാണ് യുവാക്കള്‍ പറഞ്ഞത്. എന്നാല്‍ ഇതിനൊന്നും കാത്തു നില്‍ക്കാതെ യുവാക്കളെ അവിടെ നിന്നും മാറ്റി ഗതാഗത കുരുക്ക് ഒഴിവാക്കാനാണ് പൊലീസ് ശ്രമിച്ചത്. തമ്പാനൂര്‍ പൊലീസ് സ്റ്റേഷനില്‍ എത്തിച്ച യുവാക്കള്‍ക്കെതിരെ പൊതുഗതാഗതം തടസ്സപ്പെടുത്തിയതിന് കേസ് രജിസ്റ്റര്‍ ചെയ്തു. എന്നാല്‍ നഗരസഭാ അധികൃതര്‍ സമരത്തിനോട് ഇതുവരെയും പ്രതികരിച്ചിട്ടില്ല.

നല്ലൊരു മഴ പെയ്താല്‍ പിന്നെ തലസ്ഥാന നഗരത്തിന്റെ ഹൃദയമായ തമ്പാനൂര്‍ വെള്ളത്തിന് അടിയിലാണ്. ഓപ്പറേഷന്‍ അനന്ത ഉള്‍പ്പെടെയുള്ള പദ്ധതികള്‍ നഗരത്തിലെ വെള്ളക്കെട്ട് പരിഹരിക്കാന്‍ രൂപം നല്‍കിയെങ്കിലും ഇപ്പോഴും അവസ്ഥ അതുതന്നെ. അതേസമയം ഇന്നലെ മാലിന്യം നിറഞ്ഞ് അടഞ്ഞ ഓടകള്‍ വൃത്തിയാക്കാന്‍ നഗരസഭ നടപടി സ്വീകരിച്ചിട്ടുണ്ട്.