₹10.71 ലക്ഷം കോടി : 2020-21ലെ കേന്ദ്ര പരോക്ഷ നികുതി വരുമാനം; വർദ്ധന 9%
₹9.45 ലക്ഷം കോടി : കഴിഞ്ഞ സമ്പദ്‌വർഷത്തെ അറ്റ പ്രത്യക്ഷ നികുതി വരുമാനം; വർദ്ധന 5%
ന്യൂഡൽഹി: അറ്റ പ്രത്യക്ഷ നികുതി വരുമാനത്തിന് പിന്നാലെ കേന്ദ്രസർക്കാരിന്റെ പരോക്ഷ നികുതി വരുമാനവും 2020-21 സാമ്പത്തിക വർഷത്തിലെ പുതുക്കിയ ലക്ഷ്യം മറികടന്നു. കസ്‌റ്റംസ് നികുതി, ജി.എസ്.ടി തുടങ്ങിയവ ഉൾപ്പെടുന്ന പരോക്ഷ നികുതി വരുമാനം 2019-20ലെ 9.54 ലക്ഷം കോടി രൂപയെ അപേക്ഷിച്ച് 10.71 ലക്ഷം കോടി രൂപയായാണ് വർദ്ധിച്ചതെന്ന് ധനമന്ത്രാലയം വ്യക്തമാക്കി. വാർഷികാടിസ്ഥാനത്തിൽ 12.3 ശതമാനവും പുതുക്കിയ ബഡ്‌ജറ്റ് ലക്ഷ്യത്തെ അപേക്ഷിച്ച് ഒമ്പത് ശതമാനവും അധികമാണിത്.
9.89 ലക്ഷം കോടി രൂപ പരോക്ഷ നികുതിയിനത്തിൽ നേടുകയായിരുന്നു ബഡ്‌ജറ്റിൽ കേന്ദ്രത്തിന്റെ പുതുക്കിയ ലക്ഷ്യം. ഇതിന്റെ 108.2 ശതമാനം സമാഹരിക്കാൻ കേന്ദ്രത്തിന് കഴിഞ്ഞു. കസ‌്റ്റംസ് നികുതിയിനത്തിൽ സമാഹരിച്ചത് 21 ശതമാനം വർദ്ധനയോടെ 1.32 ലക്ഷം കോടി രൂപയാണ്. 2019-20ൽ ഇത് 1.09 ലക്ഷം കോടി രൂപയായിരുന്നു. കേന്ദ്ര എക്‌സൈസ്, സേവന നികുതിയുടെ കുടിശിക ഇനത്തിൽ 3.91 ലക്ഷം കോടി രൂപ കേന്ദ്രം നേടി. മുൻവർഷത്തെ 2.45 ലക്ഷം കോടി രൂപയേക്കാൾ 59 ശതമാനമാണ് വർദ്ധന.
അതേസമയം, ജി.എസ്.ടി സമാഹരണം 5.99 ലക്ഷം കോടി രൂപയിൽ നിന്ന് 5.48 ലക്ഷം കോടി രൂപയായി കുറഞ്ഞു; നഷ്‌ടം എട്ട് ശതമാനം. എന്നാൽ, പുതുക്കിയ ലക്ഷ്യമായ 5.15 ലക്ഷം കോടി രൂപയുടെ 108 ശതമാനമാണിത്. കഴിഞ്ഞ സാമ്പത്തിക വർഷത്തിന്റെ ആദ്യ പകുതിയിലാണ് കൊവിഡ് മൂലം ജി.എസ്.ടി വരുമാനം കൂപ്പുകുത്തിയത്. പിന്നീട്, മെല്ലെ കരകയറിയ സമാഹരണം, മാർച്ചിൽ 1.24 ലക്ഷം കോടി രൂപയെന്ന എക്കാലത്തെയും ഉയരത്തിലുമെത്തി.
കേന്ദ്രത്തിന്റെ അറ്റ പ്രത്യക്ഷ നികുതി വരുമാനം കഴിഞ്ഞവർഷം പുതുക്കിയ ലക്ഷ്യത്തിന്റെ അഞ്ച് ശതമാനം ഉയർന്ന് 9.45 ലക്ഷം കോടി രൂപയിൽ എത്തിയിരുന്നു. പുതുക്കിയ ലക്ഷ്യമായ 9.05 ലക്ഷം കോടി രൂപയുടെ 104.56 ശതമാനമാണ് സമാഹരിച്ചത്.
'ഇന്ധന നികുതിയിളവ്
ഉചിതമായ സമയത്ത്"
പെട്രോൾ, ഡീസൽ എക്‌സൈസ് നികുതി ഉചിതമായ സമയത്ത് കുറയ്ക്കുമെന്ന് കേന്ദ്ര പരോക്ഷ, കസ്‌റ്റംസ് നികുതി ബോർഡ് ചെയർമാൻ എം. അജിത് കുമാർ പറഞ്ഞു. പെട്രോളിന് 32.90 രൂപയും ഡീസലിന് 31.80 രൂപയുമാണ് എക്‌സൈസ് നികുതി. പെട്രോൾ റീട്ടെയിൽ വിലയുടെ 36 ശതമാനവും ഡീസൽ വിലയുടെ 39 ശതമാനവും കേന്ദ്ര എക്‌സൈസ് നികുതിയാണ്.