covid

തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ടാംഘട്ട രോഗ വ്യാപനം ശക്തമായിരിക്കെ രോഗനിയന്ത്രണത്തിനുളള മാര്‍ഗങ്ങളുമായി ബന്ധപ്പെട്ട കോര്‍ കമ്മിറ്റി യോഗത്തിലെ നിര്‍ദ്ദേശങ്ങള്‍ ഉത്തരവായി പുറത്തിറങ്ങി. മുഖ്യമന്ത്രിയുടെ അംഗീകാരത്തോടെ ചീഫ് സെക്രട്ടറിയാണ് ഉത്തരവ് പുറത്തിറക്കിയത്.

സംസ്ഥാനത്ത് പൊതു ചടങ്ങുകളില്‍ നിയന്ത്രണമുണ്ട്. കെട്ടിടങ്ങൾക്കുള്ളിൽ നടക്കുന്ന പരിപാടികളില്‍ പരമാവധി 100 പേര്‍ക്കും തുറസായ സ്ഥലങ്ങളിൽ നടക്കുന്ന പരിപാടികളില്‍ 200 പേര്‍ക്കും മാത്രമേ പങ്കെടുക്കാവും. ഇതിലും അധികം ആളുകള്‍ പങ്കെടുക്കുന്നുവെങ്കില്‍ അവരുടെ കൈവശം 72 മണിക്കൂര്‍ മുമ്പ് എടുത്ത ആര്‍ടിപിസിആര്‍ ടെസ്റ്റ് നെഗറ്റീസ് സര്‍ട്ടിഫിക്കറ്റോ വാക്‌സിനേഷന്‍ സ്വീകരിച്ച രേഖയോ ഉണ്ടോ എന്ന് സംഘാടകര്‍ ഉറപ്പു വരുത്തണം. ചടങ്ങുകള്‍ പരമാവധി രണ്ട് മണിക്കൂര്‍ നേരമേ പാടുളളൂ, ഹോട്ടലുകളടക്കം കടകള്‍ രാത്രി ഒന്‍പത് മണിക്ക് മുന്‍പ് അടക്കണം. ഹോട്ടലുകളില്‍ 50 ശതമാനം ആളുകളെ മാത്രമേ പ്രവേശിപ്പിക്കാവൂ, ബസുകളിലും ട്രെയിനുകളിലും നിന്നുകൊണ്ടുളള യാത്ര ഒഴിവാക്കണം, ബസില്‍ ആളുകളെ കുത്തിനിറച്ച് യാത്ര ചെയ്താല്‍ നടപടിയെടുക്കും, യാത്രാ തിരക്ക് ഒഴിവാക്കാന്‍ മോട്ടോര്‍ വാഹന പരിശോധനയുണ്ടാകുമെന്നും ഉത്തരവില്‍ പറയുന്നു.

ഇഫ്താര്‍ വിരുന്നുകളില്‍ സാമൂഹിക അകലം ഉറപ്പു വരുത്തണം, അത്യാവശ്യമില്ലാത്ത യോഗങ്ങള്‍ മൂന്നാഴ്ചത്തേക്ക് നീട്ടിവയ്ക്കണം, ടെലി ഡോക്ടര്‍ സംവിധാനം ഏര്‍പ്പെടുത്തണം, നിത്യോപയോഗ സാധനങ്ങള്‍ വീട്ടിലെത്തിക്കാന്‍ ഓണ്‍ലൈന്‍ സംവിധാനമുണ്ടാകും. ഇതിന് സപ്‌ളൈക്കോയും ഹോര്‍ട്ടികോര്‍പ്പും അടക്കം സഹകരിക്കുന്ന സംവിധാനം വേണം. എല്ലാ ജില്ലകളിലും മതിയായ അളവില്‍ ഐസിയു കിടക്കകള്‍, ആര്‍ടിപിസിആര്‍ പരിശോധന പരമാവധി വര്‍ദ്ധിപ്പിക്കുക, വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ തിരക്ക് നിയന്ത്രണവിധേയമാക്കുക എന്നീ നിര്‍ദേശങ്ങളും ഉത്തരവിലുള്ളത്.