sabari

ശബരിമല: ഇന്ന് പുലർച്ചെ അഞ്ച് മുതലാണ് ശബരിമല സന്നിധാനത്ത് വിഷുക്കണി ദർശനം. ഇന്നലെ അത്താഴപൂജയ്ക്ക് ശേഷം മേൽശാന്തി വി. കെ. ജയരാജ് പോറ്റിയാണ് ശ്രീകോവിലിൽ കണിയൊരുക്കിയത്. ഒാട്ടുരുളിയിൽ ഫലവർഗങ്ങൾ, വാൽക്കണ്ണാടി, പുതുവസ്ത്രം, സ്വർണം, നാണയങ്ങൾ, ചക്ക, കണിക്കൊന്നപ്പൂവ് തുടങ്ങിയവയാണ് ഒരുക്കിയത്. ഇന്ന് പുലർച്ചെ നടതുറന്ന് അയ്യപ്പസ്വാമിയെ കണികാണിച്ചശേഷമാണ് ഭക്തർക്ക് ദർശനം. ഇന്നലെ രാത്രിയിൽ സന്നിധാനത്ത് ഭക്തരെ തങ്ങാൻ അനുവദിച്ചില്ല. വെർച്വൽ ക്യൂവിലൂടെ ദർശനത്തിന് അനുമതി ലഭിച്ചവർക്കാണ് ഇന്ന് പ്രവേശനം. ആറരവരെയാണ് കണിദർശനം. കൊവിഡ് നിയന്ത്രണങ്ങൾ കാരണം പതിനായിരം പേർക്ക് മാത്രമാണ് വിഷു ഉത്സവത്തിന് പ്രതിദിനം ദർശനം അനുവദിക്കുന്നത്.